ട്രിപ്പ് മുടക്കി ബസുകൾ; യാത്രാദുരിതം പേറി തിരുത്തിയാട്ടുകാർ
text_fieldsകാരാട്: ട്രിപ്പ് മുടക്കവും റൂട്ട് വെട്ടി ചുരുക്കലുമായി യാത്രാദുരിതം പേറി തിരുത്തിയാട്ടെ ബസ് യാത്രികർ. വിദ്യാലയങ്ങളിലേക്കും ആശുപത്രികളിലേക്കുമടക്കം സ്ഥിരം യാത്രക്കാർക്കാണ് ബസുകളുടെ ട്രിപ്പ് മുടക്കം പാരയാവുന്നത്.
കെ.എസ്.ആർ.ടി.സി അടക്കം ആറ് ബസുകളുണ്ടായിരുന്ന തിരുത്തിയാട്-രാമനാട്ടുകര-ഫറോക്ക് റൂട്ടുകളിൽ ഇപ്പോൾ രണ്ട് ബസാണുള്ളത്. ഉള്ളവ തന്നെ സർവിസ് നടത്തുന്നത് ഒന്നോ രണ്ടോ ട്രിപ്പ് മാത്രമാണ്. സർവിസ് രാവിലെയും വൈകീട്ടും മാത്രമായി ചുരുക്കിയതോടെ മറ്റ് സമയങ്ങളിൽ യാത്രക്ക് മാർഗമില്ലാതായി.
ഫാറൂഖ് കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി, ഫറോക്ക് ഇ.എസ്.ഐ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ഡസനിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള യാത്രക്കാർക്ക് ബസുകളുടെ അപര്യാപ്തത വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
തിരുത്തിയാട്-കാരാട് റൂട്ടിൽ രണ്ടര കിലോമീറ്ററോളം ദൂരം സ്വകാര്യ വാഹനങ്ങളെയും ടാക്സികളേയും ആശ്രയിച്ചാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. നിലവിൽ സർവിസ് നടത്തുന്ന ബസുകൾതന്നെ അനധികൃതമായി രാത്രി ട്രിപ്പുകൾ മുടക്കുന്നതിനാൽ നഗരത്തിൽനിന്നുള്ള വിദ്യാർഥികളും സ്ത്രീകളുമടക്കമുള്ള യാത്രക്കാരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്.
രാത്രി ട്രിപ്പ് മുടക്കത്തിനെതിരെ ചില യാത്രക്കാർ പൊലീസിൽ പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല. ചാലിയാറിന് കുറുകെ കടത്ത് തോണികൾ നിലച്ചതോടെ പെരുമണ്ണ വഴി മെഡിക്കൽ കോളജിലേക്കും കോഴിക്കോട്ടേക്കുമുള്ള യാത്രകളും അസാധ്യമായിട്ടുണ്ട്.
യാത്രാക്ലേശം പരിഹരിക്കുന്നതിന് തിരുത്തിയാട് മൂളപ്പുറം റൂട്ടിൽ വാഴക്കാടുമായി ബന്ധിപ്പിച്ച് സർവിസുകൾക്ക് അനുമതി നൽകുകയും നിലവിലെ സർവിസുകൾ മുടങ്ങാതെ നടത്തുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.