ബസ് ഡ്രൈവർക്ക് മർദനം: വടകര–തൊട്ടിൽപാലം റൂട്ടിൽ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു
text_fieldsവടകര : ബസ് ഡ്രൈവർക്ക് മർദനമേറ്റതിനെത്തുടർന്ന് വടകര -തൊട്ടിൽപ്പാലം റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി. കൂടൽ ബസ് ഡ്രൈവർ പ്രമോദിനാണ് കുറ്റ്യാടി ടൗണിൽ വെച്ച് മർദനമേറ്റത്. ബുധനാഴ്ച്ച വൈകിട്ട് ടൗണിൽ ഗതാഗതക്കുരുക്ക് ഉണ്ടായതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് മർദനത്തിൽ കലാശിച്ചത്. ബസ് തൊഴിലാളികൾക്ക് സംരക്ഷണമാവശ്യപെട്ടാണ് സ്വകാര്യ ബസ് തൊഴിലാളികൾ വ്യാഴാഴ്ച്ച പണിമുടക്ക് നടത്തിയത്.
മിന്നൽ പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. രാവിലെയാണ് പണിമുടക്ക് വിവരം പലരും അറിഞ്ഞത്. തൊട്ടിൽപ്പാലം- വടകര, തൊട്ടിൽപ്പാലം- തലശ്ശേരി, വിലങ്ങാട്- വടകര, വളയം- വടകര തുടങ്ങിയ റൂട്ടുകളിൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ബസ് സർവിസ് ഉണ്ടായിരിക്കില്ലെന്ന് സമൂഹ മാധ്യമങ്ങൾ വഴിയാണ് ആഹ്വാനം ചെയ്തത്. ജോലിക്കിറങ്ങിയവരും വിദ്യാർഥികളടക്കമുള്ള യാത്രക്കാർ വാഹനം ലഭിക്കാതെ നെട്ടോട്ടമോടുകയുണ്ടായി. കെ.എസ്.ആർ.ടി.സി.ബസുകളും സ്വകാര്യ ടാക്സി ജീപ്പുകളുമാണ് യാത്രക്കാർക്ക് ആശ്രയമായത്. കെ.എസ്.ആർ.ടി.സി. കൂടുതൽ ഷെഡ്യൂളുകൾ ആരംഭിച്ചത് ആശ്വാസമായി. ഓണം വിപണി സജീവമായതിനിടെ വൻ തിരക്ക് അനുഭവപ്പെടുന്ന സമയത്ത് അപ്രതീക്ഷിതമായി തൊഴിലാളികൾ പണിമുടക്കിയത് വിമർശനത്തിനിടയാക്കി.
തൊഴിലാളികൾക്ക് നേരെ നടന്ന അക്രമം അപലപനീയമാണെന്നും പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്നും മിന്നൽ പണിമുടക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും ബസ് ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു. പ്രസ്ഥാവനയിൽ പറഞ്ഞു. മിന്നൽ പണിമുടക്കിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.