ആഴക്കടലിൽ പോത്ത്; സാഹസികമായി രക്ഷിച്ച് തൊഴിലാളികൾ
text_fieldsകോഴിക്കോട്: രാത്രി ദിശ തെറ്റി ആഴക്കടലിൽ പെട്ട പോത്തിനെ സാഹസികമായി തൊഴിലാളികൾ രക്ഷിച്ചു. വ്യാഴാഴ്ച പുലർച്ച രണ്ടോടെ നൈനാംവളപ്പ് തീരത്ത് നിന്ന് എട്ട് കിലോമീറ്റർ അകലെ പുറംകടലിലേക്ക് അവശനിലയിൽ നീന്തുന്ന അവസ്ഥയിലാണ് തൊഴിലാളികൾ പോത്തിനെ കണ്ടത്. കോതി അഴിമുഖത്ത് നിന്ന് മീൻ പിടിക്കാൻ പുറപ്പെട്ട അറഫ, സാല റിസ എന്നീ രണ്ട് ഫൈബർ വള്ളത്തിലെ തൊഴിലാളികളായ എ.ടി. റാസി, എ.ടി. ഫിറോസ്, എ.ടി. സക്കീർ, എ.ടി. ദിൽഷാദ് എന്നിവർ ചേർന്ന് മണിക്കൂറുകൾ പണിപ്പെട്ടാണ് രക്ഷിച്ചത്.
കടലിൽ അസാധാരണ ശബ്ദംകേട്ട് നോക്കുമ്പോഴാണ് പോത്തിനെ കണ്ടത്. ശ്വാസം കിട്ടാതെ ചാവുമെന്ന നിലയിലായപ്പോൾ മീൻപിടിത്തം നിർത്തി രക്ഷാ പ്രവർത്തനത്തിനിറങ്ങുകയായിരുന്നു. അവശനായ പോത്ത് കടലിൽ മുങ്ങാതിരിക്കാൻ രണ്ട് കാനുകൾ തൊഴിലാളികളിലൊരാൾ ജീവൻ പണയം വെച്ച് പോത്തിന്റെ ശരീരത്തിൽ കെട്ടുകയായിരുന്നു. പതുക്കെ നീന്തിച്ചുകൊണ്ട് വന്ന് കരക്ക് എത്തിച്ചു.
കോതി അഴിമുഖത്ത് എത്തുമ്പോൾ രാവിലെ എട്ട് മണി കഴിഞ്ഞിരുന്നു. വൈകുന്നേരം വിവരമറിഞ്ഞ് ഉടമ വന്ന് പോത്തിനെ കൊണ്ടുപോയി.
കുറ്റിച്ചിറയിലെ വീട്ടിൽ പോറ്റുന്ന പോത്ത് കഴിഞ്ഞ ദിവസം ഉച്ചക്ക് കയർ അഴിഞ്ഞ് കടപ്പുറത്തേക്ക് ഓടിപ്പോവുകയായിരുന്നു. കടലിൽ ഇവ ഇറങ്ങുന്നത് അപൂർവമല്ലെങ്കിലും സാധാരണ ഇവക്ക് ദിശതെറ്റാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.