വെസ്റ്റ്ഹിൽ ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ കൊള്ള
text_fieldsകോഴിക്കോട്: കോർപറേഷൻ അധീനതയിലുള്ള വെസ്റ്റ്ഹിൽ ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിലും കൊള്ള. ശനിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് മരിച്ച തമിഴ്നാട് സ്വദേശി അൻപഴകെൻറ മൃതദേഹം സംസ്കരിക്കാൻ ശ്മശാനം നടത്തിപ്പുകാർ ഇൗടാക്കിയത് 5000 രൂപ. ബന്ധുക്കളാരും ഇല്ലാത്ത മൃതദേഹം സന്നദ്ധപ്രവർത്തകരാണ് ശ്മശാനത്തിലേക്ക് അയച്ചത്. 5000 രൂപ കിട്ടിയില്ലെങ്കിൽ സംസ്കരിക്കില്ലെന്ന് പറഞ്ഞ് അധികൃതർ മൃതദേഹം മടക്കി അയക്കാൻ ശ്രമിച്ചു. ഒടുവിൽ അൻപഴകനെ പരിചയമുള്ള തിരൂർ സ്വദേശി പണം ഗൂഗ്ൾപേ വഴി അയച്ചതോെടയാണ് സംസ്കരിക്കാൻ തയാറായത്.
കോഴിക്കോട് കോർപറേഷൻ അധീനതയിലുള്ളതാണെങ്കിലും ശ്മശാനം പരമ്പരാഗതമായി നടത്തുന്നത് സ്വകാര്യ ടീമാണ്. ഇവിടെ അമിതചാർജ് ഈടാക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം നടന്ന കോർപറേഷെൻറ സർവകക്ഷിയോഗത്തിൽ പരാതി ഉയർന്നതാണ്. കോവിഡ് പശ്ചാത്തലത്തിൽ പതിവിലേറെ മൃതദേഹങ്ങളാണ് ഇവിടെ എത്തുന്നത്. ഇതൊരു അവസരമായി ശ്മശാനം നടത്തിപ്പുകാർ ഉപയോഗപ്പെടുത്തുകയാണ് എന്നാണ് പരാതി.
കോർപറേഷൻ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യം ശക്തമാണ്. 2500 രൂപ ചെലവിലാണ് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കാരം നടത്തുന്നത്. കോർപറേഷൻ പരിധിയിലുള്ളവർക്കാണെങ്കിൽ സൗജന്യമാണ്. മഹാമാരിക്കാലത്ത് ഇത്തരം ചൂഷണം അനുവദിക്കാനാവില്ലെന്ന് കോർപറേഷൻ സെക്രട്ടറി ബിനി 'മാധ്യമ'ത്തോടു പറഞ്ഞു. അമിതചാർജിനെതിരായ പരാതി ലഭിച്ചിട്ടുണ്ടെന്നും കുറക്കാൻ നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.