കേന്ദ്രസർക്കാർ കേരളത്തോട് പകവീട്ടൽ രീതി സ്വീകരിക്കുന്നു -മുഖ്യമന്ത്രി
text_fieldsമേമുണ്ട: കേന്ദ്രസർക്കാർ അർഹമായ വായ്പയും നികുതിയിനത്തിലുള്ള കുടിശ്ശികയും നൽകാതെ സംസ്ഥാനത്തോട് പകവീട്ടൽ രീതി സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേമുണ്ടയിൽ നടന്ന കുറ്റ്യാടി മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസനപ്രവർത്തനങ്ങൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത വായ്പയെടുക്കലിന് വലിയതോതിൽ പരിധി നിശ്ചയിച്ച് കുറവു വരുത്താൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നു.
ഇതുകാരണം കിട്ടാനുള്ള വായ്പയിൽ ഗണ്യമായ കുറവു വരുത്തിയിരിക്കയാണ്. സംസ്ഥാനത്തിന് ലഭ്യമാകാനിടയുള്ള 57,000 കോടി രൂപയാണ് കുറവ് വന്നിരിക്കുന്നത്. ഇത്രയും വലിയ തുക കേരളം പോലുള്ള സംസ്ഥാനത്തിന് കുറഞ്ഞാൽ കാര്യങ്ങൾ വേണ്ടുംവിധം നിർവഹിച്ച് മുന്നോട്ടു പോകുന്നതിൽ സംസ്ഥാനം ഗൗരവകരമായ പ്രശ്നം നേരിടുമെന്നും മുഖ്യമന്ത്രി ആരോപിച്ചു.
നാടിന്റെ വികസനപ്രവർത്തനങ്ങൾക്ക് ജനങ്ങൾ നല്ല പിന്തുണയാണ് നൽകുന്നത്. എന്നാൽ, വികസനപ്രവർത്തനങ്ങൾ ഒരുക്കുന്നതിനായി സർക്കാറിന് പിന്തുണ ലഭിക്കേണ്ട കേന്ദ്രങ്ങളിൽനിന്ന് അത് ലഭിക്കുന്നില്ലെന്നതും ജനങ്ങൾ അറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.പി. കുഞ്ഞമ്മത് കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളിലേക്കായി മണ്ഡലത്തിൽനിന്ന് 3967 പരാതികൾ സ്വീകരിച്ചു.
വടകര: വടകര മണ്ഡലം നവകേരള സദസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനെ ചെയ്തു. മുൻ മന്ത്രി സി.കെ. നാണു അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. നോഡൽ ഓഫിസർ പി. രാജീവൻ സ്വാഗതവും നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു നന്ദിയും പറഞ്ഞു.
നവകേരള സദസ്സിൽ പരാതി സ്വീകരിക്കാൻ വിവിധ വകുപ്പുകളുടെ 18 കൗണ്ടറുകളിൽനിന്നായി 2600 പരാതികൾ ലഭിച്ചു. ജില്ല അടിസ്ഥാനത്തിലും സംസ്ഥാനാടിസ്ഥാനത്തിലുമായി പരിഹരിക്കേണ്ട പരാതികൾ വ്യത്യസ്ത തരത്തിലാക്കി വേർതിരിച്ചാണ് സൂക്ഷിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നു മുതൽ വടകര നാരായണനഗരത്ത് പരാതികൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, അധ്യാപകർ അടങ്ങുന്നവരാണ് കൗണ്ടറുകളിൽനിന്ന് പരാതി സ്വീകരിച്ചത്. 72 ഉദ്യോഗസ്ഥരെ പരാതികൾ സ്വീകരിക്കാനും 22 പേരെ ഹെൽപ് െഡസ്കിലുമായി നിയോഗിച്ചിരുന്നു.
നാദാപുരം: ആയിരങ്ങൾ പങ്കെടുത്ത മണ്ഡലം നവകേരള സദസ്സ് നാദാപുരത്ത് പുതുചരിത്രം തീർത്തു. വിലങ്ങാട്, കണ്ടിവാതുക്കൽ ആദിവാസി മേഖലയിൽനിന്നും കിഴക്കൻ മലയോരമായ പശുക്കടവ്, മുള്ളൻകുന്ന്, വയനാടൻ അതിർത്തിയായ പക്രംതളം, പൂതംപാറ എന്നിവിടങ്ങളിൽനിന്നടക്കം മണ്ഡലത്തിലെ പത്ത് പഞ്ചായത്തിൽനിന്നും പ്രത്യേകം ബസുകളിലും വാഹനങ്ങളിലുമായി നൂറുകണക്കിന് പേരാണ് ഒഴുകിയെത്തിയത്.
