മാവൂർ, എടവണ്ണപ്പാറ റൂട്ടുകളിലെ ബസ് സമരം പിൻവലിച്ചു
text_fieldsമാവൂർ: ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ച് എടവണ്ണപ്പാറ, മാവൂർ റൂട്ടുകളിൽ നടന്ന ബസ് പണിമുടക്ക് പിൻവലിച്ചു. മെഡിക്കൽ കോളജ് അസിസ്റ്റൻറ് പൊലീസ് കമീഷണർ സുദർശനന്റെ സാന്നിധ്യത്തിൽ മാവൂർ പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിലാണ് തിങ്കളാഴ്ച ഉച്ചയോടെ സമരം പിൻവലിച്ചത്. ബസ് ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങൾ പൊലീസ് അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ചർച്ചയിൽ ഡി.ജെ ബസിലെ ഡ്രൈവറെ മർദിച്ചയാൾക്കെതിരെ തിങ്കളാഴ്ച തന്നെ കേസെടുത്ത് അറസ്റ്റ് ചെയ്യുമെന്നും പ്രശ്നമുണ്ടാക്കിയ 15 വിദ്യാർഥികളെ സ്റ്റേഷനിൽ വിളിച്ചുവരുത്തുമെന്നും ഉറപ്പുനൽകി. വിദ്യാർഥികൾ ബസ് ജീവനക്കാർക്കെതിരെ നൽകിയ പരാതി പരിശോധിച്ച് സത്യസന്ധമല്ലെങ്കിൽ തള്ളും. മാവൂർ പൊലീസിന് സംഭവത്തിൽ വീഴ്ചയുണ്ടായതായി യോഗത്തിൽ വിമർശനമുയർന്നു. തിങ്കളാഴ്ച ഉച്ചക്കുശേഷം ബസുകൾ സർവീസ് തുടങ്ങി.
എടവണ്ണപ്പാറയിൽനിന്ന് കോഴിക്കോട്, മാവൂർ, രാമനാട്ടുകര, പുതിയേടത്തു പറമ്പ് റൂട്ടിലോടുന്ന ബസുകളാണ് വെള്ളിയാഴ്ച വൈകീട്ടു മുതൽ സർവിസ് നിർത്തിവെച്ചിരുന്നത്. പ്രശ്നം പരിഹരിക്കാത്ത സാഹചര്യത്തിലാണ് തിങ്കളാഴ്ച മുതൽ മാവൂർ റൂട്ടിലും പണിമുടക്ക് തുടങ്ങിയത്. മാവൂരിൽനിന്ന് കോഴിക്കോട്, മുക്കം, എൻ.ഐ.ടി, കൂളിമാട്, ചെറുവാടി, അരീക്കോട് തുടങ്ങിയ റൂട്ടുകളിലേക്കുള്ള ബസുകളാണ് തിങ്കളാഴ്ച പണിമുടക്കിയത്. എടവണ്ണപ്പാറ-കോഴിക്കോട് റൂട്ടിൽ ഓടുന്ന ഡി.ജെ ഡോട്ട് കോം ബസ് ഡ്രൈവറെ പെരുവയലിൽവെച്ച് മർദിച്ചതിൽ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച മിന്നൽ പണിമുടക്ക് തുടങ്ങിയത്. നേരത്തേ ബസ് ജീവനക്കാരും വാഴക്കാട്ടെ വിദ്യാർഥികളും തമ്മിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് പെരുവയലിൽ പ്രശ്നമുണ്ടായത്.
ഡി.ജെ ബസിലെ ഡ്രൈവർ ഷഫീഖിനെ ഒരു വിദ്യാർഥിയുടെ രക്ഷിതാവ് മർദിക്കുകയായിരുന്നു. ബസ് ജീവനക്കാർ വെള്ളിയാഴ്ചതന്നെ മാവൂർ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാത്തതിനാലായിരുന്നു സമരം. ചർച്ചയിൽ വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. സക്കരിയ, ബസ് ജീവനക്കാരായ ഷഫീഖ്, ഷുഹൈബ്, ഷാലി മാവൂർ, ഉടമകളുടെ പ്രതിനിധികളായ ബഷീർ മാവൂർ, എം.എം. അസൈൻ, അബ്ദുല്ല, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ഇ.എൻ. പ്രേമനാഥൻ, സുരേഷ് പുതുക്കുടി, എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.