ഇരിക്കാനാവില്ല; ഇത് 'ബസ് കാത്തുനിൽപ്' കേന്ദ്രങ്ങൾ
text_fieldsകോഴിക്കോട്: മഴ കനത്തതോടെ നഗരത്തിൽ ബസ് കാത്തിരിപ്പ് ദുരിതമായി. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പലതും കൃത്യമായി ഇരിക്കാൻ സംവിധാനമില്ലാതെ 'ബസ് കാത്തുനിൽപ്' കേന്ദ്രങ്ങളായി മാറുകയാണ്. മൊഫ്യൂസൽ ബസ്സ്റ്റാൻഡിന് സമീപമുള്ള രണ്ട് ബസ്ബേകൾ ഒഴികെ യാത്രക്കാർക്ക് സ്വസ്ഥമായി ഇരിക്കാനുള്ള സംവിധാനങ്ങൾ കുറവാണ്.
ഏറ്റവും കൂടുതൽ യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന മാനാഞ്ചിറ എൽ.ഐ.സി ഓഫിസിന് മുന്നിലാണ് ദുരിതം കൂടുതൽ. വയനാട്ടിലേക്കുള്ള ദീർഘദൂര ബസുകൾ ഒഴികെയുള്ളവ ഇതുവഴിയാണ് പോകുന്നത്. സിറ്റി ബസുകൾ മുതൽ കണ്ണൂരിലേക്കും മറ്റുമുള്ള ദീർഘദൂര ബസുകളും കാത്ത് നിരവധി പേർ എല്ലാസമയത്തും ഇവിടെയുണ്ടാകും. എന്നാൽ, സ്വസ്ഥമായി ഇരിക്കാനുള്ള സൗകര്യമില്ല.
ബസുകൾ പലഭാഗത്തായി നിർത്തുന്നതിനാലുള്ള ബുദ്ധിമുട്ട് വേറെയും. റോഡിലിറങ്ങിയാണ് യാത്രക്കാരുടെ നിൽപ്. ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുസമീപം മഴയായാൽ ചളിവെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മിഠായിത്തെരുവിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള ചളിവെള്ളക്കെട്ടിന് പരിഹാരം കാണാൻ കോർപറേഷൻ അധികൃതർ തയാറായിട്ടില്ല.
ക്രിസ്ത്യൻ കോളജ് ഫാത്തിമ ആശുപത്രിക്ക് മുന്നിലുള്ള നഗരത്തിലെ ഏറ്റവും പഴയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ തറയിലേക്ക് മഴ പെയ്താൽ വെള്ളം കയറുന്നതിനാൽ നിൽക്കാൻ പറ്റില്ല.
റോഡ് ഉയർത്തിയപ്പോൾ തറ കുഴിയിലായതാണ് കാരണം. ഇവിടെയും റോഡിലിറങ്ങി നിൽക്കാനാണ് യാത്രക്കാരുടെ വിധി.
അതേസമയം നഗരപാത വികസന പദ്ധതിയിൽ 180 കോടിരൂപ ചെലവിൽ നവീകരിച്ച മൊത്തം 22.5 കിലോമീറ്റർ റോഡുകളിൽ നിശ്ചിത ദൂരത്തിൽ ബസ് വെയ്റ്റിങ് ഷെഡുകളുണ്ടെങ്കിലും ബസ് റൂട്ട് ഇല്ലാത്തതിനാൽ മിക്കതും ഉപയോഗമില്ലാതെ കിടപ്പാണ്. ഇവയിൽ പലതും വെള്ളം ചോർന്ന് നശിക്കാറായ അവസ്ഥയിലാണ്.
നഗരത്തിൽ 262 ആധുനിക ബസ്ബേകൾ പണിയാൻ സൗകര്യമുള്ളതായി കേരള നഗര ഗ്രാമാസൂത്രണ വകുപ്പും എൻ.ഐ.ടി കാലിക്കറ്റും ചേർന്ന് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഗതാഗതക്കുരുക്കും തിരക്കും ഒഴിവാക്കുന്ന വിധം ബസ്ബേ പണിയാനുള്ള സമഗ്ര റിപ്പോർട്ടാണ് കോർപറേഷന് കൈമാറിയതെങ്കിലും കൂടുതൽ നടപടിയായില്ല. വൈഫൈ, എഫ്.എം, ആധുനിക ലൈറ്റ് സംവിധാനങ്ങൾ തുടങ്ങിയവയെല്ലാമായി നഗരത്തിന് ആധുനിക മുഖച്ഛായ നൽകി 2010ൽ ആരംഭിച്ച ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും ഉപയോഗമില്ലാതായിട്ട് ഏറെ നാളായി. പരിപാലന ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജൻസികൾക്ക് ലക്ഷങ്ങൾ പരസ്യയിനത്തിൽ കിട്ടിയിരുന്നു. ലൈറ്റോടുകൂടിയ പരസ്യം സ്ഥാപിക്കുന്നതിന് പകരമായി പരസ്യ ഏജൻസി ബസ്ഷെഡ് പരിചരിക്കണമെന്നായിരുന്നു ധാരണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.