വേദിക്ക് സമീപം പ്രത്യേകം തയാറാക്കിയ 15 പരാതി കൗണ്ടറുകളിൽ രാവിലെ എട്ടു മുതൽ ജനങ്ങൾ നിവേദനങ്ങളുമായെത്തി. പത്തരയോടെ മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ കല്ലാച്ചി മാരാംവീട്ടിൽ പറമ്പിലെ വേദിയിൽ എത്തിച്ചേർന്നു.
മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പ്രധാന കവാടത്തിന് മുന്നിൽ ബസിറങ്ങിയപ്പോൾ ജനം ആഹ്ലാദത്തിമിർപ്പിലായി. കൗഷിക് മ്യൂസിക് കോഴിക്കോടിന്റെ ഗാനമേള സദസ്സിന് മുന്നോടിയായി അരങ്ങേറി. നവകേരള സദസ്സിന് മുന്നോടിയായി നടത്തിയ വിവിധതരം മത്സരങ്ങളിലെ ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകി.
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ജി.ആർ. അനിൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഡോ. ജോസ് കുര്യാക്കോസ് സ്വാഗതം പറഞ്ഞു.
നവകേരള സദസ്സിൽ മുൻ എം.എസ്.എഫ് നേതാവ്
വടകര: നവകേരള സദസ്സിൽ എം.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറി ലത്തീഫ് തുറയൂർ. നവകേരള സദസ്സിന്റെ വടകരയിലെ പ്രഭാതസദസ്സിലാണ് ലത്തീഫ് തുറയൂർ പങ്കെടുത്തത്. നവകേരള സദസ്സിനെ സംബന്ധിച്ച് യൂത്ത് ലീഗിനും മുസ്ലിം ലീഗിനും രണ്ട് അഭിപ്രായമാണുള്ളത്, ഈ വൈരുധ്യംതന്നെ സർക്കാർ പരിപാടിയിൽ പങ്കെടുക്കണമെന്നാണ് സൂചിപ്പിക്കുന്നത്.
നവകേരള സദസ്സ് പ്രതിഷേധിക്കേണ്ട പരിപാടിയല്ലെന്നും പരിപാടിയുടെ നന്മ മനസ്സിലാക്കിയാണ് സദസ്സിൽ എത്തിയതെന്നും കൂടുതൽ പേർ പരിപാടിയിൽ പങ്കെടുക്കുമെന്നും ലത്തീഫ് പറഞ്ഞു.
നവകേരള സദസ്സ്: തളർന്നുവീണത് നിരവധി പേർ
നാദാപുരം: നൂറുകണക്കിന് ആളുകൾ പങ്കെടുത്ത നവകേരള സദസ്സിൽ നിരവധി പേർ തളർന്നുവീണു. ഇവരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഹൃദയ സംബന്ധമായ പ്രശ്നങ്ങളാണ് എല്ലാവർക്കും അനുഭവപ്പെട്ടത്. ഗുരുതരമായ രണ്ടു പേരെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് മാറ്റി.
യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി
വടകര: നവകേരള സദസ്സിന്റെ ഭാഗമായി അഞ്ച് യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി. തിരുവള്ളൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ, വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.കെ. ഇസ്ഹാഖ് എന്നിവരെ പൊലീസ് കരുതൽ തടങ്കലിലാക്കി.
വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ഒഞ്ചിയം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുബിൻ മടപ്പള്ളി, യൂത്ത് കോൺഗ്രസ് വടകര മണ്ഡലം പ്രസിഡന്റ് സി. നിജിൻ, കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡന്റ് ജി. ശ്രീനാഥ് എന്നിവരെയും കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി വടകരയിൽനിന്ന് യാത്രതിരിച്ച ശേഷം ഇവരെ പൊലീസ് വിട്ടയച്ചു.
വിദ്യാർഥികൾ പഠനത്തിന് സംസ്ഥാനം വിടുന്നതിൽ വേവലാതി വേണ്ട -മുഖ്യമന്ത്രി
കോഴിക്കോട്: ലോകം പുതുതലമുറയുടെ കൈകളിലായതിനാൽ വിദ്യാർഥികൾ പഠനത്തിനായി സംസ്ഥാനം വിട്ട് പുറത്തുപോകുന്നതിൽ വേവലാതി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള സദസ്സ് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചതിന്റെ ആദ്യദിനമായ വെള്ളിയാഴ്ച വടകരയിൽ നടന്ന പ്രഭാതയോഗത്തിൽ അതിഥികൾ പ്രകടിപ്പിച്ച അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും മറുപടി പറയുകയായിരുന്നു അദ്ദേഹം.
