സി.എച്ച് മേൽപാലം ഭാഗികമായി തുറന്നു
text_fieldsകോഴിക്കോട്: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് നഗര ഹൃദയത്തിലെ സി.എച്ച് മേൽപാലം ഭാഗികമായി തുറന്നു. ജൂൺ 13 മുതൽ നവീകരണത്തിനായി അടച്ച പാലം ചൊവ്വാഴ്ച രാവിലെയാണ് തുറന്നത്. ഇനി പാലത്തിലൂടെ ബീച്ചിലേക്ക് വൺവേ ഗതാഗതം അനുവദിക്കും. എന്നാൽ തിരിച്ച് കിഴക്ക് ഭാഗത്തേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. കൈവരികളടക്കം പൊളിച്ചിട്ടതിനാൽ പാലത്തിൽ കാൽനടക്കാർക്ക് പ്രവേശനം അനുവദിക്കില്ല. പുതിയാപ്പ ബസുകൾ മോഡൽ സ്കൂൾ ജങ്ഷൻ വഴി വൈ.എം.സി.എ ക്രോസ് റോഡ് കടന്ന് ബാങ്ക് റോഡ് വഴി സി.എച്ച് പാലത്തിൽ പ്രവേശിക്കും.
ആദായ നികുതി വകുപ്പ് ഓഫീസിന് മുന്നിലെ വൺവേ ഒഴിവാക്കിയത് തുടരും. മേലേ പാളയം റോഡിലെ വൺവേയും വൈക്കം മുഹമ്മദ് ബഷീർ റോഡിലെ ഓട്ടോ സ്റ്റാൻഡ് ഒഴിവാക്കിയതും തുടരും. പാലത്തിലെ 75 ശതമാനം പണി പൂർത്തിയായിട്ടുണ്ട്. ഞായറാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിൽ പരിശോധന നടത്തി രണ്ട് ദിവസത്തിനകം പാലം ഭാഗികമായി തുറക്കുമെന്ന് അറിയിച്ചിരുന്നു. മൊത്തം 4.47 കോടി രൂപയുടെ നവീകരണമാണ് നടക്കുന്നത്. മുഴുവൻ പണികളും പൂർത്തീകരിച്ച് ഒക്ടോബറിൽ നാടിന് സമർപ്പിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.