ബുള്ളറ്റ് മോഷ്ടാവ് പിടിയിൽ
text_fieldsകോഴിക്കോട്: സിനിമ തിയറ്ററിനടുത്തുള്ള പാർക്കിങ്ങിൽനിന്ന് ബുള്ളറ്റ് മോഷ്ടിച്ചയാൾ പിടിയിൽ. നിരവധി മോഷണക്കേസുകളിൽ പ്രതിയായ വാവാട് സ്വദേശി ഫസലുദ്ദീൻ തങ്ങൾ (28) ആണ് അറസ്റ്റിലായത്. ടൗൺ അസി. കമീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ആഗസ്റ്റ് 18ന് രാത്രി അപ്സര തിയറ്ററിനു പിറകിലുള്ള പാർക്കിങ്ങിൽ നിർത്തിയിട്ട ബുള്ളറ്റാണിയാൾ കവർന്നത്. ബുള്ളറ്റ് കുടിൽതോടുള്ള രഹസ്യകേന്ദ്രത്തിൽ ഒളിപ്പിച്ചശേഷം പ്രതി വയനാട്ടിലേക്ക് കടക്കുകയായിരുന്നു. പിന്നീട് ബുള്ളറ്റ് രഹസ്യകേന്ദ്രത്തിൽനിന്നും മാറ്റാനിയാൾ നഗരത്തിലെത്തിയെങ്കിലും വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തെന്നറിഞ്ഞതോടെ മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ചെയ്ത് കർണാടക അതിർത്തിയിൽ രഹസ്യമായി താമസിച്ചുവരുകയായിരുന്നു.
അന്വേഷണത്തിനിടെ വാവാട്, താമരശ്ശേരി, അടിവാരം ഭാഗങ്ങളിൽ രാത്രിയിൽ പ്രതിയെ കണ്ടതായി സിറ്റി ക്രൈം സ്ക്വാഡിന് വിവരം ലഭിച്ചെങ്കിലും പൊലീസ് എത്തുമ്പോഴേക്കും രക്ഷപ്പെട്ടു. തുടർന്ന് താമരശ്ശേരിയിൽ റിയൽ എസ്റ്റേറ്റ് ഏജൻറുമാരായി തങ്ങിയ ക്രൈം സ്ക്വാഡ് പ്രതി വാവാട് എത്തിയപ്പോൾ പിടികൂടുകയായിരുന്നു.
ടൗൺ സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ, അസി. സബ് ഇൻസ്പെക്ടർ ഇ. ബാബു, സീനിയർ സി.പി.ഒ പി. സജേഷ് കുമാർ, സി.പി.ഒമാരായ പി.കെ. രതീഷ്, പി. ജിതേന്ദ്രൻ, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.