കണ്ണുംനട്ട് കാത്തിരിപ്പാണ്... കണക്കധ്യാപകരാവാൻ
text_fieldsകോഴിക്കോട്: ജില്ലയിലെ എച്ച്.എസ്.ടി ഗണിതം പി.എസ്.സി പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ വൈകുന്നത് നൂറുകണക്കിന് ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്നു. 2020ൽ നോട്ടിഫിക്കേഷൻ വന്ന പരീക്ഷയുടെ ഷോർട്ട്ലിസ്റ്റാണ് ഇതുവരെ തയാറാവാത്തത്.
അതേസമയം, മറ്റു ജില്ലകളിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും അഭിമുഖവും കഴിഞ്ഞു. തിരുവനന്തപുരത്ത് റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചു. യോഗ്യതയില്ലാത്തവർ പരീക്ഷയെഴുതി എന്നതുസംബന്ധിച്ച തർക്കവും അതിനെ ചൊല്ലിയുള്ള നിയമക്കുരുക്കുമാണ് നിരവധി ഉദ്യോഗാർഥികളുടെ നിയമനം ത്രിശങ്കുവിലാക്കിയത്.
കേരള പി.എസ്.സി കാറ്റഗറി നമ്പർ 383/ 2020 പ്രകാരം നടത്തിയ പരീക്ഷയെഴുതാൻ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ -ടെറ്റ്), സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സി -ടെറ്റ്) യോഗ്യതയുള്ളവരെ തുടക്കത്തിൽ അനുവദിച്ചിരുന്നു. എന്നാൽ, ഷോർട്ട് ലിസ്റ്റ് തയാറാക്കുന്നതിന് മുന്നോടിയായി സർട്ടിഫിക്കറ്റ് വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യാൻ നിർദേശിച്ചവരിൽ കെ -ടെറ്റിന് പകരം സി -ടെറ്റ് യോഗ്യതയുള്ളവരെ പി.എസ്.സി മതിയായ യോഗ്യതയില്ലെന്നുപറഞ്ഞ് നിരസിക്കുകയായിരുന്നു. ഇതോടെ സി -ടെറ്റ് യോഗ്യതയിൽ പരീക്ഷയെഴുതിയവർ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചു.
തുടർന്ന് ഇവരെ പ്രൊവിഷനൽ ആയി ഉൾപ്പെടുത്തി ഷോർട്ട് ലിസ്റ്റ് തയാറാക്കാൻ കഴിഞ്ഞ ജനുവരിയിൽ പി.എസ്.സിയോട് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ആവശ്യപ്പെട്ടു.
എന്നിട്ടും അഞ്ചുമാസമായിട്ടും പി.എസ്.സി ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല. ഇതിനിടെ ഹൈകോടതിയിലും നിയമപോരാട്ടം നടന്നെങ്കിലും അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനോട് തീരമാനമെടുക്കാനാണ് നിർദേശിച്ചതെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. ഇത്രകാലമായിട്ടും ഷോർട്ട് ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാത്തതിനാൽ ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിൽ പോലും ജില്ലയിലെ ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമാവുകയാണ്.
ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് താൽക്കാലിക അധ്യാപക നിയമനത്തിന്റെ അഭിമുഖത്തിൽ പ്രത്യേക മാർക്കുണ്ട്. ഇതാണ് നഷ്ടമാവുന്നത്. ഇതോടെ സമീപ ജില്ലയിൽനിന്നുള്ളവർക്കാണ് ഈ പ്രയോജനം ലഭിക്കുന്നതെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.