ഇഖ്റ ആശുപത്രിക്ക് ഗവേഷണത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ അംഗീകാരം
text_fieldsകോഴിക്കോട്: മെഡിക്കല്‍ രംഗത്തെ ഗവേഷണത്തിനും പഠനത്തിനുമുള്ള കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള ശാസ്ത്ര, വ്യവസായ ഗവേഷണസ്ഥാപനത്തിന്റെ (എസ്.ഐ.ആർ.ഒ) സിറോ അംഗീകാരം മലാപ്പറമ്പ് ഇഖ്റ ആശുപത്രിക്ക് ലഭിച്ചു. ഇതോടെ ഇഖ്റ കേന്ദ്രസര്‍ക്കാറിന്റെ അംഗീകൃത ഗവേഷണകേന്ദ്രമായി മാറി.
ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നൂറിലധികം പ്രബന്ധങ്ങള്‍ ഇഖ്റ ആശുപത്രിയുടെ പേരില്‍ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയവ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പഠനത്തിനും ഗവേഷണത്തിനുമായി കാലിക്കറ്റ് സർവകലാശാലയിലെ ബയോടെക്നോളജി വിഭാഗവുമായി ഇഖ്റ ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്. ലോകോത്തരവും അത്യാധുനികവുമായ രോഗനിര്‍ണയ സൗകര്യങ്ങളായ നെക്സ്റ്റ് ജനറേഷന് സീക്വന്‍സിങ് (എന്‍.ജി.എസ്) ലൂമിനക്സ്, മോളിക്യുലാര്‍ ലാബ് എന്നിവ ഇഖ്റയിലെ ഗവേഷണത്തിന് സഹായിക്കുന്നു. കോവിഡ് ചികിത്സ, കോവിഡാനന്തര അസുഖങ്ങള്‍ എന്നിവയില്‍ ഗവേഷണങ്ങള്‍ നിലവില്‍ ഇഖ്റയില്‍ നടക്കുന്നുണ്ട്.
ഇഖ്റ ആശുപത്രിയിൽ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമുള്ള അംഗീകാരമാണ് സിറോയുടെ സര്‍ട്ടിഫിക്കേഷനെന്ന് മാനേജ്മെന്റ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
സിറോ അംഗീകാരം ലഭിക്കുന്നതോടുകൂടി സര്‍ക്കാര്‍, സര്‍ക്കാറിതര ഏജന്‍സികളുടെ സഹകരണത്തോടെ ഗവേഷണമേഖലയില്‍ സാമൂഹിക, ശാസ്ത്രനേട്ടങ്ങള്‍ ഉണ്ടാക്കാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായും മാനേജ്മെന്റ് കൂട്ടിച്ചേര്‍ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.