ബൈപാസ് മധുരം പങ്കു വെച്ച് പേരാമ്പ്ര
text_fieldsപേരാമ്പ്ര : പേരാമ്പ്രയുടെ ചരിത്രത്തിൽ സുവർണ ലിപികളിൽ കുറിച്ച ദിവസമാണ് 2023 ഏപ്രിൽ 30. നാട് കാത്തിരുന്ന ബൈപാസെന്ന സ്വപ്നം പൂവണിഞ്ഞു. വൈകീട്ട് നാലു മണിക്ക് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ബൈപാസിലേക്ക് പ്രവേശിക്കുമ്പോൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കൈ ഉയർത്തി അഭിവാദ്യം ചെയ്തു.
പേരാമ്പ്ര -ചെമ്പ്ര റോഡ് ജങ്ഷനിലുള്ള വേദിയിൽ മുഖ്യമന്ത്രി എത്തുമ്പോൾ ഗ്രൗണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു. ബൈപാസിന്റെ ശില്പി ടി. പി. രാമകൃഷ്ണൻ എം.എൽ.എക്കും നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. വികസന കാര്യത്തിൽ രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടേയും മന്ത്രി മുഹമ്മദ് റിയാസിന്റേയും കെ. മുരളീധരൻ എം.പിയുടേയും ആഹ്വാനം. മധുര പലഹാരങ്ങളും മിഠായി വിതരണവും നടത്തി നാടും നാട്ടുകാരും സന്തോഷം പങ്കുവെച്ചു. പേരാമ്പ്ര പഞ്ചായത്ത് 12-ാം വാർഡ് വക ബൈപാസ് റോഡിലൂടെ ഘോഷയാത്ര നടത്തി.
വേദിയിൽ പ്രസംഗിച്ച എല്ലാവരും പങ്കുവെച്ചത് ബൈപാസ് പേരാമ്പ്രയുടെ വികസനത്തിലേക്കുള്ള വലിയ കവാടമാണെന്നാണ്. ബൈപാസിനെ കുറിച്ച് മാധ്യമം സപ്ലിമെന്റ് സദസിൽ വിതരണം ചെയ്തു.
പേരാമ്പ്ര ബൈപാസ്; സർക്കാരിന്റെ രണ്ടാം വാർഷിക സമ്മാനം -മന്ത്രി റിയാസ്
പേരാമ്പ്ര : പേരാമ്പ്ര ബൈപാസ് റോഡ് കോഴിക്കോടിനുള്ള എൽ.ഡി.എഫ് സർക്കാറിന്റെ രണ്ടാം വാർഷിക സമ്മാനമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പേരാമ്പ്ര ബൈപാസ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പലതടസങ്ങൾ ഉണ്ടായിട്ടും ബൈപാസ് യാഥാർഥ്യമായതിന് പിന്നിൽ ഈ നാടിന്റെ ഇച്ഛാശക്തിയാണ്. സർക്കാറിന്റെ മുൻഗണന പദ്ധതികളിലൊന്നായിരുന്നു ബൈപാസ് റോഡ്. ഓരോ മാസവും ഇതിന്റെ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുമായിരുന്നു. കണ്ണൂർ വിമാനത്താവളം വന്നതോടെ പേരാമ്പ്രയിൽ തിരക്ക് വർധിച്ചിട്ടുണ്ട്. ബൈപാസ് ആ തിരക്ക് ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു. പെരുവണ്ണാമൂഴി ടൂറിസത്തിനും ബൈപാസ് ഗുണം ചെയ്യും. കക്ഷി രാഷ്ട്രീയത്തിനതീതമായുള്ള കൂട്ടായ്മയാണ് ബൈപാസ് സാധ്യമാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.