Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപട്ടാപ്പകല്‍ സിനിമാ...

പട്ടാപ്പകല്‍ സിനിമാ സ്റ്റൈലില്‍ കാര്‍ മോഷണം; പിന്നാലെ പാഞ്ഞ് പിടികൂടി പോലീസ്

text_fields
bookmark_border
പട്ടാപ്പകല്‍ സിനിമാ സ്റ്റൈലില്‍ കാര്‍ മോഷണം; പിന്നാലെ പാഞ്ഞ് പിടികൂടി പോലീസ്
cancel
camera_alt

IMAGE : CARWALE (representative image)

കോഴിക്കോട്​: പട്ടാപ്പകല്‍ സര്‍വ്വീസ് സെന്‍ററിനകത്തുനിന്ന് ആഡംബര കാര്‍ മോഷ്ടിച്ച് സിനിമാ സ്റ്റൈലില്‍ പാഞ്ഞ കളളനെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. കോഴിക്കോട് - ബാംഗ്ലൂര്‍ റോഡില്‍ വാരിയാടുളള സര്‍വ്വീസ് സെന്‍ററിലാണ് സംഭവം. പോലീസ് അറിയിക്കുംവരെ മോഷണവിവരം സര്‍വ്വീസ് സെന്‍റര്‍ ജീവനക്കാരും ഉടമയും അറിഞ്ഞിരുന്നില്ല. ബത്തേരി സ്വദേശിയുടെ പുതിയ ഇന്നോവ കാറാണ് കളളന്‍ സര്‍വ്വീസ് സെന്‍ററില്‍ നിന്നു കവര്‍ന്നത്. ബാംഗ്ലൂര്‍ സൗത്ത് സ്വദേശിയായ പിലാക്കല്‍ നസീറാണ് പോലീസ് പിടിയിലായത്.

സര്‍വ്വീസ് കഴിഞ്ഞ് മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന കാറാണ് ആരുടെയും ശ്രദ്ധയില്‍ പെടാതെ കളളന്‍ കൊണ്ടുപോയത്. മീനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൃഷ്ണഗിരിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍റര്‍സെപ്റ്റര്‍ വാഹനത്തിലെ ഉദ്യോഗസ്ഥര്‍ ക്യാമറ ഉപയോഗിച്ച് പതിവ് പരിശോധന നടത്തവേ വാഹനത്തിന്‍റെ അമിത വേഗം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് നിര്‍ത്താനായി കൈകാണിച്ചു. നിര്‍ത്താതെ ഓടിച്ചുപോയ കാറിന്‍റെ നമ്പര്‍ കുറിച്ചെടുത്ത് ബത്തേരി ട്രാഫിക്കില്‍ അറിയിച്ച ശേഷം ഇന്‍റര്‍സെപ്റ്റര്‍ വാഹനത്തിലെ സബ്ബ് ഇന്‍സ്പെക്ടര്‍ എം.വി.ഷാബു തന്‍റെ ഫോണിലെ ക്രൈം ഡ്രൈവ് ആപ് ഉപയോഗിച്ച് അപ്പോള്‍ തന്നെ ഉടമയുടെ വിലാസവും ഫോണ്‍നമ്പരും കണ്ടെത്തി. ഇതാണ് കഥയുടെ ഗതിമാറ്റിയത്. ഉടമയെ വിളിച്ച് അമിതവേഗത്തിന് പിഴയടയ്ക്കാന്‍ എസ്.ഐ ആവശ്യപ്പെട്ടു. തന്‍റെ വാഹനം സര്‍വ്വീസിന് നല്‍കിയതാണെന്നും അവിടെനിന്ന് ആരെങ്കിലും കൊണ്ടുപോയതായിരിക്കുമെന്നുമായിരുന്നു ഉടമയുടെ വാദം. ഓടിച്ചിരുന്ന ആളോട് പിഴയടയ്ക്കാന്‍ പറയാന്‍ നിര്‍ദ്ദേശിച്ച് എസ്.ഐ ഫോണ്‍ വച്ചു. നിമിഷങ്ങള്‍ക്കം ഉടമ തിരികെ വിളിച്ച് തന്‍റെ വാഹനം മോഷണം പോയതാണെന്ന് അറിയിച്ചതോടെ പോലീസ് ജാഗരൂകരായി. മെസേജുകള്‍ പലവഴിക്ക് പറന്നു.

