മുന്നറിയിപ്പില്ലാതെ റോഡുകീറി ബൈപാസ് പണി പ്രതിഷേധം
text_fieldsകോഴിക്കോട്: ബൈപാസ് നിർമാണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികളിൽ നാട്ടുകാരെ പരിഗണിക്കാതെ ഏകപക്ഷീയ നടപടിയെടുക്കുന്ന ദേശീയപാത കരാറുകാരുടെ നടപടി തുടരുന്നു. ഏറ്റവുമൊടുവിൽ സി.ഡബ്ല്യു.ആർ.ഡി.എം-പനത്താഴത്ത് റോഡാണ് കരാറുകാർ മുന്നറിയിപ്പില്ലാതെ കീറിമുറിച്ചത്.
നഗരപാത വികസനത്തിന്റെ ഭാഗമായുള്ള പനാത്ത് താഴം സി.ഡബ്ല്യു.ആർ.ഡി.എം റോഡിന്റെ നേതാജി നഗർ കോളനിക്ക് സമീപത്തായിരുന്നു സംഭവം. നൂറുകണക്കിന് വാഹനങ്ങൾ പോകേണ്ട വഴി പൂർണമായും കെട്ടിയടക്കപ്പെട്ടു. റോഡ് ബൈപാസിലേക്ക് കയറുന്ന ഭാഗമാണ് ഓവുചാലിന് വേണ്ടി നീളത്തിൽ മുറിച്ചത്. മുന്നറിയിപ്പില്ലാതെ കീറിമുറിച്ചപ്പോൾ നൂറുകണക്കിന് യാത്രക്കാർ വഴിയിൽ കുടുങ്ങി.
രാവിലെ നാട്ടുകാർ പ്രതിഷേധിച്ചതോടെ എളമരം കരീം എം.പിയും മറ്റ് ജനപ്രതിനിധികളും എത്തി ദേശീയപാത അതോറിറ്റി അധികൃതരുമായി സംസാരിച്ച് ഗതാഗതം പുനഃസ്ഥാപിച്ചു. പത്തുമീറ്റർ ഭാഗം ഓവുചാൽ പൂർത്തിയായശേഷം ബാക്കി കീറിയാൽ മതിയെന്നാണ് ധാരണയായത്. നേരത്തേ കീറിയ റോഡ് മണ്ണിട്ട് നികത്തിയാണ് കരാറുകാർ ഗതാഗതം പുനഃസ്ഥാപിച്ചത്.
ബൈപാസിൽ മലാപ്പറമ്പിൽനിന്ന് തൊണ്ടയാട്ടേക്കുള്ള ഓവുചാലിന്റെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. ഓവുചാൽ പൂർത്തിയാവാത്തതിനാൽ ബൈപാസിൽ സർവിസ് റോഡുപണി തുടങ്ങാനാവാത്ത ഭാഗമാണിത്. 16 മീറ്റർ വീതിയിലാണ് റോഡ് കീറിമുറിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലോടെ വലിയ യന്ത്രമുപയോഗിച്ചാണ് റോഡ് മാന്തിയത്.
ചേവരമ്പലം, വെള്ളിമാട്കുന്ന് ഭാഗത്തേക്കും തിരിച്ചും നഗരത്തിലേക്ക് നൂറുകണക്കിനാളുകൾ പോവുന്ന റോഡിലാണ് ഗതാഗതം മുടങ്ങിയത്. ഒമ്പതു മീറ്റർ വീതിയിൽ ഗതാഗതം അനുവദിക്കാനാണ് തീരുമാനം.
കോർപറേഷൻ കൗൺസിലർമാരായ ഡോ. എസ്. ജയശ്രീ, എം.എൻ. പ്രവീൺ, കെ.ടി. സുഷാജ്, സി.പി.എം കോട്ടൂളി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. അജയകുമാർ, പി. നിഖിൽ, കെ.വി. പ്രമോദ്, ടി.കെ. വേണു, സനൂപ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. നേരത്തേ അമ്പലപ്പടിയിലും രാമനാട്ടുകരയിലും പന്തീരാങ്കാവിലുമെല്ലാം ബൈപാസ് പണിക്കായി മുന്നറിയിപ്പില്ലാതെ സമീപ റോഡുകൾ അടച്ചതും ഓവുചാലും കേബിളുകളും കുടിവെള്ള പൈപ്പുമൊക്കെ പൊട്ടിച്ചിടുന്നതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.