റോഡുകളുടെ തകർച്ച: ബസ് തൊഴിലാളികൾ സമരത്തിൽ; ദുരിതം പേറി യാത്രക്കാർ
text_fieldsകോഴിക്കോട്: മഴയിൽ റോഡ് തകർന്ന് സർവിസ് നടത്താനാവാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ സ്വകാര്യ ബസ് നിർത്തിയിട്ടതോടെ കോഴിക്കോട്ടുനിന്ന് ഉള്ള്യേരി, അത്തോളി റൂട്ടിലും ബാലുശ്ശേരി റൂട്ടിലും യാത്രക്കാർ ബുദ്ധിമുട്ടിലായി. ഈ റൂട്ടുകളിൽ റോഡ് തകർന്ന് യാത്ര അസാധ്യമായതിൽ പ്രതിഷേധിച്ചും മറ്റ് ആവശ്യങ്ങളുന്നയിച്ചുമാണ് പണിമുടക്ക്. കുറ്റ്യാടി വഴിയുള്ള ദീർഘദൂര ബസുകളാണ് യാത്രക്കാർക്ക് ആശ്വാസമായത്. മറ്റുള്ള അത്യാവശ്യ യാത്രക്കാർ പാവങ്ങാട് വരെ ഓട്ടോയിലും മറ്റുമെത്തിയാണ് നഗരത്തിലേക്ക് വന്നത്. നോട്ടീസ് പോലും നൽകാതെയാണ് ബസ് സമരമെന്നും തൊഴിലാളി യൂനിയനുകളും ബസുടമകളും സമരത്തിന് പിന്തുണ നൽകിയിട്ടില്ലെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു.
കുറ്റ്യാടി -കോഴിക്കോട് റൂട്ടിൽ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എം.എസ് യൂനിയൻ പണിമുടക്കിന് നേരത്തേ ആഹ്വാനം നൽകിയിരുന്നു. പണിമുടക്കിന്റെ ഭാഗമായി ഉള്ള്യേരി -അത്തോളി ബസ് തൊഴിലാളി കോഓഡിനേഷൻ കമ്മിറ്റിയുടെയും പിന്തുണ തേടി. ഇവർ സമരത്തിന് അനുകൂല നിലപാടെടുത്തു. കലക്ടറുടെ ചേംബറിൽ ബി.എം.എസ് തൊഴിലാളി പ്രതിനിധികളും ബസ് ഉടമ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിൽ ബസ് സമരം പിൻവലിച്ചു. എന്നാൽ, കലക്ടർ വിളിച്ച ചർച്ചയിലേക്ക് ഉള്ള്യേരി -അത്തോളി ബസ് തൊഴിലാളി കോഓഡിനേഷൻ കമ്മിറ്റിയെ വിളിക്കാത്തതിൽ പ്രതിഷേധിച്ച് അവർ സമരം നടത്തി വിജയിച്ചപ്പോൾ ദുരിതം യാത്രക്കാർക്ക് മാത്രമായി.
ഉള്ള്യേരി, എം.എം.സി, കൂമുള്ളി, കൊടശ്ശേരി, കോഴിക്കോട് വരെയുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, അത്തോളി, അണ്ടിക്കോട്, പറമ്പത്ത് എന്നിവിടങ്ങളിൽ റോഡിന് ഇരുവശവുമുള്ള അനധികൃത പാർക്കിങ് നിരോധിക്കുക, തിരക്കുള്ള സമയങ്ങളിൽ ഗതാഗതം തടസ്സപ്പെടുത്തിയുള്ള ചരക്ക് ഇറക്കൽ നിയന്ത്രിക്കുക, കൂമുള്ളി, അത്തോളി, അമ്പലപ്പടി എന്നീ സ്റ്റോപ്പിൽ സ്കൂൾ വിടുന്ന സമയങ്ങളിൽ സ്ഥിരമായി പൊലീസിനെ വിന്യസിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വ്യാഴാഴ്ചത്തെ സൂചനാ പണിമുടക്ക്.
ഈങ്ങാപ്പുഴ ബസ് സ്റ്റാൻഡിലെ ഓട്ടോ പാർക്കിങ്, സമാന്തര സർവിസ് എന്നിവക്കെതിരെ വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ച ബസ് പണിമുടക്ക് ചർച്ചയുടെ അടിസ്ഥാനത്തിൽ താൽക്കാലികമായി മാറ്റിവെച്ചതായി കൊടുവള്ളി -താമരശ്ശേരി മേഖല ബസ് കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ ബുധനാഴ്ച അറിയിച്ചിരുന്നു. കോഴിക്കോട് -കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്കും ചർച്ചയെ തുടർന്ന് പിൻവലിച്ചു. ഇതിനിെടയാണ് രണ്ട് റൂട്ടുകളിൽ ബസുകാർ പണിമുടക്കിയത്.
