പിടിച്ചുപറിക്കേസ് പ്രതിയെ രക്ഷപ്പെടുത്തിയെന്ന്; അഭിഭാഷകനെതിരെ കേസ്, പ്രതിഷേധം
text_fieldsകോഴിക്കോട്: ജില്ല കോടതി വളപ്പിൽ പ്രതിയെ ബലമായി അറസ്റ്റ് ചെയ്യാനുള്ള ശ്രമം തടഞ്ഞ അഭിഭാഷകനെതിരെ പൊലീസ് കേസ്. രക്ഷപ്പെട്ട പ്രതിക്കെതിരെയും കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് കോടതിവളപ്പിൽ പ്രകടനം നടത്തിയ അഭിഭാഷകർ ജില്ല ജഡ്ജിക്ക് പരാതി നൽകി. സിറ്റി പൊലീസ് മേധാവി ടൗൺ സി.ഐയിൽനിന്ന് വിശദീകരണവും തേടി. നിരവധി പിടിച്ചുപറിക്കേസുകളിലെ പ്രതി കാഞ്ഞങ്ങാട് സ്വദേശി ശ്രീജിത്തിനെ രക്ഷപ്പെടാൻ സഹായിച്ചുവെന്നാരോപിച്ച് അഡ്വ. പി.വി. മോഹൻലാലിനെതിരെ ശിക്ഷാനിയമം 225 ബി. പ്രകാരം നിയമപരമായ നടപടിക്ക് തടസ്സമുണ്ടാക്കിയതിനാണ് ടൗൺ പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ച രാവിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എത്തിയ പ്രതിയെ കസബ സ്റ്റേഷനിൽനിന്നുള്ള രണ്ട് പൊലീസുകാർ പെട്ടെന്ന് തടഞ്ഞ് ബലമായി മറ്റൊരുകേസിൽ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതാണ് പ്രശ്നമായതെന്ന് അഭിഭാഷകർ പറഞ്ഞു. പിടിവലിയും ബഹളവും കേട്ട് കാര്യമന്വേഷിച്ചവരോട് കോടതി മുറിയിൽ അഭിഭാഷകൻ കാത്തുനിൽക്കുന്നുണ്ടെന്നും തന്നെ കാര്യമില്ലാതെ പൊലീസ് ബുദ്ധിമുട്ടിക്കുകയാണെന്നും പറഞ്ഞപ്പോൾ കണ്ടുനിന്ന അഭിഭാഷകരിൽ ചിലർ ഇടപെട്ടു.
മറ്റൊരു കേസിൽ പ്രതിയാണെങ്കിൽ വാറൻറ് കാണിക്കാൻ പറഞ്ഞപ്പോൾ വാറൻറ് കൊണ്ടുവരുമെന്നായിരുന്നു പൊലീസിെൻറ മറുപടി. വാറൻറ് വന്നശേഷം അറസ്റ്റാവാമെന്നും പ്രതിയുടെ അഭിഭാഷകനെ കണ്ടോട്ടെയെന്നും അഭിഭാഷകർ അഭിപ്രായപ്പെട്ടു. ഇതേത്തുടർന്ന് പൊലീസ് പോകാൻ അനുവദിച്ച പ്രതി പെട്ടെന്ന് ഇറങ്ങിയോടി. സംഭവത്തിൽ കസബ പൊലീസ് കോടതിയുടെ അധികാര പരിധിയുള്ള ടൗൺസ്റ്റേഷനിൽ പരാതി നൽകി. തുടർന്നാണ് കേസെടുത്തത്.
ശ്രീജിത്ത് ഒട്ടേറെ പോക്കറ്റടിക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വൻ പിടിച്ചുപറി സംഘമാണ് ഇയാൾക്കൊപ്പം. ഇയാൾക്കൊപ്പമുള്ള രണ്ടുപ്രതികളെ കസബ പൊലീസ് നേരേത്ത അറസ്റ്റു ചെയ്തിരുന്നെങ്കിലും ശ്രീജിത്ത് മാത്രം മുങ്ങിനടക്കുകയായിരുന്നു. പ്രതിയെ പിടികൂടാനുള്ള അവസരമാണ് അഭിഭാഷകെൻറ ഇടപെടലുകൊണ്ട് ഇല്ലാതായതെന്നും പൊലീസ് പറഞ്ഞു. കോടതി വളപ്പിൽ അഭിഭാഷകരുടെ പ്രകടനത്തിന് അഡ്വ. പി.വി. ഹരി, അഡ്വ. എടത്തൊടി രാധാകൃഷ്ണൻ, അഡ്വ.എം.എസ്. സജി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.