ചാലിയാറിന്റെ താണ്ഡവം ശക്തമായി; ജങ്കാർ ഓട്ടം നിർത്തി
text_fieldsകടലുണ്ടി: ചാലിയാറിന്റെ ഓളപ്പരപ്പിൽ ജങ്കാറിന് കരപറ്റാൻ പ്രയാസമായതോടെ വ്യാഴാഴ്ച സർവിസ് നിർത്തി. ചാലിയാറിൽ ഓളങ്ങളുടെ ശക്തി കുറഞ്ഞാൽ വെള്ളിയാഴ്ച സർവിസ് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ബേപ്പൂർ ഭാഗത്തെ പുലിമുട്ട് ചാലിയാറിലേക്ക് കൂടുതൽ തള്ളിവന്നതാണ് ജങ്കാർ ജെട്ടിയിൽ വെള്ളം തിരമാല കണക്കേ ഉയരാൻ ഇടവരുത്തിയത്.
നിറയെ യാത്രക്കാരും വാഹനങ്ങളുമായി ജങ്കാർ കരപറ്റുമ്പോൾ ഓളപ്പരപ്പിൽ ജെട്ടിയിൽ അടുപ്പിക്കാൻ കഴിയാതെ ജീവനക്കാർ പാടുപെടുകയാണ്. ചാലിയാറിന്റെ താണ്ഡവം ഇനിയും ശക്തമായാൽ സുരക്ഷ കൈവിടുമോയെന്നും ആശങ്കയുണ്ട്. ജങ്കാർ ജെട്ടിയുടെ അരക്കിലോമീറ്റർ കിഴക്ക് മാറിയാണ് തുറമുഖ ജെട്ടി.
ഇവിടെ ആഴംകൂട്ടുന്നതിന്റെ ഭാഗമായി മണ്ണും ചളിയും വാരി ട്രഡ്ജിങ്ങും നടത്തിയിരുന്നു. ആ സമയം ജങ്കാർ ജട്ടിക്കരികിലും ആഴംകൂട്ടിയിരുന്നു. ഇവിടെ ട്രഡ്ജിങ് നടത്തിയതും ആഴം വർധിക്കാൻ കാരണമായിട്ടുണ്ടാകാമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
കടവിൽ ബോട്ട് സർവിസ് തുടങ്ങിയ കാലത്ത് ഇരുകരകളിലും തടിമരങ്ങൾ ഉപയോഗിച്ച് നിർമിച്ച താൽക്കാലിക ജെട്ടിയായിരുന്നു. പുഴയിലെ ഓളപ്പരപ്പിൽ ജെട്ടി ഒലിച്ചുപോവാറുള്ളതും നിത്യസംഭവമായിരുന്നു. ജങ്കാർ സർവിസ് ആരംഭിച്ചതോടെയാണ് കോൺക്രീറ്റ് നിർമിത സ്ഥിരം ജെട്ടി സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.