പെരിയാർ നദീസംരക്ഷണത്തിന് കേന്ദ്രങ്ങൾ രൂപവത്കരിക്കും; എൻ.ഐ.ടി കോഴിക്കോടും ഐ.ഐ.ടി പാലക്കാടും കരാറിൽ ഒപ്പുവെച്ചു
text_fieldsചാത്തമംഗലം: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോടും പാലക്കാട് ഐ.ഐ.ടിയും സംയുക്തമായി പെരിയാർ നദീ സംരക്ഷണത്തിനും മാനേജ്മെന്റിനുമുള്ള കേന്ദ്രങ്ങൾ സംസ്ഥാനത്ത് സ്ഥാപിക്കും.
പെരിയാർ നദിയുടെ അവസ്ഥ വിലയിരുത്തൽ, മാനേജ്മെന്റ് പ്ലാനിന്റെ വികസനം ലക്ഷ്യമിട്ട് പഠനകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള കരാറിൽ എൻ.ഐ.ടി ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണ ഒപ്പുവെച്ചു. കേന്ദ്ര ജലശക്തി മന്ത്രാലയമാണ് എൻ.ഐ.ടി കോഴിക്കോടിനെയും പാലക്കാട് ഐ.ഐ.ടിയെയും പദ്ധതിക്കായി തിരഞ്ഞെടുത്തത്.
കാവേരി, പെരിയാർ, നർമദ, കൃഷ്ണ, മഹാനദി, ഗോദാവരി എന്നീ നദികൾ ശുദ്ധീകരിക്കാനുള്ള ബൃഹത്തായ പദ്ധതിയുടെ ഭാഗമായാണ് പെരിയാറിനായി ഒരു കേന്ദ്രം വരുന്നത്. മൂന്ന് വർഷത്തേക്ക് 6.90 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്. ഓരോ സ്ഥാപനത്തിനും 1.15 കോടി രൂപയാണ് വാർഷിക വിഹിതം. ജലവിഭവ, നദി വികസന, ഗംഗാ പുനരുജ്ജീവന വകുപ്പുമായാണ് എൻ.ഐ.ടി.സിയും ഐ.ഐ.ടി.പിയും ന്യൂഡൽഹിയിൽ ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിന്റെ സാന്നിധ്യത്തിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ജലശക്തി മന്ത്രാലയം സെക്രട്ടറി ദേബശ്രീ മുഖർജി, നാഷനൽ മിഷൻ ഫോർ ക്ലീൻ ഗംഗ ഡയറക്ടർ ജനറൽ ജി. അശോക് കുമാർ, ഗംഗാ നദീതട മാനേജ്മെന്റ് ആൻഡ് സ്റ്റഡീസ് കേന്ദ്രം സ്ഥാപക മേധാവി പ്രഫ. വിനോദ് താരേ, ഐ.ഐ.ടി കാൺപൂർ, നദീ സംരക്ഷണത്തിൽ പങ്കാളികളാവാൻ തിരഞ്ഞെടുക്കപ്പെട്ട മറ്റ് സ്ഥാപനങ്ങളുടെ ഡയറക്ടർമാർ എന്നിവർ ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.