കെട്ടിടനമ്പർ തട്ടിപ്പ്: പ്രതികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
text_fieldsകോഴിക്കോട്: ജീവനക്കാരുടെ പാസ്വേഡടക്കം ലോഗിൻ വിവരങ്ങൾ ദുരുപയോഗപ്പെടുത്തി അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയെന്ന കേസിൽ അറസ്റ്റിലായ കോർപറേഷൻ ജീവനക്കാരുടെ ജാമ്യാപേക്ഷകൾ കോടതി തിങ്കളാഴ്ച പരിഗണിക്കും.
കോർപറേഷൻ കെട്ടിട നികുതി വിഭാഗം ക്ലർക്ക് ചേവരമ്പലം പൊന്നോത്ത് എൻ.പി. സുരേഷ് (56), കോർപറേഷൻ തൊഴിൽ നികുതി വിഭാഗത്തിലെ ക്ലർക്ക് വേങ്ങേരി അനിൽകുമാർ മഠത്തിൽ (52) എന്നിവരുടെ ജാമ്യാപേക്ഷ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയും റിമാൻഡിലുള്ള മറ്റ് നാല് പ്രതികളുടെ ജാമ്യാപേക്ഷ ജില്ല സെഷൻസ് കോടതിയുമാണ് പരിഗണിക്കുന്നത്. പൊലീസ് റിപ്പോർട്ട് നൽകാനും കൂടുതൽ വാദം കേൾക്കാനുമാണ് കേസ് തിങ്കളാഴ്ചക്ക് മാറ്റിയത്.
ജീവനക്കാർ 13ന് പണിമുടക്കും
കോർപറേഷൻ കെട്ടിടനമ്പർ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ ജീവനക്കാരുടെ തീരുമാനം. ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതിന്റെ ഭാഗമായി ജീവനക്കാർ സംയുക്തസമരസമിതി നേതൃത്വത്തിൽ 13ന് സൂചന പണിമുടക്ക് നടത്തും. അതിനു ശേഷം അനിശ്ചിതകാല സമരമടക്കം തുടങ്ങാനാണ് തീരുമാനം.
അന്വേഷണം വഴിതിരിച്ചുവിടാൻ നോക്കുന്നത് ഭരണസമിതി –യു.ഡി.എഫ്
കോഴിക്കോട്: കോർപറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പിലെ അന്വേഷണം വഴിതിരിച്ചുവിടാൻ നോക്കുന്നത് സെക്രട്ടറിയെ മുന്നിൽ നിർത്തി ഭരണസമിതിയാണെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി.
ഡിസംബറിലും മാർച്ചിലും മുൻ ഡെപ്യൂട്ടി സെക്രട്ടറി അച്യുതൻ നൽകിയ പരാതി അവഗണിച്ചത് എന്തിനാണെന്നും ഭരണസമിതിയെയും പൊലീസിനെയും അറിയിക്കാൻ അദ്ദേഹം രേഖാമൂലം സെക്രട്ടറിക്ക് കുറിപ്പ് നൽകിയിട്ടും നടപടി സ്വീകരിക്കാത്തതെന്തെന്നും വ്യക്തമാക്കണം.
236 അനധികൃത നമ്പർ നൽകിയത് തന്റെ ലോഗിനും ഡിജിറ്റൽ സിഗ്നേച്ചറും ഉപയോഗിച്ചാണെന്ന് റവന്യൂ ഓഫിസർ പി.വി. ശ്രീനിവാസൻ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. 2019 മുതലുള്ള കെട്ടിട നമ്പർ പുനഃപരിശോധിക്കണം. യു.ഡി.എഫ് -ബി.ജെ.പി ബന്ധം ആരോപിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കേണ്ടെന്നും യോഗം മുന്നറിയിപ്പ് നൽകി. കെ.സി. ശോഭിത അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.