പോളിങ് നൂറുശതമാനമാക്കാൻ കാമ്പയിൻ; ട്രാൻസ്ജൻഡർ വോട്ട് ഇരട്ടിയായി
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് ട്രാൻസ്ജൻഡർ വോട്ട് ഇരട്ടിയായി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 174 പേരാണ് വോട്ടർപട്ടികയിലിടം പിടിച്ചതെങ്കിൽ ഇത്തവണ 367 പേരാണ് പട്ടികയിലുള്ളത്. ട്രാന്സ്ജന്ഡര് വിഭാഗത്തെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ലോക്സഭ തെരഞ്ഞെടുപ്പില് വോട്ടവകാശം നല്കാന് തുടങ്ങിയത് 2019 മുതലാണ്. അന്ന് വ്യാപക പ്രചാരണവും നല്കിയിരുന്നു. ഇത്തവണ ട്രാൻസ് ജൻഡർ വിഭാഗത്തിൽ നിന്നുള്ളവരുടെ പോളിങ് നൂറുശതമാനമാക്കാൻ പല ജില്ലകളിലും കാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും തിരുവനന്തപുരത്താണ് ട്രാൻസ്ജൻഡർ വോട്ടർമാർ ഏറെയുള്ളത്. കഴിഞ്ഞ തവണ 34 പേരായിരുന്നുവെങ്കിൽ ഇത്തവണ 59 വോട്ടർമാരാണ് തിരുവനന്തപുരത്തുള്ളത്. ആറ്റിങ്ങലാണ് തൊട്ടുപിന്നിൽ. ഇവിടെ 35 ട്രാൻസ്ജൻഡർ വോട്ടാണുള്ളത്. ആറുപേർ മാത്രമുള്ള കണ്ണൂരാണ് ഏറ്റവും പിന്നിൽ. ആകെയുള്ള ട്രാൻസ്ജൻഡർ വോട്ടർമാരിൽ ഒമ്പതുപേർ പ്രവാസികളാണ്. കോഴിക്കോട് -നാല്, മലപ്പുറം -രണ്ട്, തൃശൂർ -ഒന്ന്, കൊല്ലം രണ്ട് എന്നിങ്ങനെയാണ് പ്രവാസി ട്രാൻസ്ജൻഡർ വോട്ടർമാരുടെ കണക്ക്.
ട്രാൻസ്ജൻഡർ വിഭാഗത്തിലെ മുഴുവനാളുകളെയും വോട്ട് ചെയ്യിപ്പിക്കാനുള്ള കാമ്പയിനുകൾ ട്രാൻസ് സമൂഹത്തിനുള്ളിൽ നടക്കുന്നുണ്ടെന്ന് ട്രാൻസ് ജൻഡർ വിഭാഗത്തിന്റെ പുരോഗതിക്കായി രൂപവത്കരിച്ച ‘പുനർജനി’ കൾചറൽ സൊസൈറ്റി പ്രസിഡന്റ് സിസിലി ജോർജ് ‘മാധ്യമ’ത്തോട് പറഞ്ഞു. വോട്ടർ പട്ടികയിലാകെ ട്രാൻസ്ജൻഡർ വിഭാഗത്തിൽനിന്ന് 367 പേരാണുള്ളതെങ്കിലും ശസ്ത്രക്രിയ നടത്തി പുരുഷനായവർ ആ ഗണത്തിലും സ്ത്രീ ആയവർ ആ ഗണത്തിലും ഏറെ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.