ഇരുട്ടിയാൽ ജനം പെരുവഴിയിൽ
text_fieldsകോഴിക്കോട്: ദേശസാൽകരിച്ച കോഴിക്കോട്-വയനാട് റൂട്ടിൽ ആവശ്യത്തിന് സർവിസ് നടത്താൻ കെ.എസ്.ആർ.ടി.സി വിമുഖത കാണിക്കുന്നത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു. രാത്രി എട്ടുകഴിഞ്ഞാൽ ഈ റൂട്ടിലൂടെയുള്ള യാത്ര ഭാഗ്യപരീക്ഷണമാണ്. ആവശ്യത്തിന് വായുസഞ്ചാരം പോലും ഇല്ലാത്ത കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മണിക്കൂറുകൾ കാത്തിരുന്നാൽ മാത്രമാണ് ബസ് എത്തുക. അതിൽ കയറിപ്പറ്റണമെങ്കിലോ, ജീവൻമരണ പോരാട്ടം നടത്തണം. ബസുകൾ വൈകുന്നത് യാത്രക്കാരും കെ.എസ്.ആർ.ടി.സി ജീവനക്കാരും തമ്മിലുള്ള തർക്കത്തിനും കാരണമാകുന്നുണ്ട്.
ബസുകൾ വിരളം
7.20 വരെയാണ് കോഴിക്കോട് ഡിപ്പോയിൽനിന്ന് സുൽത്താൻ ബത്തേരി, വയനാട് ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ബസുകൾ അയക്കുന്നത്. മറ്റു ജില്ലകളിൽനിന്ന് വരുന്ന ബസുകൾ 9.30ന് സുൽത്താൻ ബത്തേരി, 10ന് മാനന്തവാടി, 10.30ന് സുൽത്താൻ ബത്തേരി, 11.30ന് സുൽത്താൻ ബത്തേരി എന്നിങ്ങനെ പുറപ്പെടും. ഇത് കഴിഞ്ഞാൽ പുലർച്ച മൂന്നിനാണ് മാനന്തവാടിയിലേക്ക് കോഴിക്കോടുനിന്ന് ബസ് അയക്കുക. എറണാകുളം, തിരുവന്തപുരം ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഏതെങ്കിലും വൈകി എത്തുന്നതാണ് പിന്നെയുള്ള ആശ്വാസം.
ഇവയിൽ ഏതെങ്കിലും ഒന്ന് മുടങ്ങിയാൽ ജനം വലയും. ഒട്ടുമിക്ക ദിവസങ്ങളിലും ബ്ലോക്ക്, അപകടം കാരണം പറഞ്ഞ് രാത്രിയിൽ ഓടുന്ന രണ്ടും മൂന്നും ബസുകൾ മുടങ്ങും. വയനാട് ജില്ലയിലേക്കുള്ളവർ മാത്രമല്ല, അടിവാരം വരെയുള്ള യാത്രക്കാരെല്ലാം രാത്രിയായാൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നട്ടംതിരിയുന്ന അവസ്ഥയാണ്.
കൈമലർത്തി ജീവനക്കാർ
ആളുകൾ മണിക്കൂറുകൾ കാത്തിരുന്ന് ബസ് സ്റ്റാൻഡ് തിങ്ങിനിറഞ്ഞാലും അടിയന്തര ലോക്കൽ സർവിസ് പോലും നടത്താൻ അധികൃതർ തയാറാവില്ല. അന്വേഷണ കൗണ്ടറിൽ പറഞ്ഞാൽ ജീവനക്കാർ കൈമലർത്തും.
