മുഹമ്മദ് ആട്ടൂർ എവിടെ? എട്ടുമാസമായിട്ടും പൊലീസിന് അറിവില്ല!
text_fieldsകോഴിക്കോട്: നഗരത്തിലെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂർ എവിടെയെന്ന ചോദ്യത്തിന് എട്ടുമാസത്തിനിപ്പുറവും പൊലീസിന് ഉത്തരമില്ല. കേസിൽ അന്വേഷണം പുരോഗമിക്കുന്നു എന്നു പറയുന്നതല്ലാതെ തുമ്പൊന്നും ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. ബാലുശ്ശേരി എരമംഗലം സ്വദേശിയായ ആട്ടൂർ ഹൗസിൽ മുഹമ്മദ് ആട്ടൂരിനെയാണ് (മാമിക്ക -56) കഴിഞ്ഞ ആഗസ്റ്റ് 21ന് കാണാതായത്. നടക്കാവ് പൊലീസ് ഇൻസ്പെക്ടറായിരുന്ന പി.കെ. ജിജീഷാണ് തിരോധാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനിടെ സുഹൃത്തുകൾ, ബിസിനസ് പങ്കാളികൾ, കുടുംബാംഗങ്ങൾ അടക്കമുള്ളവരിൽനിന്ന് മൊഴിയെടുത്തിട്ടും കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
നഗരത്തിലെ വിവിധ ഭാഗങ്ങളിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങളും നിരവധി പേരുടെ ഫോൺ വിളികളും ആട്ടൂരിന്റെ ഫോൺ കോൾ ഡീറ്റെയിൽസും പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. അവസാനം കേരളത്തിന് പുറത്ത് ഹൈദരാബാദിൽ ആട്ടൂരിനുണ്ടായ ബന്ധങ്ങളിൽവരെ അന്വേഷണം നടത്തിയിട്ടും സൂചന ലഭിച്ചില്ല. പിന്നീട് സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണയുടെ കീഴിൽ ഡി.സി.പി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായി അന്വേഷണം ചുമതല. എന്നിട്ടും ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല.
ഏറെക്കാലമായി നഗരത്തിലെ ഫ്ലാറ്റിൽ താമസിക്കുന്ന മുഹമ്മദിനെ ആഗസ്റ്റ് 21ന് വൈകീട്ട് അരയിടത്തുപാലത്തെ സി.ഡി ടവറിന് സമീപത്താണ് അവസാനമായി കണ്ടത്. ഇദ്ദേഹത്തിന്റെ ഓഫിസും ഇവിടെയാണ്. പിന്നീട് 22ന് ഉച്ചവരെ ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ തലക്കുളത്തൂർ, അത്തോളി, പറമ്പത്ത് ഭാഗത്താണ്. ഇവിടങ്ങളിലെല്ലാം പരിശോധന നടത്തിയിട്ടും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും സൂചനകളൊന്നും ലഭിച്ചിട്ടില്ല. കെ.ഇ. ബൈജു സ്ഥലം മാറി പകരം ഡി.സി.പിയായി അനൂജ് പലിവാൾ എത്തിയിട്ടും അന്വേഷണം തുടങ്ങിയേടത്തുതന്നെയാണ്. കേസിൽ അന്വേഷണം തുടരുകയാണെന്ന് ടൗൺ അസി. കമീഷണർ കെ.ജി. സുരേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.