കെട്ടിട നമ്പർ ക്രമക്കേട്; കോർപറേഷൻ ഓഫിസിൽ രാത്രിവരെ പൊലീസ് പരിശോധന
text_fieldsകോഴിക്കോട്: ജീവനക്കാരുടെ പാസ്വേഡടക്കം ലോഗിൻ വിവരങ്ങൾ ദുരുപയോഗപ്പെടുത്തി അനധികൃതമായി കെട്ടിടങ്ങൾക്ക് അനുമതി നൽകിയെന്ന കേസിൽ അറസ്റ്റിലായ കോർപറേഷൻ ജീവനക്കാർ അടക്കമുള്ള പ്രതികൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മുഴുവൻ പ്രതികളെയും കണ്ടെത്താൻ തുടരന്വേഷണം അനിവാര്യമാണ്. ഇതിന്റെ ഭാഗമായി അന്വേഷണസംഘം കോർപറേഷൻ ഓഫിസിൽ പരിശോധന നടത്തി.
പകൽ 12ന് തുടങ്ങിയ പരിശോധന രാത്രി ഏഴുവരെ നീണ്ടു. 11 ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. ഇതോടെ മൊത്തം 19 ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. അനധികൃത നമ്പർ നൽകിയതായി കണ്ടെത്തിയ കാലത്തെ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആറുപേരുടെ ജാമ്യാപേക്ഷ തള്ളി; കെട്ടിട ഉടമക്ക് ജാമ്യം
കോഴിക്കോട്: ഏഴ് പ്രതികളിൽ ആറാളുടെയും ജാമ്യാപേക്ഷ ചീഫ് ജുഡീഷ്യൽ മജിസേ്ട്രേറ്റ് എ. ഫാത്തിമാ ബീവി തള്ളി. കെട്ടിട ഉടമയും മൂന്നാം പ്രതിയുമായ കരിക്കാംകുളം അദിൻ ഹൗസിൽ പി.കെ. അബൂബക്കർ സിദ്ധീഖിന് (54) ജാമ്യമനുവദിക്കുകയുംചെയ്തു. 50,000 രൂപയുടെ രണ്ട് ആൾജാമ്യമാണ് നൽകിയത്.
എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടുകയും വേണം. കോർപറേഷൻ കെട്ടിടനികുതി വിഭാഗം ക്ലർക്ക് ചേവരമ്പലം പൊന്നോത്ത് എൻ.പി. സുരേഷ് (56), കോർപറേഷൻ തൊഴിൽ നികുതി വിഭാഗത്തിലെ ക്ലർക്ക് വേങ്ങേരി അനിൽകുമാർ മഠത്തിൽ (52), ഇടനിലക്കാരനും ടൗൺ പ്ലാനിങ് വിഭാഗത്തിൽനിന്ന് വിരമിച്ചയാളുമായ ഫാറൂഖ് കോളജ് കാരാട്പറമ്പ് പൊന്നേംപാടം പുന്നത്ത് പാറക്കണ്ടി പി.സി.കെ. രാജൻ (61), ഇടനിലക്കാരനായിനിന്ന എജന്റുമാരായ തടമ്പാട്ട് താഴം അസിൻ ഹൗസിൽ പി.കെ. ഫൈസൽ അഹമ്മദ് (51), പൊറ്റമ്മൽ മാപ്പിളക്കണ്ടി ഇ.കെ. മുഹമ്മദ് ജിഫ്രി (50), കരുവിശ്ശേരി സി.പി ബിൽഡിങ്ങിൽ അമാനത്ത് ഹൗസിൽ എം. യാഷിർ അലി (45) എന്നിവരുടെ ജാമ്യാപേക്ഷകളാണ് തള്ളിയത്.
ഒന്നും രണ്ടും പ്രതികളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ അസി. പൊലീസ് കമീഷണർ എ.എം. സിദ്ദീഖ് നൽകിയ അപേക്ഷ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഒന്നാംപ്രതി അനിൽകുമാറും രണ്ടാം പ്രതി സുരേഷും മറ്റ് പ്രതികളും ഗൂഢാലോചന നടത്തി നാലുലക്ഷം രൂപ വാങ്ങി ക്രമക്കേട് നടത്തിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.