സി.എച്ച് മേൽപ്പാലം നാളെ പൂർണമായി തുറക്കും
text_fieldsകോഴിക്കോട്: നഗരത്തിലെ സി.എച്ച് മേൽപ്പാലം നവീകരണം പൂർത്തിയാക്കി ഞായറാഴ്ച പൂർണമായി തുറക്കും. ഇപ്പോൾ ബീച്ച് ഭാഗത്തേക്ക് മാത്രമാണ് പാലം വഴി വാഹനങ്ങൾ കടത്തിവിടുന്നത്. ഞായറാഴ്ച രാവിലെ ഒമ്പതിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്നും ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ചെറിയ ശമനമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. 95 ശതമാനം പണി തീർന്നതായും നവംബറോടെ അറ്റകുറ്റപ്പണി പൂർണമാവുമെന്നും കരാറുകാരായ മുംബൈ ആസ്ഥാനമായുള്ള സ്ട്രെക്ചറൽ സ്പെഷാലിറ്റീസ് പ്രോജക്ട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് റീജനൽ മാനേജർ എൻ. അനിൽ പറഞ്ഞു. ഇതേ കമ്പനിയുടെതന്നെ നേതൃത്വത്തിൽ ഫ്രാൻസിസ് റോഡ് എ.കെ.ജി മേല്പാലം നവീകരണം നവംബറിൽ തുടങ്ങും. മാങ്കാവ്, കല്ലുത്താൻ കടവ് പാലം നന്നാക്കാനും തീരുമാനമായി.
ഒമ്പതു മാസം കൊണ്ട് പണി തീർക്കണമെന്നാണ് കരാർ. പാലത്തിലെ ലൈറ്റുകൾ കരാറിലില്ല. ‘കതോഡിക് പ്രൊട്ടക്ഷൻ’ രീതിയിലുള്ള ബലപ്പെടുത്തൽ നടന്നു. കമ്പികളിലെ തുരുമ്പ് പുതിയ സാങ്കേതിക വിദ്യയിലൂടെ പൂർണമായി തടയുകയാണ് രീതി. കൈവരികളിൽ ഈ രീതി നടപ്പാക്കി. ഹൈഗ്രേഡ് കോൺക്രീറ്റിട്ട ശേഷം ആന്റി കാർബണൈറ്റ് കോട്ടിങ്ങും നൽകി. ഹൈസ്ട്രങ്ത് മോർട്ടാർ, അപോക്സി ഗ്രൗട്ടിങ് തുടങ്ങിയവയെല്ലാം പാലത്തിൽ നടത്തി.
1984ലാണ് മൂന്നാം റെയിൽവേ ഗേറ്റിന് കുറുകെ റെഡ് ക്രോസ് റോഡിൽ 25 സ്പാനുകളും 300 മീറ്ററോളം നീളവുമുള്ള മേല്പാലം പണിതത്. ജൂൺ 13ന് നവീകരണത്തിനായി പാലം അടച്ചു. മേയിൽ തുടങ്ങിയ പണി 10 മാസത്തിനകം തീർക്കാനായിരുന്നു കരാറെങ്കിലും ലക്ഷ്യത്തിലും കുറഞ്ഞ സമയത്തിനകം പൂർത്തീകരിക്കാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.