നാം വളർന്നുവന്ന സാഹചര്യമല്ല പുതിയ തലമുറയുടേത്. ലോകം അവരുടെ കൈക്കുമ്പിളിലാണ്. അതുകൊണ്ടുതന്നെ വിദേശത്ത് പോയി പഠിക്കാൻ അവർക്ക് താൽപര്യം കാണും. അവരുടെ അഭിപ്രായങ്ങൾക്കൊപ്പം രക്ഷാകർത്താക്കൾ നിൽക്കുകയാണ് വേണ്ടത്. നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനാണ് നാം നോക്കേണ്ടത്. കോളജുകളിലും യൂനിവേഴ്സിറ്റികളിലും സൗകര്യം വർധിപ്പിക്കുക.
കാമ്പസ് എല്ലാ സമയത്തും വിദ്യാർഥികൾക്ക് ഉപയോഗിക്കാൻ സാധിക്കുക. അങ്ങനെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ മികവ് പുറത്തറിഞ്ഞാൽ വിദ്യാർഥികൾ ഇങ്ങോട്ടുതന്നെ വരും. ആ രീതിയിലുള്ള മാറ്റങ്ങളാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പാക്കുന്നത്.
അതിന്റെ ഫലം കണ്ടുതുടങ്ങിയതിന്റെ തെളിവാണ് കേരള യൂനിവേഴ്സിക്ക് ലഭിച്ച ഉന്നത ഗ്രേഡ്. വിദേശ വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ അന്താരാഷ്ട്ര ഹോസ്റ്റൽ സമുച്ചയം ഉൾപ്പെടെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ പാഠ്യപദ്ധതി പരിഷ്കരണം നയമായി അംഗീകരിച്ചതാണ് സർക്കാർ.
കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിന് വർഷങ്ങൾക്കുമുമ്പ് തറക്കല്ലിട്ടത് അംഗീകാരമൊന്നും ലഭിക്കാതെയാണ്. ഇരു ജില്ലകളെയും ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നല്ലരീതിയിൽ മുന്നോട്ടുപോകുകയാണ്.
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന നേരത്തേയുള്ള പ്രഖ്യാപനവും കവിഞ്ഞ് ഓരോ വാർഡിലും ഒരു കളിക്കളം എന്ന നിലയിലേക്ക് സർക്കാർ മുന്നോട്ടുപോകുകയാണ്. കാർഷിക മേഖലയിൽ ഉൽപന്നങ്ങളുടെ മൂല്യവർധന നടപ്പാക്കാൻ സാധിക്കണം.
ആ രീതിയിലാണ് ഇപ്പോൾ പ്രവർത്തനങ്ങൾ മുന്നേറുന്നത്. പേരാമ്പ്ര സി.കെ.ജി കോളജ് വികസനത്തിന് രണ്ടേക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടി പൂർത്തിയായി. വയോജനങ്ങളുടെ കാര്യത്തിൽ മികച്ച പരിഗണനയാണ് സർക്കാർ നൽകുന്നത്.
പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് യാഥാർഥ്യമാകാത്തത്, വിദ്യാർഥികൾ പഠനത്തിനായി അന്യനാടുകളിലേക്ക് പോകുന്നത്, കാർഷിക മേഖലയായ കുറ്റ്യാടിയിൽ ഭൂമി തരിശിടുന്ന പ്രശ്നം, ഗ്രാമങ്ങളിൽ വേണ്ടത്ര കളിക്കളമില്ലാത്ത വിഷയം, സി.ബി.എസ്.ഇ വിദ്യാർഥികളുടെ കായിക മികവിനുള്ള സർട്ടിഫിക്കറ്റ് സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകരിക്കാത്തത്, കാർഷിക ഉൽപന്നങ്ങൾ ശീതീകരിച്ച് സൂക്ഷിക്കാനുള്ള സംവിധാനം വേണ്ടത്, സഹകരണ മേഖലയിൽ യൂനിവേഴ്സിറ്റി തുടങ്ങേണ്ടതിന്റെ ആവശ്യകത, സാധാരണ കലാകാരന്മാരെ സർക്കാർ പരിപാടികളിൽ കൂടുതൽ പങ്കെടുപ്പിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ നിർദേശങ്ങളും അഭിപ്രായങ്ങളുമാണ് യോഗത്തിൽ പ്രധാനമായും ഉയർന്നത്.
മുഖ്യമന്ത്രിക്കൊപ്പം കളരി ഗുരുക്കൾ മീനാക്ഷി, രമേശൻ പാലേരി (യു.എൽ.സി.സി.എസ്), പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവർ വേദി പങ്കിട്ടു. പ്രഭാതയോഗത്തിൽ ഗായകൻ വി.ടി. മുരളി, പാപ്പൂട്ടി, ലിസി മുരളീധരൻ, എ.കെ. പത്മനാഭൻ, ഡോ. വി.കെ. ജമാൽ, അലങ്കാർ ഭാസ്കരൻ, എ.കെ ചന്ദ്രൻ, ഡോ. സച്ചിൻ കുറ്റ്യാടി, പി.പി. ബബീഷ്, ഫ്രാൻസിസ് കൈതകുളത്ത് തുടങ്ങിയവർ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.