കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ നഗരത്തിലെ പഠനകേന്ദ്രം അടച്ചുപൂട്ടലിന്റെ വക്കിൽ
text_fieldsകോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ കോഴിക്കോട് പി.ടി. ഉഷ റോഡിലുള്ള പഠനകേന്ദ്രം അടച്ചുപൂട്ടുന്നു. ഒട്ടേറെ വിദ്യാർഥികൾ പഠനത്തിനായി ഉപയോഗിക്കുന്ന ലൈബ്രറിയും ഇൻഫർമേഷൻ സെന്ററും ഉപയോഗപ്പെടുത്തുന്ന സെന്ററാണ് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അടച്ചുപൂട്ടാനൊരുങ്ങുന്നത്. കെട്ടിടത്തിന്റെ ശോച്യാവസ്ഥയാണ് അടച്ചുപൂട്ടുന്നതിനുള്ള പ്രധാനകാരണമായി യൂനിവേഴ്സിറ്റി ചൂണ്ടിക്കാട്ടുന്നതെങ്കിലും ജീവനക്കാരുടെ കുറവാണ് യഥാർഥ കാരണമെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, നഗരത്തിന്റെ കണ്ണായ സ്ഥലത്താണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. മേയർ ഭവനോട് ചേർന്നുകിടക്കുന്ന സ്ഥലം വാണിജ്യ പ്രധാനമുള്ള സ്ഥലമായാണ് കണക്കാക്കപ്പെടുന്നത്. നഗരത്തിലെ ഈ സ്ഥലം ഒഴിവാക്കി കേന്ദ്രം തേഞ്ഞിപ്പലം യൂനിവേഴ്സിറ്റിയിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്.
സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് കേന്ദ്രവും ഇതോടൊപ്പമാണ് പ്രവർത്തിച്ചിരുന്നതെങ്കിലും കെട്ടിടത്തിന്റെ ശോച്യാവസ്ഥ കാരണം ഈ കേന്ദ്രം ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നില്ല. പ്രധാനമായും ലൈബ്രറിയാണ് ഇവിടെ ഇപ്പോൾ പ്രവർത്തിക്കുന്നത്. നഗരത്തിൽ വിവിധ കോഴ്സുകൾ പഠിക്കുന്ന കുട്ടികൾ റഫറൻസ് ലൈബ്രറിയായി ഉപയോഗിക്കുന്നത് ഈ കേന്ദ്രമാണ്. കെമിസ്ട്രി, ഫിസിക്സ്, ചരിത്രം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങൾക്കുപുറമെ എല്ലാ പത്രങ്ങളും ആനുകാലികങ്ങളും ഇവിടെ ലഭ്യമാണ്. മൂന്ന് ലൈബ്രേറിയന്മാരും ഓഫിസ് സ്റ്റാഫും ഉൾപ്പടെ നാല് ജീവനക്കാരാണ് ഇവിടെയുള്ളത്. രാവിലെ എട്ടര മുതൽ വൈകീട്ട് ഏഴര പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നിരവധി വിദ്യാർഥികളാണ് റഫറൻസിനും പഠനത്തിനുമായി എത്തുന്നത്.
സ്ഥാപനം എന്നാണ് അടച്ചുപൂട്ടുന്നതെന്ന് കൃത്യമായി ജീവനക്കാർക്കും അറിയില്ല. ഇതുവരെ സർക്കാർ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നാണ് അവർ പറയുന്നത്. എന്നാൽ ലൈബ്രറിയിൽ മെംബർഷിപ് എടുക്കാൻ വരുന്നവരോട് രണ്ടുമാസത്തിനകം അടച്ചുപൂട്ടുമെന്ന് മുന്നറിയിപ്പുനൽകുന്നുണ്ട്. നഗര ഹൃദയത്തിലുള്ള സ്ഥാപനം യൂനിവേഴ്സിറ്റിയിലേക്ക് മാറ്റിയാൽ നഗരത്തിലെയും നഗരത്തിനടുത്ത പ്രദേശങ്ങളിൽ നിന്നുവരുന്ന വിദ്യാർഥികൾ വഴിയാധാരമാകും. നഗരത്തിൽനിന്ന് കിലോമീറ്ററുകൾ അകലെയുള്ള തേഞ്ഞിപ്പലം യൂനിവേഴ്സിറ്റി കേന്ദ്രത്തിലേക്ക് എത്തുക എളുപ്പമല്ലാത്തതിനാൽ നിരവധി വിദ്യാർഥികൾക്ക് റഫറൻസ് നടത്തുന്നതിനുള്ള അവസരമാണ് ഇതുമൂലം നഷ്ടപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.