സി.എച്ച് മേൽപാലം പണി വേഗത്തിൽ
text_fieldsകോഴിക്കോട്: മാർച്ച് 10ന് തുടങ്ങിയ സി.എച്ച് മേൽപാലം നവീകരണം പുരോഗമിക്കുന്നു. നവംബറിൽ മുഴുവൻ പണി തീർക്കുന്ന വിധമാണ് പണി പുരോഗമിക്കുന്നത്. ഓണത്തിരക്ക് തുടങ്ങും മുമ്പ് ആഗസ്റ്റ് 15നകം പാലം തുറക്കാനും അതിനുശേഷം പണി തീർക്കാനുമാവുമെന്നാണ് പ്രതീക്ഷ. രാത്രിയും പകലും 60ഓളം തൊഴിലാളികൾ പണിയെടുക്കുന്നു. ബലപ്പെടുത്തൽ 60 ശതമാനം തീർന്നു. ബീമുകളുടെയും കൈവരികളുടെയും പണിയാണ് കാര്യമായി നടക്കുന്നത്.
പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി തടഞ്ഞാണ് നിർമാണം നടക്കുന്നത്. മഴ പണിയെ കാര്യമായി ബാധിച്ചില്ലെന്നാണ് വിലയിരുത്തൽ. ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെങ്കിലും നഗരത്തിൽ ഗതാഗതക്കുരുക്ക് ഇടക്കിടെ തുടരുന്നു.
ഓണാഘോഷ നാളുകളിൽ പാലം അടഞ്ഞുകിടന്നാൽ കൂടുതൽ സജ്ജീകരണങ്ങൾ വേണ്ടിവരും. ഗാന്ധി റോഡ്, എ.കെ.ജി മേൽപാലം, ക്രിസ്ത്യൻ കോളജ് ജങ്ഷനുകൾ, റെയിൽവേ സ്റ്റേഷൻ റോഡ്, ഒന്നാം മേൽപാലം ഭാഗങ്ങളിലാണ് ഗതാഗതത്തിരക്ക് അനുഭവപ്പെടുന്നത്. പാലത്തിലേക്കുള്ള അപ്രോച്ച് റോഡുകളിലാണ് നിർമാണപ്രവർത്തനം ആരംഭിച്ചതെങ്കിലും ഇപ്പോൾ എല്ലാ ഭാഗത്തും പണി നടക്കുന്നു.
പാലത്തിൽ ചിപ്പിങ് പ്രവർത്തനം നടന്നു. ഹാൻഡ് റെയിൽ, കാന്റിലിവർ എന്നിവ പുതിയ വാർപ്പിൽ ബലപ്പെടുത്തിയെടുക്കും. മുംബൈ ആസ്ഥാനമായ സ്ട്രക്ചറൽ സ്പെഷാലിറ്റിസ് എന്ന കമ്പനിയാണ് പാലം നന്നാക്കാൻ കരാറെടുത്തത്. ഒമ്പത് മാസംകൊണ്ട് പണി തീർക്കണമെന്നാണ് കരാർ. ‘കതോഡിക് പ്രൊട്ടക്ഷൻ’ രീതിയിലുള്ള ബലപ്പെടുത്തലും നടക്കും.
കമ്പികളിലെ തുരുമ്പ് പുതിയ സാങ്കേതികവിദ്യയിലൂടെ പൂർണമായി തടയുകയാണ് രീതി. കൈവരികളിൽ ആദ്യമായി ഈ രീതി നടപ്പാക്കും. ഹൈഗ്രേഡ് കോൺക്രീറ്റിട്ട ശേഷം ആന്റി കാർബണൈറ്റ് കോട്ടിങ്ങും നൽകും. 1984ലാണ് മൂന്നാം റെയിൽവേ ഗേറ്റിന് കുറുകെ റെഡ് ക്രോസ് റോഡിൽ 25 സ്പാനുകളും 300 മീറ്ററോളം നീളവുമുള്ള മേൽപാലം പണിതത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.