സുധാകരനും സതീശനുമെതിരായ കേസ്; കോൺഗ്രസ് മാർച്ചിൽ പ്രതിഷേധമിരമ്പി
text_fieldsകോഴിക്കോട്: ഡി.സി.സിയുടെ നേതൃത്വത്തിൽ നടന്ന സിറ്റി പൊലീസ് മേധാവി ഓഫിസ് മാർച്ചിൽ പ്രതിഷേധം ഇരമ്പി. പഴയ ഡി.സി.സി ഓഫിസ് പരിസരത്തുനിന്ന് പ്രകടനമായെത്തിയ നൂറുകണക്കിന് പ്രവർത്തകരെ മാനാഞ്ചിറ ഡി.ഡി.ഇ ഓഫിസിനു സമീപം റോഡിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടയുകയായിരുന്നു.
എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനുമെതിരെ പ്രകോപന മുദ്രാവാക്യം മുഴക്കിയ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചത് സ്ഥലത്ത് ഏറെനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർക്കെതിരെ കള്ളക്കേസെടുത്തതിലും മാധ്യമവേട്ടയിലും പ്രതിഷേധിച്ചായിരുന്നു സമരം.
മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ എം.പി സമരം ഉദ്ഘാടനം ചെയ്തതിനു പിന്നാലെയായിരുന്നു പ്രവർത്തകർ ശക്തമായ മഴയെപ്പോലും അവഗണിച്ച് ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചത്. ബാരിക്കേഡുകൾക്ക് മുകളിൽ കയറിയും പ്രവർത്തകർ ഏറെനേരം മുദ്രാവാക്യം മുഴക്കി. നേതാക്കൾ ഏറെ പ്രയാസപ്പെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. സമരത്തെ നേരിടാൻ പൊലീസ് ജലപീരങ്കി അടക്കമുള്ള സന്നാഹങ്ങൾ എത്തിച്ചിരുന്നുവെങ്കിലും ഒന്നും പ്രയോഗിച്ചില്ല.
സമരത്തെ തുടർന്ന് രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ മാനാഞ്ചിറ ഡി.ഡി.ഇ ഓഫിസ് ഭാഗം വരെ റോഡിൽ ഗതാഗതം തടഞ്ഞിരുന്നു. ഇതോടെ മാവൂർ റോഡ്, രാജാജി റോഡ്, പാവമണി റോഡ്, കണ്ണൂർ റോഡ്, ബാങ്ക് റോഡ് എന്നിവിടങ്ങളിലെല്ലാം ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി.
ഡൽഹിയിൽ ഈനാംപേച്ചിയെങ്കിൽ തിരുവനന്തപുരത്ത് മരപ്പട്ടിയെന്നതാണ് അവസ്ഥ; ഇത്രയും കുത്തഴിഞ്ഞ ഭരണം കേരളം കണ്ടിട്ടില്ല -കെ. മുരളീധരൻ എം.പി
കോഴിക്കോട്: ഇത്രയും കുത്തഴിഞ്ഞ ഭരണം കേരളം കണ്ടിട്ടില്ലെന്നും മാർക്സിസ്റ്റുകാർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണിപ്പോഴെന്നും മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ എം.പി. ഡി.സി.സിയുടെ നേതൃത്വത്തിൽ നടന്ന സിറ്റി പൊലീസ് മേധാവി ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാറിന്റെ പരാജയവും മുഖ്യമന്ത്രി അടക്കമുള്ളവരുടെ അഴിമതി പുറത്തുവരാതിരിക്കാനുമാണ് പിണറായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെതിരെ കള്ളക്കേസെടുത്തത്.
ഏക സിവിൽകോഡിൽ കോൺഗ്രസ് നിലപാട് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മുമ്പാകെ വ്യക്തമാക്കിയതാണ്. പൗരത്വ സമരത്തിനെതിരായ കേസുകൾ പിൻവലിക്കുകയാണ് ആദ്യം പിണറായി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഈനാംപേച്ചിയെങ്കിൽ തിരുവനന്തപുരത്ത് മരപ്പട്ടിയെന്നതാണ് അവസ്ഥയെന്നും ഇതുരണ്ടും കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ അധ്യക്ഷതവഹിച്ചു. കെ.സി. അബു, അഡ്വ. പി.എം. നിയാസ്, യു.വി. ദിനേശ് മണി, കെ. ബാലനാരായണൻ, കെ.പി. ബാബു, പി.കെ. ഹബീബ്, ഷെറിൽ ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.