മെഡിക്കൽ കോളജ് സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച കേസ്; അഞ്ചുമാസം കഴിഞ്ഞിട്ടും കുറ്റപത്രമായില്ല; ഡി.ജി.പിക്ക് പരാതി
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെയും മാധ്യമപ്രവർത്തകനെയും ആക്രമിച്ച കേസിന്റെ കുറ്റപത്രം വൈകുന്നതിനെതിരെ ഡി.ജി.പിക്ക് പരാതി നൽകി. ആക്രമണത്തിൽ പരിക്കേറ്റ ദിനേശൻ, ശ്രീലേഷ് എന്നിവരാണ് ഡി.ജി.പി, സിറ്റി പൊലീസ് മേധാവി, മെഡിക്കൽ കോളജ് സ്റ്റേഷൻ ഹൗസ് ഓഫിസർ തുടങ്ങിയവർക്ക് ഇതുസംബന്ധിച്ച ഹൈകോടതി ഉത്തരവുകളുടെ പകർപ്പുകളടക്കം ഉൾപ്പെടുത്തി പരാതി നൽകിയത്. കഴിഞ്ഞ ആഗസ്റ്റ് 31ന് രാവിലെ ഒമ്പതരയോടെയാണ് കേസിനാസ്പദമായ സംഭവം.
മെഡിക്കൽ കോളജ് മുഖ്യ കവാടത്തിൽ സുരക്ഷാ ജീവനക്കാരായ നരിക്കുനി സ്വദേശി എൻ. ദിനേശൻ, കുറ്റ്യാടി സ്വദേശി രവീന്ദ്രൻ പണിക്കർ, ബാലുശ്ശേരി സ്വദേശി ശ്രീലേഷ് എന്നിവർക്കും ആക്രമണം റിപ്പോർട്ട് ചെയ്യാനെത്തിയ ‘മാധ്യമം’ സീനിയർ റിപ്പോർട്ടർ പി. ഷംസുദ്ദീനുമാണ് മർദനമേറ്റത്.
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കോവൂർ സ്വദേശി കെ. അരുൺ, പ്രാദേശിക നേതാക്കളായ ഇരിങ്ങാടൻപള്ളി സ്വദേശി എ.കെ. അഷിൻ, ഗുരുവായൂരപ്പൻ കോളജ് സ്വദേശി കെ. രാജേഷ്, മായനാട് സ്വദേശി പി.കെ.എം. മുഹമ്മദ് ഷബീർ, കോവൂർ സ്വദേശി എം. സജിൻ, ഇരിങ്ങാടൻ പള്ളി സ്വദേശി പി.എസ്. നിഖിൽ, കോവൂർ സ്വദേശി കെ. ജിതിൻലാൽ എന്നിവരാണ് കേസിലെ പ്രതികൾ. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെ പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
റിമാൻഡിലായ പ്രതികളെ പരാതിക്കാർ പിന്നീട് തിരിച്ചറിയുകയും ചെയ്തു. സംഭവത്തിൽ 16 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് ഏഴുപേരെ പ്രതിചേർക്കുകയായിരുന്നു.
രാഷ്ട്രീയ സമ്മർദമുണ്ടായതോടെ അറസ്റ്റ് പൊലീസ് തന്നെ വൈകിപ്പിച്ചതായി ആരോപണമുണ്ടായിരുന്നു.
ഇതിനിടെ മെഡിക്കൽ കോളജ് സി.സി.ടി.വി കാമറയിൽനിന്ന് ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കേസിൽ നിർണായകമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.