വനം വകുപ്പ് ഓഫിസ് കത്തിച്ച കേസ്: മൂന്ന് ഉദ്യോഗസ്ഥരെ വിസ്തരിക്കുന്ന കാര്യത്തിൽ 13ന് വിധി
text_fieldsകോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താലിനിടെ താമരശ്ശേരി വനംവകുപ്പ് ഓഫിസ് ജനക്കൂട്ടം ആക്രമിച്ച കേസിൽ ഒഴിവാക്കിയ മൂന്നുസാക്ഷികളെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ അപേക്ഷയിൽ ഈ മാസം 13ന് വിധിപറയും.
പ്രോസിക്യൂട്ടർ അഡ്വ. കെ. റൈഹാനത്ത് നൽകിയ അപേക്ഷയാണ് മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ മാറ്റിയത്. പലതവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ ഹാജരാവാത്തതിനാൽ പ്രോസിക്യൂഷന് പല സാക്ഷികളെയും ഒഴിവാക്കേണ്ടിവന്നിരുന്നു.
കേസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കൂറുമാറുകയും കേസ് ഡയറി കാണാതാവുകയും ചെയ്തത് വിവാദമായതോടെയാണ് പ്രോസിക്യൂഷൻ കേസ് ഡയറിയിൽ അഞ്ചാം സാക്ഷിയായ ബീറ്റ് ഫോറസ്റ്റ് ഓഫിസർ സുബ്രഹ്മണ്യൻ, എട്ടാം സാക്ഷി സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സുരേഷ്, ഒമ്പതാം സാക്ഷി റേഞ്ച് ഓഫിസർ സജുവർഗീസ് എന്നിവരെ വിസ്തരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ ആദ്യ രണ്ടുപേർ ദൃക്സാക്ഷികളാണ്.
സജു വർഗീസ് കത്തിയ ഫോറസ്റ്റ് ഓഫിസിന്റെ ഇൻ ചാർജും. സാക്ഷികൾ വരുമെന്ന് ഉറപ്പാക്കാനാവുമോയെന്ന് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. സാക്ഷികളെ വിസ്തരിക്കുന്നതിനെതിരെ പ്രതിഭാഗം എതിർ ഹരജി നൽകി. വാർത്തകളുടെയും മറ്റും പശ്ചാത്തലത്തിൽ ഉപയോഗശൂന്യമായ നടപടിയാണെന്ന് പ്രതിഭാഗം വാദിച്ചു.
മൊത്തം 26 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ പ്രതികളെ ക്രിമിനൽ നടപടിച്ചട്ടം 313 പ്രകാരം ചോദ്യം ചെയ്യാനിരിക്കെയാണ് പ്രോസിക്യൂഷന്റെ പുതിയ നീക്കം. 2013 നവംബര്‍ 15ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായി നടന്ന ഹര്‍ത്താലിലാണ് താമരശ്ശേരി വനംവകുപ്പ് ഓഫിസ് കത്തിച്ചത്. വനം വകുപ്പിലെ നിരവധി പ്രധാന രേഖകള്‍ കത്തിനശിച്ചിരുന്നു.
ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എ.കെ. രാജീവന്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ പ്രവീണ്‍, സുരേന്ദ്രന് എന്നിവർ നേരത്തേ രേഖപ്പെടുത്തിയ മൊഴിക്ക് വിരുദ്ധമായി കോടതിയിൽ പറഞ്ഞതിനാൽ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.
സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറും കൂറുമാറി. ആയിരക്കണക്കിനാളുകള്‍ ഉള്‍പ്പെട്ട ആക്രമണത്തില്‍ 35 പേരെയാണ് പ്രതിചേര്‍ത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.