കെട്ടിട നമ്പർ തട്ടിപ്പ്; നടപടി ആവശ്യപ്പെട്ട് സർക്കാറിനെ സമീപിക്കാൻ കോർപറേഷൻ
text_fieldsകോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര പ്രശ്ന പരിഹാരത്തിനായി സംസ്ഥാന സർക്കാറിനെ സമീപിക്കാൻ കോർപറേഷൻ കൗൺസിൽ ഐകകണ്ഠ്യേന തീരുമാനിച്ചു. വിഷയത്തിൽ സർവകക്ഷി സംഘം മുഖ്യമന്ത്രിയെ കാണാനും തീരുമാനമായി. പ്രശ്നം അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണിത്. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് റവന്യൂ വിഭാഗം സെക്ഷൻ ക്ലർക്കുമാരെ സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും ഒന്നര വർഷമായി കേസിൽ കുറ്റപത്രം സമർപ്പിക്കാതിരുന്നതിനാൽ ഇവരെ സർവിസിൽ തിരികെ പ്രവേശിപ്പിക്കാൻ ഹൈകോടതി ഉത്തരവ് നൽകിയിരുന്നു.
മുഖം നോക്കാതെ സത്യസന്ധമായാണ് കോർപറേഷൻ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചതെന്നും തങ്ങൾ ഒന്നും പൂഴ്ത്തിവെക്കാൻ ശ്രമിച്ചിട്ടില്ലെന്നും മേയർ ഡോ. ബീന ഫിലിപ് പറഞ്ഞു. പ്രധാനപ്പെട്ട സംഘടന നേതാക്കൾക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു.എന്നാൽ, സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ പാളിച്ചകൊണ്ടാണ് ഉദ്യോഗസ്ഥർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാനായതെന്ന് പ്രതിപക്ഷം ആരോപിച്ചു.
വിഷയത്തിൽ ആദ്യഘട്ടത്തിൽ നാലായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും പിന്നീടത് സ്ക്വാഡിന്റെ രൂപവത്കരണത്തോടെ 200 കേസുകളായി മാറിയത് എങ്ങനെയാണെന്നായിരുന്നു ബി.ജെ.പി കൗൺസിലറുടെ സംശയം. ഈ കൗൺസിലിന്റെ കാലത്തുണ്ടായ ഏറ്റവും വലിയ മാനക്കേടായിരുന്നു ഈ കേസെന്നും 75 കൗൺസിലർമാർക്കും അപമാനമാണെന്നും ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുന്നതിനു മുമ്പ് പ്രതിപക്ഷവുമായി കൂടിയാലോചിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത കുറ്റപ്പെടുത്തി.
എന്നാൽ, വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ഈ കൗൺസിലിന്റെ കാലാവധി കഴിയുന്നതിന് മുമ്പ് പരിഹരിക്കുകയും ചെയ്യുന്നതിനായി സംസ്ഥാന സർക്കാറിനെ സമീപിക്കുന്ന കാര്യത്തിൽ എതിരഭിപ്രായമില്ലെന്നും സർവകക്ഷി സംഘം മുഖ്യമന്ത്രിയെ സന്ദർശിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. ഇതോടെ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിനായി സംസ്ഥാന സർക്കാറിനെ സമീപിക്കാൻ കൗൺസിൽ ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു.
ലഹരി എന്ന മഹാവിപത്തിനെതിരെ കെ. മൊയ്തീൻകോയ അടിയന്തര പ്രമേയം അവതരിപ്പിച്ചു. ലഹരിക്കെതിരെ ഒറ്റക്കെട്ടായി നീങ്ങാൻ കൗൺസിൽ യോഗം തീരുമാനമെടുത്തു. തളിയിലെ നൗഷാദ് പാർക്ക് സംരക്ഷിക്കണമെന്ന് പി.കെ. നാസർ ശ്രദ്ധക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടു. വാഗ്ഭടാനന്ദ പാർക്ക്, മാനാഞ്ചിറ ഉൾപ്പടെയുള്ളവ സംരക്ഷിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. പുതിയ സ്റ്റാൻഡിലെ കേടായ എസ്കലേറ്റർ എത്രയും വേഗം ശരിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
ടാഗോർ ഹാളിലെ ചരിത്രപ്രാധാന്യമുള്ള വസ്തുക്കൾ സംരക്ഷിക്കാനും പ്രൊജക്ടർ അടക്കമുള്ളവ പ്രദർശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും കെ. മൊയ്തീൻ കോയ ശ്രദ്ധക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടു. ഇവ ക്രെയിനുപയോഗിച്ച് മാറ്റി ടാഗോർ ഹാൾ പുതുക്കി നിർമിച്ചതിനുശേഷം പ്രദർശിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് മേയർ ഉറപ്പ് നൽകി. ഓവുചാലിൽ വീണ് കോവൂർ സ്വദേശി കൊല്ലപ്പെട്ട സംഭവങ്ങൾ മഴയും വെള്ളക്കെട്ടും മൂലം വീണ്ടും ദുരന്തം ആവർത്തിക്കാതിരിക്കാൻ ആവശ്യമായി നടപടി സ്വീകരിക്കണമെന്ന് ടി.കെ. ചന്ദ്രൻ ആവശ്യപ്പെട്ടു.
സൗത്ത് ബീച്ചിലെ ലോറി പാർക്കിങ് പ്രശ്നം പരിഹരിക്കാൻ മാരിടൈം ബോർഡും കോർപറേഷനുമായി ചേർന്ന് സ്വകാര്യ പങ്കാളിത്തതോടെയോ അല്ലാതെയോ പാർക്കിങ് പദ്ധതി നടപ്പിലാക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ട്. ഇതിനുവേണ്ടി അവിടെ നിലനിൽക്കുന്ന കെട്ടിടങ്ങൾ മാറ്റിസ്ഥാപിക്കുന്നതിന് ആവശ്യമായ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാനും തീരുമാനമായി.
എസ്.കെ. അബൂബക്കർ, എം.സി. അനിൽകുമാർ, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ബിജുലാൽ, സി.എം. ജഷീർ, സി.എസ്. സത്യഭാമ, നവ്യ ഹരിദാസ്, പി.പി. മനോജ്, നിഖിൽ, കെ. റംലത്ത്, എം.സി. മോയിൻകുട്ടി, സുധാമണി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.