കെട്ടിട നമ്പർ തട്ടിപ്പ്; വിജിലൻസ് അന്വേഷണത്തിൽ പ്രതീക്ഷ, ആശങ്ക
text_fieldsകോഴിക്കോട്: കോർപറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പ് കേസ് അന്വേഷണം വിജിലൻസിന് കൈമാറുമ്പോൾ ആശങ്കയും ഒപ്പം പ്രതീക്ഷയും. തട്ടിപ്പുമായി ബന്ധപ്പെട്ട് അഴിമതി വിരുദ്ധ നിയമം ചുമത്തി വിജിലൻസ് അന്വേഷിക്കുമ്പോൾ കൂടുതൽ സമഗ്രമാവുമെന്നതിലാണ് പ്രതീക്ഷ. എന്നാൽ, വിജിലൻസാവുമ്പോൾ അന്വേഷണത്തിന്റെ വേഗത്തെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്.
നൂറുകണക്കിന് കെട്ടിടങ്ങളിൽ തട്ടിപ്പ് നടന്നതിനാൽ സമഗ്രമായ അന്വേഷണം ലക്ഷ്യമിട്ടാണ് വിജിലൻസിന് കേസ് കൈമാറണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് മേധാവി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയത്. പാതിവഴിയിൽ അന്വേഷണ സംഘം മാറുമ്പോഴുള്ള സാങ്കേതിക പ്രശ്നങ്ങൾ കാലതാമസമുണ്ടാക്കിയേക്കും. കോർപറേഷൻ സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത്. നാലു ദിവസത്തിനകം ആദ്യ കേസിൽ രണ്ടു കോർപറേഷൻ ഉദ്യോഗസ്ഥരെയും ഒരു വിരമിച്ച ഉദ്യോഗസ്ഥനെയും ഇടനിലക്കാരെയും കെട്ടിട ഉടമയെയും പിടികൂടി. ഉദ്യോഗസ്ഥരെ കോർപറേഷൻ ഓഫിസിൽ എത്തിച്ച് തെളിവെടുപ്പും പൂർത്തിയാക്കി.
ആറു കെട്ടിടങ്ങൾക്ക് അനധികൃതമായി കെട്ടിട നമ്പർ നൽകിയെന്നായിരുന്നു പരാതിയെങ്കിലും കൂടുതൽ കെട്ടിടങ്ങൾക്ക് ഇത്തരത്തിൽ കെട്ടിട നമ്പർ കിട്ടിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആദ്യ കേസ് പൂർത്തിയാകാനായെങ്കിലും മറ്റ് കേസുകളിലേക്ക് അന്വേഷണം നീങ്ങിയിട്ടില്ല. സഞ്ചയ സോഫ്റ്റ് വെയറിലെ ഉദ്യോഗസ്ഥരുടെ പാസ് വേഡ് ദുരുപയോഗം ചെയ്താണ് തട്ടിപ്പ്. കൂടുതൽ കേസ് വരുമ്പോൾ അന്വേഷിക്കാനുള്ള പരിമിതി വ്യക്തമാക്കിയാണ് ഡി.ജി.പിക്ക് കമീഷണർ റിപ്പോർട്ട് നൽകുക. അന്വേഷണ സംഘവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
വ്യാജരേഖ ചമക്കൽ, ഐ.ടി ആക്ടിലെ വിവിധ വകുപ്പുകൾ, വഞ്ചന എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായും ഓഫിസ് ദുരുപയോഗം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. സർക്കാർ പദവിയും ഓഫിസും ദുരുപയോഗിച്ച് ജീവനക്കാർ നേട്ടമുണ്ടാക്കിയെന്ന് വ്യക്തമായതിനാൽ പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമ വകുപ്പുകൾ ചുമത്തേണ്ടിവരുമെന്ന് തുടക്കത്തിൽ തന്നെ വ്യക്തമായിരുന്നു.
ഈ നിയമപ്രകാരമുള്ള കേസ് വിജിലൻസ് പ്രത്യേക കോടതിയുടെ പരിഗണനയിലേക്ക് മാറും. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയും പ്രത്യേക കോടതിയുമാവും പിന്നെ കേസ് കൈകാര്യം ചെയ്യുക. സി.ഐയോ അതിനു മുകളിലോ ഉള്ളയാൾ അന്വേഷിച്ച ഏത് കേസും ആവശ്യമാണെന്നു തോന്നിയാൽ വിജിലൻസിന് കൈമാറാം. കോർപറേഷൻ ഓഫിസിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നു കരുതുന്നതിനാൽ സമഗ്ര അന്വേഷണത്തിന് വിജിലൻസിനെ ഏൽപിക്കുന്നതാണ് നല്ലതെന്നാണ് വിലയിരുത്തൽ.
കെട്ടിട നമ്പർ തട്ടിപ്പ് കേസിൽ അറസ്റ്റുൾപ്പെടെ നടപടികളുണ്ടായ പശ്ചാത്തലത്തിൽ വിജിലൻസ് കഴിഞ്ഞ 27ന് കോർപറേഷൻ ഓഫിസിൽ പരിശോധന നടത്തിയിരുന്നു. തട്ടിപ്പ് കണ്ടെത്തിയ റവന്യൂ വിഭാഗത്തിലാണ് പരിശോധന നടന്നത്. കോഴിക്കോട് യൂനിറ്റ് സി.ഐ ഉല്ലാസ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രാഥമിക പരിശോധന. തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലൻസിൽ നേരത്തേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.