കാലിക്കറ്റ് സർവകലാശാല അത്ലറ്റിക് മീറ്റ്: ട്രാക്കുണർന്നു, സെൻറ് തോമസും ക്രൈസ്റ്റും മുന്നിൽ
text_fieldsതേഞ്ഞിപ്പലം: 56ാമത് കാലിക്കറ്റ് സർവകലാശാല ഇൻറർ കൊളീജിയറ്റ് അത്ലറ്റിക് മീറ്റിന് ട്രാക്കുണർന്നപ്പോൾ പതിവ്പോലെ തൃശൂർ സെൻറ് തോമസ് കോളജും ഇരിങ്ങാലക്കുട ക്രൈസ്റ്റും കുതിപ്പ് തുടങ്ങി.
സർവകലാശാല സിന്തറ്റിക് ട്രാക്കിൽ പൊരിവെയിലത്തും ആവേശം ചോരാതെ 12 ഫൈനലുകൾ ഫിനിഷിങ് ലൈൻ തൊട്ടപ്പോൾ പുരുഷ വിഭാഗത്തിൽ 36 പോയൻറ് നേടി ബഹുദൂരം മുന്നിലാണ് സെൻറ് തോമസ് കോളജ് തൃശൂർ. 16 പോയൻറുള്ള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് രണ്ടാമതാണ്. ആറ് പോയൻറ് നേടി പാലക്കാട് ഗവ. വിക്ടോറിയ കോളജാണ് മൂന്നാമത്.
ആദ്യസ്ഥാനം മാറിമറിഞ്ഞ വനിത വിഭാഗത്തിൽ 19 പോയൻറ് നേടി ക്രൈസ്റ്റ് ഇരിങ്ങാലക്കുടയാണ് മുന്നിൽ. 18 പോയൻറുമായി തൃശൂർ വിമല കോളജും15 പോയൻറുമായി പാലക്കാട് മേഴ്സി കോളജും പിന്നാലെയുണ്ട്. ഞായറാഴ്ച ഒരു മീറ്റ് റെക്കോഡ് കൂടി പിറന്നു. പുരുഷ വിഭാഗം ഡിസ്കസ് ത്രോയിൽ സെൻറ് തോമസ് കോളജ് തൃശൂരിന്റെ അലക്സ് പി. തങ്കച്ചനാണ് മീറ്റ് റേക്കോഡ് കുറിച്ചത്.
ഒമ്പത് വർഷം മുമ്പ് സെൻറ് ജോസഫ് കോളജ് ദേവഗിരിയുടെ രാഹുൽ രതീഷിന്റെ 50.75 മീറ്റർ മറികടന്ന് 53.02 മീറ്റർ കുറിച്ചാണ് അലക്സ് പുതിയ റെക്കോഡിട്ടത്. ആദ്യ ദിനം പുരുഷ വിഭാഗം 5000 മീറ്ററിൽ സെൻറ് തോമസിലെ തന്നെ നബീൽ സാഹി റെക്കോഡോടെ സ്വർണം നേടിയിരുന്നു.
100 മീറ്റർ ഫൈനലിൽ പുരുഷ വിഭാഗത്തിൽ വിക്ടോറിയ കോളജിലെ റിജിത്തും വനിത വിഭാഗത്തിൽ മേഴ്സി കോളജിലെ എസ്. മേഘയും സ്വർണം നേടി വേഗ താരങ്ങളായി. 10.67 സെക്കൻഡിലാണ് റിജിത്ത് ഫിനിഷ് ചെയ്തത്. 11.96 സമയത്താണ് മേഘ ഓടിയെത്തിയത്.
വനിത വിഭാഗം 400 മീറ്റർ- കെ. അനശ്വര (ക്രൈസ്റ്റ് കോളജ്), പുരുഷ വിഭാഗം 400 മീറ്റർ- പി. അഭിരാം (സെൻറ് തോമസ് കോളജ്), പുരുഷ വിഭാഗം ലോങ് ജംപ് - കെ. ശ്രീകാന്ത് (സെൻറ് തോമസ് കോളജ്), വനിത വിഭാഗം ലോങ് ജംപ്-മീര ഷിബു (ക്രൈസ്റ്റ് കോളജ്), വനിത വിഭാഗം ഷോട്ട്പുട്ട്- സി.പി. തൗഫീറ (വിമല കോളജ്), പുരുഷ വിഭാഗം ഹാമർ ത്രോ -നിതിൻ സജി (സെൻറ് തോമസ് കോളജ്), വനിത വിഭാഗം ഹാമർ േത്രാ -പി.എ. അതുല്യ (കേരള വർമ കോളജ്) എന്നിവരും സ്വർണം നേടി. തിങ്കളാഴ്ച 13 ഫൈനലുകൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.