സി.എച്ച് മേൽപാലം നവീകരണം; വ്യാപാരികൾക്ക് ഈയാഴ്ച മുതൽ ഒഴിപ്പിക്കൽ നോട്ടീസ്
text_fieldsകോഴിക്കോട്: സി.എച്ച് മേൽപാലം നവീകരിക്കുന്നതിന്റെ ഭാഗമായി പാലത്തിനടിയിലെ കച്ചവടക്കാർക്ക് ഒഴിയാനുള്ള നോട്ടീസ് നഗരസഭ ഈയാഴ്ച മുതൽ നൽകിത്തുടങ്ങും. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന വ്യാപാരികളടക്കമുള്ളവർ പങ്കെടുത്ത യോഗ തീരുമാന പ്രകാരമാണിത്.
ഇതുപ്രകാരം നവംബർ 30നകം എല്ലാ മുറികളും ഒഴിയണമെന്നാണ് തീരുമാനം. ഡിസംബർ ആദ്യവാരം പാലം പണി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. പാലത്തിനടിയിലെ കെട്ടിടങ്ങൾ മുഴുവൻ പൊളിച്ചുനീക്കി സ്ഥലം കോർപറേഷൻ പൊതുമരാമത്ത് വകുപ്പിന് കൈമാറും.
കെട്ടിടങ്ങൾ മുഴുവൻ പൊളിക്കാതെ അറ്റകുറ്റപ്പണി നടത്താനാവില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം അറിയിക്കുകയായിരുന്നു. പാലത്തിന്റെ മുഴുവൻ സ്പാനുകളിലും അറ്റകുറ്റപ്പണി വേണം. കൂടാതെ പാലത്തിനടിയിൽ മുഴുവൻ പെയിന്റിടലും മറ്റ് അനുബന്ധ പ്രവർത്തനവും നടത്തണം.
ഇക്കാരണത്താലാണ് കട മുഴുവൻ പൊളിക്കാൻ തീരുമാനമായത്. ഘട്ടം ഘട്ടമായി പണി നടത്തണമെന്ന ആവശ്യം പ്രായോഗികമല്ലെന്നാണ് പൊതുമരാമത്ത് എൻജിനീയർമാർ പറയുന്നത്. എന്നാൽ, നിർമാണ കാലാവധി പരമാവധി കുറച്ച് പെട്ടെന്ന് തീർക്കാൻ ശ്രമിക്കും.
51 വ്യാപാരികളാണ് ഇപ്പോൾ കച്ചവടം നടത്തുന്നത്. പൊതുമരാമത്ത് വകുപ്പ് പണിത പാലത്തിനടിയിൽ വ്യാപാരികൾക്ക് കച്ചവടം ചെയ്യാൻ കരാർ നൽകിയത് കോർപറേഷനാണ്. കോർപറേഷന് വരുമാനമെന്ന നിലയിലാണ് അന്ന് ജനപ്രതിനിധികൾ ഇടപെട്ട് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
ഇങ്ങനെ പാലത്തിനടിയിൽ കടകൾ അനുവദിക്കുന്ന സംവിധാനം ഇപ്പോഴില്ല. 1985ൽ കടക്കാർക്ക് ടെൻഡർ പ്രകാരം 10 കൊല്ലത്തേക്കായിരുന്നു കടകൾ ആദ്യഘട്ടത്തിൽ അനുവദിച്ചത്.
1984ലാണ് മൂന്നാം റെയിൽവേ ഗേറ്റിന് കുറുകെ റെഡ് ക്രോസ് റോഡിൽ 25 സ്പാനുകളും 300 മീറ്ററോളം നീളവുമുള്ള നഗരത്തിലെ ആദ്യത്തെ മേൽപാലം പൂർത്തിയായത്. പാലം പണിക്ക് ഈയിടെ ഭരണാനുമതിയായിരുന്നു. ടെൻഡർ നൽകി നിർമാണക്കരാർ ഏൽപിക്കുന്ന നടപടി പെട്ടെന്നുണ്ടാവുമെന്നാണ് വാഗ്ദാനം.
നിർമാണത്തിന് മേൽനോട്ട സമിതി
പാലം പണിയുടെ പുരോഗതി പരിശോധിക്കാൻ വ്യാപാരി പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി ജില്ല കലക്ടറുടെ നേതൃത്വത്തിൽ മോണിറ്ററിങ് കമ്മറ്റി രൂപവത്കരിക്കും. പണി കഴിഞ്ഞാൽ നിലവിലുള്ള കച്ചവടക്കാർക്കുതന്നെ നൽകും.
നന്നാക്കുമ്പോൾ കടകളിലെ സാധനങ്ങൾ കേടാവാതെ നോക്കാൻ കോർപറേഷൻ സംവിധാനമൊരുക്കുന്നതും ലൈസൻസിൽ ഇളവ് ചെയ്യുന്നതും കോർപറേഷൻ കൗൺസിൽ തീരുമാനിക്കും. സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലം വ്യാപാരികൾ കണ്ടെത്തിയാൽ അനുവദിക്കുന്ന കാര്യവും കൗൺസിൽ തീരുമാനിക്കും.
പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങൾക്ക് നികുതി കൂട്ടുന്നത് ഒഴിവാക്കുന്നതും കൗൺസിൽ പരിഗണിക്കും. എന്നാൽ, പുതിയ മുറികൾക്ക് വൈദ്യുതി, കുടിവെള്ള കണക്ഷൻ എന്നിവ വ്യാപാരികൾതന്നെ വാങ്ങണം. ഇവ പഴയ കണക്ഷനായി പരിഗണിക്കുന്ന കാര്യം വാട്ടർ അതോറിറ്റി, വൈദ്യുതി വകുപ്പ് എന്നിവയുമായി കോർപറേഷൻ ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.