നഗരത്തിൽ കാസ്റ്റ് അയേൺ കള്ളന്മാൻ സജീവം
text_fieldsകോഴിക്കോട്: കാസ്റ്റ് അയേൺ ഗ്രില്ലുകൾ കവരുന്ന സംഘം നഗരത്തിൽ സജീവം. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും ചുറ്റുമതിലിലെ കാസ്റ്റ് അയേൺ ഗ്രില്ലുകളാണ് വ്യാപകമായി കവരുന്നത്. ബീച്ച് ആശുപത്രിയുടെ കടപ്പുറത്തോട് ചേർന്നുള്ള ഭാഗത്തെ ചുറ്റുമതിലിലെ കാസ്റ്റ് അയേൺ പൂർണമായും ഇത്തരം സംഘങ്ങൾ കവർന്നു.
മനോഹരമായി നിർമിച്ച ചുറ്റുമതിലിൽ സ്ഥാപിച്ച കാസ്റ്റ് അയേണിന്റെ ഡിസൈൻ ഗ്രില്ലുകളാണ് പൂർണമായും കവർന്നത്. കടലോരമായതിനാൽ ഉപ്പുകാറ്റേറ്റ് ഇവ പെട്ടെന്ന് തുരുമ്പിച്ചിരുന്നു. ഇതോടെ കമ്പിപ്പാര കൊണ്ടുവന്ന് അടർത്തിയെടുക്കുകയാണ് ചെയ്യുന്നത്.
സംഭവം ശ്രദ്ധയിൽപെട്ടപാടെ ആശുപത്രി അധികൃതർ വെള്ളയിൽ പൊലീസിൽ പരാതി നൽകുകയും ഒരാൾ അറസ്റ്റിലാവുകയും ചെയ്തു. എന്നാൽ, പിന്നീടും കവർച്ച തുടർന്നതായാണ് ആശുപത്രി അധികൃതർ പറയുന്നത്. നിലവിൽ മുഴുവൻ കമ്പികളും അപഹരിക്കപ്പെട്ടു.
സമീപത്തെ സർക്കാർ ഉടമസ്ഥതയിലുള്ള പോർട്ട് ബംഗ്ലാവിന്റെ ചുറ്റുമതിലിലെ കമ്പികളും സമാനരീതിയിൽ കവർന്നിട്ടുണ്ട്. ബീച്ചിലെ കോർപറേഷൻ ഓഫിസിന്റെ ചുറ്റുമതിലിലാണിപ്പോൾ കള്ളന്മാരുടെ കണ്ണ്. ഇവിടെ മോഷണം തുടങ്ങിയിട്ടേയുള്ളൂ.
ഇടവിട്ട ഭാഗങ്ങളിലായാണ് ഇവിടെനിന്ന് കാസ്റ്റ് അയേൺ ഗ്രില്ലുകൾ അടർത്തിയത്. സിറ്റി പൊലീസ് മേധാവിയുടെ ആസ്ഥാനത്തിന് തൊട്ടടുത്തുള്ള മാനാഞ്ചിറ സ്ക്വയറിന്റെ ചുറ്റുമതിലിലെ കാസ്റ്റ് അയേൺ കമ്പികളും വ്യാപകമായി മോഷണം പോവുന്നുണ്ട്.
കോംട്രസ്റ്റ് ഭാഗത്തെ കമ്പികളാണ് കൂട്ടമായി അടർത്തിക്കൊണ്ടുപോയത്. ഇവിടെ താൽക്കാലിക മറയൊരുക്കിയിരിക്കുകയാണ് അധികൃതർ.
ഒരു കമ്പി പൊട്ടിച്ചെടുക്കാനായാൽ ഇതുവഴി കമ്പിപ്പാരയിട്ട് സെക്കൻഡുകൾക്കകം കൂടുതൽ ഭാഗം അടർത്തിയെടുക്കാമെന്നതും ചാക്കിലിട്ട് പെട്ടെന്ന് കൊണ്ടുപോകാമെന്നതും നല്ല വിലകിട്ടുമെന്നതുമാണ് മോഷ്ടാക്കളെ ഇതിന് പ്രേരിപ്പിക്കുന്നത്. രാപ്പകൽ ഭേദമില്ലാതെ പൊലീസ് സാന്നിധ്യമുള്ള ഭാഗത്താണ് തുടരെ കവർച്ച എന്നത് സിറ്റി പൊലീസിനും നാണക്കേടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.