കോവിഡ് സെൻററിലേക്ക് കൊണ്ടുവന്ന കഞ്ചാവ് പിടിച്ചു; രണ്ടു യുവാക്കൾക്കെതിരെ കേസ്
text_fieldsരാമനാട്ടുകര: ഫാറൂഖ് കോളജ് എസ്.എസ് ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന സി.എഫ്.എൽ.ടി.സിയിൽനിന്ന് കഞ്ചാവ് പിടികൂടി. കോവിഡ് പോസിറ്റിവായി ഇവിടെ ചികിത്സയിലുള്ള രോഗിക്കായി എത്തിച്ച കഞ്ചാവാണ് ഫറോക്ക് പൊലീസ് പിടികൂടിയത്.
സംഭവത്തിൽ രോഗിയുടെ സഹോദരൻ ഷാഹുൽ, ഭാര്യാ സഹോദരൻ അനസ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവരും ഫറോക്ക് ചന്ത സ്വദേശികളാണ്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കോവിഡ് പോസിറ്റിവായി സി.എഫ്.എൽ.ടി.സിയിൽ കഴിയുന്ന സഹോദരനായി കൊണ്ടുവന്ന സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ബീഡിക്കെട്ട്, സിഗരറ്റ് പാക്ക്, ലൈറ്റർ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ സുജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നടപടി. സബ് ഇൻസ്പെക്ടർ വിമൽചന്ദ്രനും സംഘവുമെത്തി പ്രതികളെ പിടികൂടുകയായിരുന്നു. പിടികൂടിയവരിലൊരാൾ ക്വാറൻറീൻ ലംഘിച്ചാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇവർക്കെതിരെ കോവിഡ് മാനദണ്ഡങ്ങൾ ലാഘിച്ചതിനും കേസെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ സെൻററിനകത്തേക്ക് കൊണ്ടുവരുന്ന സാധനങ്ങൾ കൂടുതൽ ജാഗ്രതയോടെ പരിശോധിക്കുമെന്ന് വളൻറിയർമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.