കോർപറേഷനിൽ പത്താമുദയം
text_fieldsകോഴിക്കോട്: കോർപറേഷനിൽ തുടർച്ചയായ പത്താം വിജയത്തിെൻറ നെറുകയിൽ എൽ.ഡി.എഫ്. കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തിയാണ് വൻ നേട്ടം. കഴിഞ്ഞ തവണ രണ്ടു മുന്നണികളെയും ഞെട്ടിച്ച് ഏഴു സീറ്റ് നേടിയ ബി.ജെ.പിയുടെ വൻ മുന്നേറ്റമുണ്ടാക്കാനുള്ള നീക്കങ്ങൾക്ക് കടിഞ്ഞാണിട്ടാണ് ഇടതു ജയം. മുൻ മേയർ തോട്ടത്തിൽ രവീന്ദ്രെൻറയടക്കം വാർഡുകൾ പിടിച്ചെടുത്തെങ്കിലും അവരുടെ കൗൺസിൽ പാർട്ടി നേതാവ് നമ്പിടി നാരായണനടക്കം വീണ്ടും മത്സരിച്ച നാല് സിറ്റിങ് കൗൺസിലർമാരും തോറ്റു.
എന്നാൽ, കഴിഞ്ഞ തവണ 15 ഇടത്ത് രണ്ടാമതെത്തിയ ബി.ജെ.പിക്ക് ഇത്തവണ 21 വാർഡുകളിൽ രണ്ടാം സ്ഥാനമുണ്ട്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളായ മാറാട്, ബേപ്പൂർ, േബപ്പൂർ പോർട്ട് എന്നിവ അവർക്കു നഷ്ടപ്പെട്ടു. യുവമോർച്ച ജില്ല പ്രസിഡൻറ് ടി. റിനീഷ് അട്ടിമറി ജയം നേടിയ പുതിയറ വാർഡിൽ കെ.എസ്.യു ജില്ല പ്രസിഡൻറ് അഡ്വ. വി.ടി. നിഹാൽ മൂന്നാം സ്ഥാനത്തായത് യു.ഡി.എഫിന് വലിയ തിരിച്ചടിയായി.
സി.പി.ഐ യുടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആശ ശശാങ്കൻ അത്താണിക്കല്‍ വാർഡിൽ ഈയിടെ ബി.ജെ.പിയിൽ ചേർന്ന മുൻ കോൺഗ്രസ് കൗൺസിലർ സി.എസ്. സത്യഭാമയോട് തോറ്റു. മേയർ തോട്ടത്തിൽ രവീന്ദ്രെൻറ ചക്കോരത്തുകുളം വാർഡും ബി.ജെ.പി പിടിച്ചു. ഇവിടെ കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാമെതത്തിയിരുന്നു. കരുവിശ്ശേരിയിൽ മുൻ മേയർ എം. ഭാസ്കരെൻറ മകൻ വരുൺ ഭാസ്കറിെൻറ വിജയമായിരുന്നു ആദ്യം പുറത്തുവന്നത്.
ചെറുവണ്ണൂര്‍ വെസ്റ്റിൽ സി.പി.എം നേതാവും സ്ഥിരം സമിതി ചെയർപേഴ്സനുമായ പി.സി. രാജൻ യു.ഡി.എഫ് സഹായിക്കുന്ന വെൽഫെയർ പാർട്ടി സ്വതന്ത്രൻ എം.എ. ഖയ്യൂമിനോട് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. വെള്ളിമാട് കുന്നിൽ യു.ഡി.എഫ് വിമതനായി എത്തി എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ടി.കെ. ചന്ദ്രെൻറ ഭൂരിപക്ഷം 1703 കടന്നത് യു.ഡി.എഫിനെ ഞെട്ടിച്ചു. കോൺഗ്രസിൽനിന്ന് ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു.
ഇടതുനേട്ടത്തിനിടയിലും കഴിഞ്ഞ തവണത്തെക്കാൾ രണ്ടു സീറ്റ് കുറഞ്ഞത് എൽ.െജ.ഡിക്ക് ക്ഷീണമായി. മത്സരത്തിനിറങ്ങിയ സി.പി.എം സ്ഥിരം സമിതി ചെയർമാന്മാരായ എം.സി. അനിൽ കുമാർ, പി.സി. രാജൻ, സി.പി.എം കൗൺസിലർമാരായ എം.പി. സുരേഷ്, കെ.ടി. സുഷാജ്, എം. ഗിരിജ എന്നിവർ ജയിച്ചു. എന്നാൽ, എൽ.ജെ.ഡിയുടെ കൗൺസിലർ അഡ്വ. തോമസ് മാത്യുവും സി.പി.ഐയുടെ ആശ ശശാങ്കനും തോറ്റു. മുൻ മേയർ സി.പി.എം നേതാവ് ഒ. രാജഗോപാലിെൻറ തോൽവിയും ഇടതിന് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.