മുകളിലേക്ക് വിളിക്കൂ എന്നാവും മറുപടി. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചാൽ ബസ് ഇല്ല, ജീവനക്കാർ ഇല്ല എന്ന പല്ലവിയും. എന്നാൽ, രാത്രി യാത്രാപ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിട്ടും വൈകീട്ട് അഞ്ചോടെ ഓഫിസിൽ നിന്നിറങ്ങുന്ന അധികാരികൾ ഗൗരവത്തിലെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
നഷ്ടത്തിന്റെ കണക്കുപറഞ്ഞ് അവഗണന
ട്രെയിൻ സർവിസുള്ള തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലേക്ക് അരമണിക്കൂർ ഇടവിട്ട് ബസുകൾ അയക്കുമ്പോൾ വയനാട് റൂട്ടിനോട് കെ.എസ്.ആർ.ടി.സി അധികൃതർ ക്രൂരമായ അവഗണനയാണ് കാണിക്കുന്നത്. കോഴിക്കോട് ഡിപ്പോയിൽ നിന്ന് മാത്രം തിരുവനന്തപുരത്തേക്ക് ഒരോ മണിക്കൂർ ഇടവിട്ട് 24 ബസുകൾ സർവിസ് നടത്തുന്നുണ്ട്. എന്നാൽ, വയനാട്ടിലേക്ക് ബസ് അയക്കാൻ തയാറാവുന്നില്ല. അടിവാരം കഴിഞ്ഞാൽ ആളില്ല എന്നും നഷ്ടത്തിലാണ് എന്നുമാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്ന ന്യായം.
ലോക്കൽ സർവിസുകളും ഇല്ല
ലോക്കൽ സർവിസുകളെല്ലാം 8.30ഓടെ സർവിസ് അവസാനിപ്പിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. 8.30ന് കൂറോട്ടുപാറ സർവിസും 7.50ന് തുഷാരഗിരി ലിമിറ്റഡ് സ്റ്റോപ് ബസും കഴിഞ്ഞാൽ പിന്നെ ലോക്കൽ ബസുകളില്ല. പിന്നീട് ടി.ടി, സൂപ്പർ ഫാസ്റ്റ് ബസുകളാണ് അടിവാരം വരെയുള്ള യാത്രക്കാർക്ക് ഏക ആശ്രയം. രാത്രി എട്ടു കഴിഞ്ഞാൽ ഡോർ സ്റ്റെപ്പിൽ വരെ ആളുകൾ നിന്നാണ് ബസുകൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് എടുക്കുക. അതിനാൽതന്നെ വഴിയിൽ കാത്തുനിൽക്കുന്ന സ്ത്രീകൾ അടക്കമുള്ള യാത്രക്കാർക്ക് കയറാനും സാധിക്കില്ല.
അടിവാരത്ത് താമസസൗകര്യം ലഭിക്കുന്നില്ല
കോവിഡിന് മുമ്പു വരെ രാത്രി 11 വരെ അടിവാരത്തേക്ക് ലോക്കൽ ബസുകൾ സർവിസ് നടത്തിയിരുന്നു. എന്നാൽ, അടിവാരത്ത് ജീവനക്കാർക്ക് താമസസൗകര്യം ലഭിക്കാത്തതിനാൽ രാത്രി വൈകി ഇപ്പോൾ ലോക്കൽ സർവിസുകൾ അയക്കാൻ കഴിയുന്നില്ലെന്ന് കോഴിക്കോട് ഡിപ്പോ അധികൃതർ പറയുന്നു. രാത്രി വൈകി പുറപ്പെടുന്ന ബസുകൾ കോഴിക്കോട്ടേക്കുതന്നെ തിരിക്കുകയാണെങ്കിൽ ആ ട്രിപ് നഷ്ടത്തിലാവും. ജീവനക്കാർ അവിടെ താമസിച്ച് രാവിലെ പുറപ്പെട്ടാൽ മാത്രമേ യാത്രക്കാരെ ലഭിക്കൂ.
എന്നാൽ ജീവനക്കാർക്ക് താമസിക്കാൻ പറ്റിയ ഒരിടം ഒരുക്കിക്കൊടുക്കാൻ പുതുപ്പാടി പഞ്ചായത്ത് അധികൃതർ തയാറായിട്ടില്ല. നിലവിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ അനുവദിച്ച റൂം മാലിന്യം നിറഞ്ഞ് വാസയോഗ്യമല്ലാതെ കിടക്കുകയാണെന്ന് കോഴിക്കോട് ഡിപ്പോ അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.