കാറപകടം: പൊലീസുകാരൻ കൈക്കൂലി വാങ്ങിയത് വകുപ്പുതല നടപടിയിലൊതുങ്ങുന്നു
text_fieldsകോഴിക്കോട്: ആഡംബര കാർ അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ അരലക്ഷം രൂപ പൊലീസുകാരൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അന്വേഷണം വകുപ്പുതല നടപടിയിലൊതുങ്ങുന്നതായി ആക്ഷേപം. സർക്കാർ ജീവനക്കാർ കൈക്കൂലി വാങ്ങുന്നത് വലിയ കുറ്റമാണെന്നിരിക്കെ കേസ് രജിസ്റ്റർ ചെയ്യാത്തതാണ് ചോദ്യംചെയ്യപ്പെടുന്നത്. മാത്രമല്ല, അന്വേഷണം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗത്തിന് കൈമാറിയിട്ടുമില്ല.
വിൽപനക്കു നൽകിയ കാർ അപകടത്തിൽപെട്ടതോടെ ഉടമക്കെതിരെ കേസെടുക്കാതിരിക്കാൻ മെഡിക്കൽ കോളജ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കൃജേഷാണ് കാറോടിച്ചയാളിൽനിന്ന് അരലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. സംഭവത്തിൽ കൃജേഷിനെയും സ്റ്റേഷനിലെ പി.ആർ.ഒ കൂടിയായ ഗ്രേഡ് എസ്.ഐ പ്രവീൺകുമാറിനെയും സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് സസ്പെൻഡ് ചെയ്തിരുന്നു.
സർക്കാർ ജീവനക്കാരൻ കൈക്കൂലി വാങ്ങിയത് റിപ്പോർട്ട് ചെയ്താൽ ഒന്നുകിൽ കേസ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗത്തിന് കൈമാറണം. അല്ലെങ്കിൽ ഇൻസ്പെക്ടർക്ക് മുകളിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ച് കുറ്റപത്രം വിജിലൻസ് കോടതിയിൽ സമർപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ, ഇവിടെ വകുപ്പുതല നടപടി സ്വീകരിച്ച് 'കൈക്കൂലി കേസ്' ഒതുക്കുന്ന സ്ഥിതിയുണ്ടായി എന്നാണ് സേനയിലെതന്നെ ഒരുവിഭാഗം പറയുന്നത്. ഭരണകക്ഷിയിൽപെട്ട ചിലരുടെ ഒത്താശയുള്ളതിനാലാണിതെന്നും ആരോപണമുണ്ട്. ജനുവരി 16നാണ് സംഭവം.
നഗരത്തിലെ യൂസ്ഡ് കാർ ഷോറൂമിൽ വിൽക്കാനേൽപിച്ച കാർ ഷോറൂം ഉടമ സ്വന്തം ആവശ്യത്തിന് കൊണ്ടുപോയി അപകടത്തിൽ പെടുകയായിരുന്നു. സ്ഥലത്തെത്തിയ കൃജേഷ് ആർ.സി ഉടമക്കെതിരെ കേസ് വരുമെന്നറിയിച്ചു. ഇതോടെ കേസെടുക്കാതിരിക്കാൻ 'വേണ്ടത് ചെയ്യാം' എന്ന് കാറോടിച്ചയാൾ ഏൽക്കുകയും പൊലീസുകാരൻ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് അരലക്ഷം രൂപ അയക്കുകയുമായിരുന്നു. ഇതോടെ കേസെടുത്തില്ല. എന്നാൽ, കൈക്കൂലി നൽകിയ ആൾ വിഷയം നഗരത്തിലെ ഒരു പൊലീസ് ഇൻസ്പെക്ടറെ അറിയിക്കുകയും അദ്ദേഹമിത് പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപെടുത്തുകയുമായിരുന്നു.
മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശന്റെ അന്വേഷണത്തിൽ പണം കൈമാറിയ ബാങ്ക് അക്കൗണ്ട് പൊലീസുകാരന്റെ ഭാര്യയുടേതാണെന്ന് വ്യക്തമായതോടെയാണ് നടപടി വന്നത്. അതേസമയം, സ്റ്റേഷനു പുറത്ത് ഒത്തുതീർപ്പാക്കിയ സംഭവത്തിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ അറിയാതെ ഒപ്പിട്ടുനൽകിയതാണ് ഗ്രേഡ് എസ്.ഐ പ്രവീൺകുമാറിനെ സസ്പെൻഡ് ചെയ്യാൻ കാരണമായി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.