നഗരത്തിൽ കാസ്റ്റ് അയേൺ ഗ്രിൽ കവർച്ച തുടർക്കഥ
text_fieldsകോഴിക്കോട്: കാസ്റ്റ് അയേൺ ഗ്രില്ലുകൾ കവരുന്നത് നഗരത്തിൽ തുടർക്കഥ. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും ചുറ്റുമതിലിലെ ഡിസൈൻ ഗ്രില്ലുകളാണ് വ്യാപകമായി കവരുന്നത്. ബീച്ച് ജനറൽ ആശുപത്രി, സമീപത്തെ പോർട്ട് ബംഗ്ലാവ് എന്നിവയുടെ ചുറ്റുമതിലിലെ ഗ്രില്ലുകൾ പൂർണമായും മോഷണം പോയി.
പിന്നാലെ കോർപറേഷൻ ഓഫിസിന്റെ ചുറ്റുമതിലിലെ ഗ്രില്ലുകളും കവരാൻ തുടങ്ങി. ഓഫിസിന്റെ ഗെയിറ്റിനോട് ചേർന്നുള്ള ഭാഗത്തെയടക്കം കമ്പികളാണ് പലഭാഗത്തായി കവർന്നത്. കോഫി ഹൗസ് പ്രവർത്തിക്കുന്ന ഭാഗത്തെ റോഡിനോട് ചേർന്നുള്ള ചുറ്റുമതിലിലെ കമ്പികളും അങ്ങിങ്ങായി അടർത്തിക്കൊണ്ടുപോയിട്ടുണ്ട്.
ചുറ്റുമതിൽ തന്നെ പൊളിഞ്ഞുവീഴുന്ന അവസ്ഥയായതോടെ മുൻവശത്തെ മതിൽ പുതുക്കിപ്പണിയാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മനോഹാരിതക്കുവേണ്ടിയാണ് ചുറ്റുമതിലിൽ കാസ്റ്റ് അയേണിന്റെ ഡിസൈൻ ഗ്രില്ലുകൾ സ്ഥാപിച്ചത്. കടലോരമായതിനാൽ ഉപ്പുകാറ്റേറ്റ് ഇവ പെട്ടെന്ന് തുരുമ്പിച്ചിരുന്നു. ഇതോടെ കമ്പിപ്പാര കൊണ്ടുവന്ന് അടർത്തിയെടുക്കുകയാണ് ചെയ്യുന്നത്.
ബീച്ച് ആശുപത്രിയുടെ കടപ്പുറത്തോട് ചേർന്നുള്ള ഭാഗത്തെ ചുറ്റുമതിലിലെ കാസ്റ്റ് അയേൺ കവർച്ച ശ്രദ്ധയിൽപെട്ടപാടെ ആശുപത്രി അധികൃതർ വെള്ളയിൽ പൊലീസിൽ പരാതി നൽകുകയും ഒരാൾ അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നിട്ടും കവർച്ചക്ക് കുറവുണ്ടായില്ല.
കാസ്റ്റ് അയേൺ കമ്പികൾ പൂർണമായും കവർന്നതോടെ ആശുപത്രി അധികൃതർ ഈ ഭാഗത്ത് ഷീറ്റുകൾ അടിച്ച് മറയൊരുക്കിയിരിക്കയാണിപ്പോൾ. മാനാഞ്ചിറ സ്ക്വയറിന്റെ ചുറ്റുമതിലിലെ കാസ്റ്റ് അയേൺ കമ്പികളും പലഭാഗത്തും കവർന്നിട്ടുണ്ട്.
കോംട്രസ്റ്റ് ഭാഗത്തെ കമ്പികളാണ് അടർത്തിക്കൊണ്ടുപോയത്. ഒരു കമ്പി പൊട്ടിച്ചെടുക്കാനായാൽ ഇതുവഴി കമ്പി പാരയിട്ട് സെക്കന്റുകൾക്കകം കൂടുതൽ ഭാഗം അടർത്തിയെടുക്കാമെന്നതും ചാക്കിലിട്ട് പെട്ടെന്ന് കൊണ്ടുപോകാമെന്നതും നല്ല വിലകിട്ടുമെന്നതുമാണ് മോഷ്ടാക്കളെ കവർച്ചക്ക് പ്രേരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.