ആഘോഷത്തിരക്കിലമർന്ന് കോഴിക്കോട് നഗരം
text_fieldsകോഴിക്കോട്: പെരുന്നാളും വിഷുവും അടുത്തെത്തിയതോടെ ആഘോഷത്തിരക്കിലാണ് നഗരം. സ്കൂളുകൾകൂടി അടച്ചതോടെ കുടുംബത്തോടെ ഷോപ്പിങ്ങിന് എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. നഗരത്തിലെ പ്രധാന കച്ചവട കേന്ദ്രങ്ങളായ മിഠായി തെരുവ്, പാളയം, വലിയങ്ങാടി, പുതിയ സ്റ്റാന്‍ഡ് ഭാഗങ്ങളിലെല്ലാം കഴിഞ്ഞ കുറേ ദിവസങ്ങളായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
കഴിഞ്ഞ ദിവസം മിഠായിത്തെരുവിലെ സൺഡേ മാർക്കറ്റിലും വലിയ തിരക്കാണ് ഉണ്ടായിരുന്നത്. കച്ചവടം പൊടിപൊടിക്കുകയാണെങ്കിലും കടുത്ത വേനലിൽ തുറന്ന പ്രദേശങ്ങളിൽ ജോലിചെയ്യുന്ന കച്ചവടക്കാർ വലിയ ബുദ്ധിമുട്ടിലാണ്. 40 ഡിഗ്രിയോടടുക്കുകയാണ് കോഴിക്കോട്ടെ താപനില. കാക്കക്കാലിന്റെ പോലും തണലില്ലാതെ നഗരത്തിലെ തെരുവുകളിൽ കച്ചവടം ചെയ്യുന്നവരുടെ ജീവിതമാണ് ഏറ്റവും ദുസ്സഹമായത്.
ഷോപ്പിങ് മാളുകളിലും വലിയ തുണിക്കടകളിലും മറ്റും എ.സി ഉള്ളതുകൊണ്ടുതന്നെ ഇവിടങ്ങളിൽ വലിയ പ്രശ്നങ്ങളില്ല. എന്നാൽ, തെരുവോരങ്ങളിൽ ജോലിചെയ്യുന്നവർ അക്ഷരാർഥത്തിൽ വെന്തുരുകുകയാണ്. കോഴിക്കോട്ടെ പ്രധാന വ്യാപാര കേന്ദ്രമായ മിഠായിത്തെരുവിലെ തെരുവോരങ്ങളിൽ കച്ചവടം നടത്തി കുടുംബം പുലർത്തുന്നവർ നിരവധിയാണ്. കടുത്ത ചൂടുകൊണ്ട് ബുദ്ധിമുട്ടുകയാണ് ഇവർ. ഉച്ചക്ക് 11 മുതൽ മൂന്നുമണി വരെ വെയിൽ നേരിട്ടേൽക്കരുതെന്നാണ് നിയമമെങ്കിലും പെരുന്നാളിന്റെയും വിഷുവിന്റെയും കുറച്ചുനാളുകളിൽ കിട്ടുന്ന കച്ചവടം ഒഴിവാക്കിയാൽ വർഷം മുഴുവൻ അതിന്റെ പ്രയാസം അനുഭവിക്കേണ്ടിവരുമെന്നാണ് ഇവരുടെ അനുഭവം.
അവധിക്കാലമായതോടെ 11 മണിയോടെ സജീവമാകുന്ന ബീച്ചിലെ ഉന്തുവണ്ടിക്കച്ചവടക്കാരും പൊള്ളുന്ന ചൂടിലാണ് പണിയെടുക്കുന്നത്. ചൂട് കനത്തതോടെ കുപ്പിവെള്ളത്തിന്റെയും ജ്യൂസിന്റെയും ഐസൊരതിയുടെയും ഐസ്ക്രീമിന്റെയും വിൽപന കുതിച്ചുയർന്നുവെന്ന് കച്ചവടക്കാർ പറയുന്നു.
നഗരത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിപണിയാണ് പാളയം മാര്‍ക്കറ്റ്. റമദാന് കാലം കൂടിയായതോടെ തിരക്ക് പതിന്മടങ്ങ് വര്‍ധിച്ചു. ഇവിടത്തെ പഴക്കടകളിൽ രാവിലെ മുതൽ വലിയ തിരക്കാണ്. ഉന്തുവണ്ടികളിൽ പഴങ്ങളും പച്ചക്കറികളും നിരത്തി കച്ചവടംചെയ്യുന്നവർ നിരവധിയാണ്. ‘അന്നം കണ്ടെത്താൻ മറ്റ് വഴികളില്ല, അതുകൊണ്ട് സഹിച്ചല്ലേ പറ്റൂ’ എന്ന് ചിലർ പറയുമ്പോൾ, ചിലർ പറയും ‘ഇത് ശീലമായിപ്പോയി’ എന്ന്.
വിഷു അടുത്തതോടെ കലം, ചട്ടി എന്നിവയും ശ്രീകൃഷ്ണന്റെ പ്രതിമയും വിൽപനക്ക് വെച്ചിരിക്കുന്നതും തെരുവോരത്താണ്. ചെറിയ മരത്തിന്റെ തണലിലൊക്കെയാണ് ഇവർ അഭയം തേടുന്നത്. റോഡിൽനിന്ന് വല്ലാതെ അകലേക്ക് പോയാൽ കച്ചവടം കുറയുമെന്ന ധാരണയിൽ ചുട്ടുപൊള്ളുന്ന വെയിലുള്ള വഴിയോരങ്ങൾ തന്നെയാണ് ഇവർ കച്ചവടത്തിനായി തിരഞ്ഞെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.