കനോലി കനാൽ ശുചീകരണം തുടങ്ങി
text_fieldsകോഴിക്കോട്: കനോലി കനാലിന്റെ അനന്ത സാധ്യതകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി കനാൽ സിറ്റി പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കനോലി കനാൽ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കനാൽ ജലപാത നിലവാരത്തിലേക്ക് വികസിപ്പിക്കാൻ 1100 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. പദ്ധതിവഴി കോഴിക്കോടിനെ ടൂറിസ്റ്റ് കേന്ദ്രമായി മാറ്റും. ജലഗതാഗതം, ചരക്കുഗതാഗതം എന്നിവക്കൊപ്പം വിനോദസഞ്ചാരത്തിലും പുതിയ സാധ്യതകൾ പദ്ധതി തുറക്കുമെന്ന് മന്ത്രി പറഞ്ഞു. മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിച്ചു.
കോഴിക്കോട് കോർപറേഷൻ, ജില്ല ഭരണകൂടം, ജലസേചന വകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് ശുചീകരണം. പൊലീസ്, ഫയർഫോഴ്സ്, ജില്ലാ ഭരണകൂടത്തിന്റെ ദുരന്തനിവാരണ സേനയിലുള്ള സന്നദ്ധ പ്രവർത്തകർ, കോർപറേഷൻ തൊഴിലുറപ്പ്, ഹെൽത്ത് വളന്റിയർമാർ, സന്നദ്ധ സംഘടനകൾ, പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.
എരഞ്ഞിക്കലിനും കല്ലായിപ്പുഴുക്കുമിടയിലെ 11.20 കി.മീറ്റർ നീളമുള്ള കനാലിനെ എട്ട് സെക്ടറുകളാക്കി തിരിച്ചാണ് ശുചീകരണം. ഓരോ സെക്ടറിലും പ്രവൃത്തികൾ ഏകോപിപ്പിക്കാൻ വാർഡ് കൗൺസിലർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർക്ക് പുറമെ, ജലസേചന വകുപ്പ് ജീവനക്കാരെയും വിന്യസിച്ചു. എട്ട് സെക്ടറുകളിൽനിന്ന് ശേഖരിച്ച ജലം സി.ഡബ്ല്യു.ആർ.ഡി.എം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും.
ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, സ്ഥിരം സമിതി അംഗങ്ങളായ പി. ദിവാകരൻ, സി. രേഖ, ഡെപ്യൂട്ടി കലക്ടർ ഇ. അനിതകുമാരി, ഇറിഗേഷൻ വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ ബാലകൃഷ്ണൻ മണ്ണാറക്കൽ, എക്സിക്യൂട്ടിവ് എൻജിനീയർ ശാലു സുധാകർ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ. ഫൈസൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.