സാമൂഹികാധിഷ്ഠിത വികസന പരിപാടികൾക്ക് ഒരുങ്ങി കാമ്പസുകൾ
text_fieldsകോഴിക്കോട്: സാമൂഹികാധിഷ്ഠിത വികസന-ക്ഷേമ രംഗങ്ങളിൽ പുതിയ ചുവടുവെപ്പുകൾക്ക് ഒരുങ്ങി ജില്ലയിലെ കാമ്പസുകൾ. ജില്ല ഭരണകൂടത്തിന്റെ കീഴിൽ ‘കാമ്പസസ് ഓഫ് കോഴിക്കോട്’ പദ്ധതിയുടെ ഭാഗമായി വിവിധ സാമൂഹിക മേഖലകൾ കേന്ദ്രീകരിച്ചുള്ള പരിപാടികൾക്കാണ് കാമ്പസുകൾ രൂപം നൽകിയത്.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗം ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി, മാലിന്യ പരിപാലനം -സംസ്കരണം, ജീവിതശൈലി രോഗങ്ങൾ തുടങ്ങിയ മേഖലകളാണ് ആദ്യഘട്ടത്തിൽ കേന്ദ്രീകരിച്ചത്.
കോളജുകളുടെ സമീപ തദ്ദേശ സ്ഥാപന മേഖലയിൽനിന്ന് ഭിന്നശേഷിയുള്ളവരെ കണ്ടെത്തി ഭിന്നശേഷി ആനുകൂല്യങ്ങൾക്ക് ആവശ്യമായ അടിസ്ഥാനരേഖകൾ ലഭ്യമാക്കുക, സഹായ ഉപകരണ വിതരണത്തിനാവശ്യമായ പിന്തുണ നൽകുക, കോളജുകളിലെ ശാസ്ത്രീയ മാലിന്യ സംസ്കരണം ആസൂത്രണം ചെയ്ത് ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുക, ജീവതാളം പദ്ധതിയുടെ വിപുലമായ കാമ്പയിൻ പരിപാടികൾ നടത്തുക തുടങ്ങി വിവിധയിനം പദ്ധതികൾക്ക് യോഗം രൂപം നൽകി.
നാഷനൽ ഹെൽത്ത് മിഷൻ ജില്ല പ്രോജക്ട് മാനേജർ ഡോ. നവീൻ, കമ്പോസിറ്റ് റീജനൽ സെന്റർ ഡയറക്ടർ ഡോ. കെ.എൻ. റോഷൻ ബിജ്ലി, നിറവ് ഡയറക്ടർ ബാബു പറമ്പത്ത് തുടങ്ങിയവർ വിഷയാവതരണം നടത്തി. വിവിധ കാമ്പസുകളിലെ കാമ്പസസ് ഓഫ് യൂനിറ്റിലെ അധ്യാപകർ, സ്റ്റുഡന്റ് കോഓഡിനേറ്റർമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.