ബാലുശ്ശേരി ഭാഗത്തേക്കുള്ള ബസ് റൂട്ടിൽ മാറ്റം
കോഴിക്കോട്: വെള്ളം കയറി റോഡ് തകർന്നതിനെ തുടർന്ന് ബാലുശ്ശേരി റോഡിൽ സ്വകാര്യ ബസ് റൂട്ടിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല കലക്ടറെയും ആർ.ടി.ഒയെയും സമീപിച്ചു. തൊഴിലാളി, ബസ് ഉടമ പ്രതിനിധികൾ ആർ.ടി.ഒ മുമ്പാകെ നടത്തിയ ചർച്ചയിലാണ് തീരുമാനം. കോഴിക്കോട്ടേക്കുള്ള ബാലുശ്ശേരി, നരിക്കുനി ബസുകൾ മൂട്ടോളി, പൊട്ടംമുറി, പറമ്പിൽ ബസാർ, തടമ്പാട്ട് താഴം വഴിയും കോഴിക്കോട്ടുനിന്ന് ബാലുശ്ശേരി ഭാഗത്തേക്കുള്ളവ കരുവിശ്ശേരി, ബൈപാസ്, ചെറുകുളം, ചോയി ബസാർ, ചെലപ്രം, ഗുഡ്ലക്, കുമാരസ്വാമി വഴിയുമാണ് പോവുക. ചെറുകുളം, ചെലപ്രം ബസുകൾ പാർഥസാരഥി, മാളിക്കടവ് വഴിയും ഓടുമെന്ന് ജനറൽ സെക്രട്ടറി ടി.കെ. ബീരാൻ കോയ അറിയിച്ചു. സ്ഥലം പരിശോധിച്ചശേഷം അധികൃതർ ഇക്കാര്യം പരിഗണിക്കും.
ബാലുശ്ശേരി റൂട്ടിൽ ഓടിയത് വിരലിലെണ്ണാവുന്നവ
കോഴിക്കോട്: വെള്ളക്കെട്ടും റോഡിലെ വൻകുഴിയും കാരണം ബാലുശ്ശേരി -കോഴിക്കോട്ട് റൂട്ടിൽ സർവിസ് നടത്തിയത് നാമമാത്ര ബസുകൾ. നരിക്കുനി-കോഴിക്കോട് റൂട്ടിലും അന്നശ്ശേരി-കോഴിക്കോട് റൂട്ടിലും ബസുകൾ ഭാഗികമായാണ് ഓടിയത്. സ്കൂളുകൾക്ക് അവധിയില്ലാത്തതിനാൽ വിദ്യാർഥികളും വലഞ്ഞു. ബസ് എത്തുന്നതുവരെ കിലോമീറ്ററുകൾ നടന്നാണ് പല വിദ്യാർഥികളും സ്കൂളിലെത്തിയത്. തണ്ണീർപ്പന്തൽ -മാവിളിക്കടവ് റോഡ് അടച്ചതിനാൽ സ്വകാര്യ ബസ് സർവിസ് വ്യാഴാഴ്ചയും മുടങ്ങി. ബാലുശ്ശേരി റൂട്ടിലെ ബസുകൾ മൂട്ടോളി വഴി തിരിഞ്ഞു പോയതിനാലും ചെറുകുളം-സിറ്റി ബസുകൾ അമ്പലപ്പടി വഴി തിരിഞ്ഞുപോകുന്നതിനാലും കക്കോടി, വേങ്ങേരി ഭാഗങ്ങളിലുള്ള യാത്രക്കാർ പ്രയാസത്തിലായി.
ബാലുശ്ശേരി ഭാഗത്തേക്കുള്ള ബസുകൾ കണ്ണാടിക്കൽ -മൂട്ടോളി, പറമ്പിൽ ബസാർ വഴി സർവിസ് നടത്തിയതുമൂലം തങ്ങൾക്ക് യാത്രക്കാരുടെ കുറവുണ്ടെന്ന് ആരോപിച്ച് പറമ്പിൽ ബസാർ-സിറ്റി റൂട്ടിലെ ബസുകൾ ഭാഗികമായി ബുധനാഴ്ച വൈകീട്ടോടെ സർവിസ് നിർത്തിയിരുന്നു. റോഡിന്റെ വീതി കുറവാണെന്ന് ആരോപിച്ചായിരുന്നു സർവിസ് മുടക്കിയത്. റോഡ് ഗതാഗതം നിലച്ച സാഹചര്യത്തിൽ വേങ്ങേരി എം.എസ്.എസ് പബ്ലിക് സ്കൂൾ പഠനം തൽക്കാലം ഓൺലൈനിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.