വള്ളംകളിക്ക് ചാലിയാർ ഒരുങ്ങുന്നു
text_fieldsഫറോക്ക്: വള്ളംകളിയുമായി ബന്ധപ്പെട്ട് ചാലിയാർ തീരത്ത് സുരക്ഷാപരിശോധന നടത്തി. പഴയപാലം മുതൽ പുതിയപാലംവരെ പുഴയുടെ ഫറോക്ക് ഭാഗത്തെ തീരത്താണ് നഗരസഭയും വിനോദസഞ്ചാര വകുപ്പും പൊലീസും പരിശോധന നടത്തിയത്.
നഗരസഭ ചെയർമാൻ എൻ.സി. അബ്ദുറസാഖ്, ഉപാധ്യക്ഷ കെ. റീജ, സ്ഥിരംസമിതി അധ്യക്ഷരായ കെ.പി. നിഷാദ്, എം. ഷമീസ്, കൗൺസിലർ കെ. മുഹമ്മദ് കോയ, ഹെൽത്ത് ഇൻസ്പെക്ടർ സി.കെ. വത്സൻ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എ.ഇ, പി. ഷൈസി, ടൂറിസം ജോയൻറ് ഡയറക്ടർ അഭിലാഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ മനോജ് കുമാർ, ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖ്, ഫറോക്ക് സി.ഐ സന്ദീപ് കുമാർ, ഫറോക്ക് എസ്.ഐ വി.ആർ. അരുൺ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
മലബാറിന്റെ ഓണാഘോഷത്തിന് മാറ്റേകാൻ ചാലിയാറിൽ 10നാണ് ഫറോക്ക് കേന്ദ്രീകരിച്ച് വടക്കൻ ചുരുളൻവള്ളങ്ങൾ പങ്കെടുക്കുന്ന മത്സരവള്ളംകളി സംഘടിപ്പിക്കുന്നത്. ചാലിയാർപുഴയിൽ ഫറോക്ക് പഴയപാലത്തിനും പുതിയപാലത്തിനും മധ്യേയാണ്.
മത്സരവേദി. മലബാർ മേഖലയിലെ പത്ത് ടീമുകൾ പങ്കെടുക്കും. മത്സരത്തിനായി മുപ്പതിലേറെ താരങ്ങൾ തുഴയുന്ന, 60 അടിയിലേറെ നീളമുള്ള ചുരുളൻ വള്ളങ്ങൾ ബേപ്പൂരിൽ എത്തും.
കാസർകോട് ചെറുവത്തൂർ, നീലേശ്വരം മേഖലയിൽ മത്സരവള്ളങ്ങൾ പരിശീലനം ആരംഭിച്ചിട്ടുണ്ട്. കേരളത്തിന്റെ തനത് കായിക ഇനമായ വള്ളംകളി മത്സരങ്ങൾ മലബാർ മേഖലയിൽ കൂടുതൽ വ്യാപിപ്പിക്കുന്നത് ആവേശത്തോടെയാണ് നാട് ഏറ്റെടുത്തിരിക്കുന്നത്. കായികപ്രേമികൾക്കും ഏറെ സന്തോഷംപകരും. ഇതിന്റെ ഭാഗമായി വിവിധ കലാസാംസ്കാരിക പരിപാടികളുമുണ്ടാകും.
നെഹ്രുട്രോഫി വള്ളംകളി മത്സരത്തോടുകൂടി ആലപ്പുഴയിൽ ആരംഭിച്ച് നവംബർ 26ന് കൊല്ലത്ത് അവസാനിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായാണ് ഇത്തവണ മുതൽ ചാലിയാറിലും വള്ളംകളി മത്സരം സംഘടിപ്പിക്കുന്നത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ല ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായാണ് സംഘാടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.