ഇന്‍റര്‍സെപ്റ്റംര്‍ വാഹനത്തില്‍ നിന്നു വിവരം ലഭിച്ച മീനങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ എല്ലാ പോലീസ് സ്റ്റേഷനിലേയ്ക്കും അലെര്‍ട്ട് മെസേജ് കൊടുത്തു. ബത്തേരി ഭാഗത്തേയ്ക്കാണ് വാഹനം പോയതെന്നും അതിർത്തി കടന്നാൽ പിന്നെ വാഹനം വീണ്ടെടുക്കല്‍ ബുദ്ധിമുട്ടാകുമെന്നും മനസിലാക്കി പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ബത്തേരി ട്രാഫികിലും പോലീസ് സ്റ്റേഷനിലും വിവരം നല്‍കിയശേഷം മീനങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ കെ.കെ. അബ്ദുള്‍ ഷരീഫും അസിസ്റ്റന്‍റ് സബ്ബ് ഇന്‍സ്പെക്ടര്‍ ഹരീഷ് കുമാറും കൂടി മേപ്പാടി ഭാഗത്തേയ്ക്കുളള റോഡില്‍ ഉടനടി തിരച്ചിലാരംഭിച്ചു. കര്‍ണാടയിലേയ്ക്കും തമിഴ്നാട്ടിലേക്കുമുളള മൂന്ന് ചെക്ക്പോസ്റ്റുകളിലും വിവരം അറിയിച്ചിരുന്നു.

ഇതിനിടെ പരാതി നല്‍കാനായി മീനങ്ങാടി പോലീസ് സ്റ്റേഷനിലേയ്ക്ക് വരികയായിരുന്ന വാഹന ഉടമയും മകനും അമ്പലവയല്‍ ആയിരംകൊല്ലി ജംഗ്ഷനില്‍ വച്ച് മോഷണം പോയ തങ്ങളുടെ വാഹനം അമിതവേഗത്തില്‍ എതിർദിശയിൽ വരുന്നതു കണ്ടു. അവർ ഉടൻ വാഹനത്തെ പിന്തുടര്‍ന്നു. നാട്ടുകാരുടെ സഹായത്തോടെ തടയാന്‍ ശ്രമിച്ചെങ്കിലും കളളന്‍ സിനിമാ സ്റ്റൈലില്‍ വാഹനം ഓടയിലിറക്കിയും റോഡരികില്‍ ഇറക്കിയിരുന്ന ഉരുളന്‍ തൂണുകളുടെ മുകളിലൂടെ ഓടിച്ചും വണ്ടിയുമായി രക്ഷപ്പെട്ടു. വാഹനം മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലേയ്ക്കാണ് പോകുന്നതെന്ന് ഇവരില്‍ നിന്നു മനസിലാക്കിയ മീനങ്ങാടി ഇന്‍സ്പെക്ടര്‍ മേപ്പാടി സ്റ്റേഷനില്‍ വിളിച്ച് എല്ലാ റോഡും ബ്ലോക്ക് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് മുട്ടില്‍ വഴി മേപ്പാടിക്ക് പോകുന്ന ഇടറോഡിലൂടെ ഓടിച്ചുവന്ന കാര്‍ മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച് പോലീസും നാട്ടുകാരും ചേര്‍ന്ന് മിനിട്ടുകള്‍ക്കകം പിടികൂടി.

