നഗരവാസികളുടെ രോഗം കണ്ടെത്തി ചികിത്സ തുടങ്ങാനുള്ള ക്യാമ്പുകൾ 10 മുതൽ
text_fieldsകോഴിക്കോട്: നഗരത്തിൽ ജീവിതശൈലീ രോഗം കണ്ടെത്തി പരിഹരിക്കാനുള്ള ജീവതാളം, കൈത്തിരി പദ്ധതികളുടെ രോഗനിർണയ പ്രാഥമിക പരിശോധന ക്യാമ്പുകൾ ഫെബ്രുവരി 10ന് തുടങ്ങാൻ തീരുമാനം. കോർപറേഷൻ കൗൺസിൽ യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ് അറിയിച്ചതാണ് ഇക്കാര്യം.
എല്ലാ ദിവസവും മൂന്ന് വാർഡുകളിൽ വീതമെന്ന നിലയിൽ ഈ മാസം 26നകം 75 വാർഡുകളിലും ക്യാമ്പുകൾ പൂർത്തിയാക്കും. ഉദ്ഘാടനം 10ന് കപ്പക്കൽ വാർഡിൽ നടക്കും.
വർധിച്ചുവരുന്ന ജീവിത ശൈലീരോഗങ്ങളായ പ്രമേഹം, രക്തസമ്മർദം, ഭാവിയിൽ ഉണ്ടായേക്കാവുന്ന മാരകരോഗങ്ങളായ ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക്, വൃക്ക തകരാർ, അർബുദം എന്നിവ പിടിപെടുന്നതിന് മുമ്പുതന്നെ അവ വരാതെ തടയുന്നതിനും രോഗബാധയുള്ളവരെ തുടക്കത്തിൽതന്നെ കണ്ടെത്തി ചികിത്സ ആരംഭിക്കാനുമായാണ് പദ്ധതി.
കോർപറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിഭാവനം ചെയ്ത് നടപ്പാക്കുന്ന പദ്ധതികളാണ് ജീവതാളവും കൈത്തിരിയും. ജീവതാളം പദ്ധതി ജീവിതശൈലീ രോഗനിയന്ത്രണവുമായും കൈത്തിരി കാൻസർ രോഗനിയന്ത്രണവുമായും ബന്ധപ്പെട്ടതാണ്.
മൊത്തം 25,00,000 രൂപയാണ് വകയിരുത്തിയത്. 75 വാർഡുകളിലും ഉച്ചക്ക് രണ്ടുമുതൽ, വൈകീട്ട് ആറ് വരെയാണ് ക്യാമ്പ്. പ്രദേശവാസികളായ 18 വയസ്സിനു മുകളിലുള്ള പരമാവധി ആളുകളെ പങ്കെടുപ്പിക്കാൻ കൗൺസിലർമാർ മുൻകൈയെടുക്കണമെന്ന് മേയർ ആവശ്യപ്പെട്ടു.
ക്യാമ്പ് നടത്തുന്നതിന് അനുയോജ്യമായ സ്ഥലവും മറ്റ് സജ്ജീകരണങ്ങളും വാർഡിന്റെ ചുമതലയിലുള്ള ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ഒരുക്കുമെന്ന് ഹെൽത്ത് ഓഫിസർ ഡോ. ശശികുമാർ അറിയിച്ചു.
103 മരാമത്ത് ജോലികളുടെ ടെണ്ടർ നടപടികൾക്ക് കൗൺസിൽ അംഗീകാരം നൽകി. പ്രവൃത്തി സമയബന്ധിതമായി തീർക്കണമെന്ന് പ്രതിപക്ഷത്തുനിന്ന് കെ.സി. ശോഭിത, കെ. മൊയ്തീൻ കോയ എന്നിവർ ആവശ്യപ്പെട്ടു. ക്വാറി സമരം തീർക്കാൻ കോർപറേഷനും മുൻകൈയെടുക്കും.
മേയറുടെ പരാതിപരിഹാര സഭ അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി
കോർപറേഷന് വജ്രജൂബിലിയുടെ ഭാഗമായി 13ന് ടാഗോര്‍ ഹാളിൽ നടത്താന്‍ നിശ്ചയിച്ച മേയറുടെ പരാതി പരിഹാര സഭയിലേക്കുളള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി രണ്ടിന് വൈകീട്ട് നാലുവരെ നീട്ടിയതായി സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.