പോലീസില്‍ നിന്നു വിവരമറിഞ്ഞ് ഉടമ സര്‍വ്വീസ് സെന്‍ററില്‍ ബന്ധപ്പെട്ടപ്പോഴാണ് വാഹനം മോഷണം പോയ വിവരം സര്‍വ്വീസ് സെന്‍റര്‍ അധികൃതര്‍ അറിഞ്ഞത്. സര്‍വ്വീസ് കഴിഞ്ഞ് മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനം ജീവനക്കാരില്‍ ആരെങ്കിലും സൗകര്യപൂര്‍വ്വം മറ്റെവിടെയെങ്കിലും മാറ്റിയതാകുമെന്ന് കരുതി സി സി ടിവി പരിശോധിക്കുകയായിരുന്നു അവര്‍. തങ്ങളുടെ കൈയില്‍ നിന്നു കവര്‍ന്ന കാറുമായി കളളന്‍ കിലോമീറ്ററുകള്‍ പിന്നിട്ടത് അവരറിഞ്ഞത് അപ്പോള്‍ മാത്രം.

കഴിഞ്ഞദിവസം കോഴിക്കോട്ടെ സര്‍വ്വീസ് സെന്‍ററില്‍നിന്ന് 45 ലക്ഷം രൂപ വിലയുളള ആഡംബര കാര്‍ മോഷ്ടിച്ച് കല്‍പ്പറ്റയില്‍ ഉപേക്ഷിച്ചതും ഇതേയാൾ തന്നെയാണെന്ന് മീനങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. വാഹനം സഞ്ചരിക്കുന്ന ദിശയും വേഗവും തത്സമയം ഉടമയുടെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന പ്രത്യേക സംവിധാനം കാറില്‍ ഉണ്ടായിരുന്നതിനാല്‍ സര്‍വ്വീസിന് കൊടുത്തിരുന്ന വാഹനം കോഴിക്കോട് നിന്നു വയനാട് ഭാഗത്തേയ്ക്ക് പോകുന്നത് തിരിച്ചറിഞ്ഞ ഉടമ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പലസ്ഥലത്തും പോലീസ് ചെക്കിംഗ് കണ്ട മോഷ്ടാവ് കാര്‍ കല്‍പ്പറ്റ ഭാഗത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അന്നേദിവസം കല്‍പ്പറ്റയില്‍ തങ്ങിയ ഇയാള്‍ ചൊവ്വാഴ്ചയാണ് രണ്ടാമതും മോഷണം നടത്തിയത്.

സ്ഥിരം കുറ്റവാളിയായ നസീറിന് ബാംഗ്ലൂരില്‍ ധാരാളം കേസുകള്‍ ഉളളതായി മീനങ്ങാടി ഇന്‍സ്പെക്ടര്‍ കെ.കെ.അബ്ദുള്‍ ഷരീഫ് പറഞ്ഞു. ഒരേ മോഷണശൈലി പിന്തുടരുന്ന ഇയാള്‍ എല്ലായിടത്തും ഒരേ രീതിതന്നെയാണ് പ്രയോഗിച്ചതും. സര്‍വ്വീസ് സെന്‍ററില്‍ എത്തുന്ന വാഹനങ്ങളില്‍ വിവിധ ജോലികള്‍ ചെയ്യാനുളളതിനാല്‍ പലപ്പോഴും അതത് ജോലി ചെയ്ത ശേഷം ജീവനക്കാര്‍ സൗകര്യാര്‍ത്ഥം താക്കോല്‍ വാഹനത്തില്‍ തന്നെ വയ്ക്കുകയാണ് പതിവ്. ഇത് മനസിലാക്കിയാണ് ഇയാള്‍ പതിവായി ഇത്തരത്തില്‍ മോഷണം നടത്തിവന്നിരുന്നത്. ഒരു വര്‍ഷം മുമ്പ് പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഇത്തരത്തില്‍ വാഹനം മോഷണം പോയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car thiefkozhikode News
News Summary - car thief arrested kozhikode
Next Story