പാളയം പച്ചക്കറി മാർക്കറ്റ് മാറ്റൽ; കുടിയിറക്കാൻ അനുവദിക്കില്ല
text_fieldsകോഴിക്കോട്: പാളയം പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റാനുള്ള കോർപറേഷൻ നീക്കത്തിനെതിരെയുള്ള വ്യാപാരികളുടെ സമരം ഏറ്റെടുത്ത് എം.കെ. രാഘവൻ എം.പി. 24 മണിക്കൂർ ഉപവാസം തുടങ്ങി. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആരംഭിച്ച ഉപവാസം ചൊവ്വാഴ്ച രാവിലെ ഒമ്പത് വരെ നീളും. ഉപവാസസമരം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മാർക്കറ്റ് നിൽക്കുന്ന 3.5 ഏക്കർ ഭൂമി സ്വകാര്യ കമ്പനിക്ക് മാൾ നിർമിക്കാൻ നൽകി കമീഷൻ പറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കോർപറേഷൻ പാളയത്തുനിന്ന് വ്യാപാരികളെ ഒഴിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഗതാഗതക്കുരുക്കിന്റെ പേരുപറഞ്ഞാണ് പച്ചക്കറി മാര്‍ക്കറ്റ് മാറ്റാന്‍ നീക്കം നടത്തുന്നത്. നിയമപ്രകാരം ആധുനിക രീതിയിലുള്ള ട്രാഫിക് പരിഷ്കരണങ്ങളിലൂടെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സാധിക്കും. അതു പരിഗണിക്കാതെ മാര്‍ക്കറ്റ് തന്നെ മാറ്റുന്നത് വന്‍കിടക്കാരുടെ താല്പര്യം പരിഗണിച്ചുകൊണ്ടെന്ന് വ്യക്തമാണ്. കച്ചവടക്കാരുടെ ക്ഷേമമാണ് കോർപറേഷന് പ്രധാനമെങ്കില്‍ പാളയം മാര്‍ക്കറ്റില്‍ ആധുനിക സൗകര്യം ഒരുക്കുകയാണ് വേണ്ടത്. പകരം കച്ചവടക്കാരുടെ വയറ്റത്തടിച്ചേ മതിയാകൂവെന്നാല്, കോണ്‍ഗ്രസ് ശക്തമായി തിരിച്ചടിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. 45 വർഷം സി.പി.എം കോർപറേഷൻ അധികാരം കൈയാളിയിട്ട് പാളയത്ത് സൗകര്യം വർധിപ്പിക്കാൻ നടപടി സ്വീകരിച്ചോ എന്നും അദ്ദേഹം ചോദിച്ചു.
പാളയത്തെ പൈതൃക സ്വത്തായ മാര്‍ക്കറ്റ് പണയപ്പെടുത്താനുള്ള കോർപറേഷന്റെ നീക്കങ്ങള്‍ക്കെതിരെയുള്ള സമരത്തില്‍ ചാവേറായി താന്‍ ഉണ്ടാകുമെന്ന് എം.കെ. രാഘവന് എം.പി. വ്യക്തമാക്കി. പൈതൃക സ്വത്ത് കൈയേറാന്‍ അനുവദിക്കില്ല. 2025ല്‍ കോഴിക്കോട് കോർപറേഷന് ഭരണം കോണ്‍ഗ്രസ് പിടിച്ചെടുക്കും. അധികാരത്തിലേറിയാല്‍ അനധികൃത കെട്ടിടങ്ങള്‍ക്ക് നല്കിയ അനുമതി റദ്ദ് ചെയ്യും. 2026ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ പാളയം മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള പൈതൃക സ്വത്ത് സംരക്ഷണത്തിനായി സമഗ്ര നിയമ നിർമാണം നടത്തുമെന്നും എം.പി വ്യക്തമാക്കി.
ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ ജയന്ത്, പി.എം നിയാസ്, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്മണ്യന്, മുസ്ലിം ലീഗ് നേതാക്കളായ കെ. ഖാദര്‍ മാസ്റ്റര്‍, അഹമ്മദ് പുന്നക്കല്‍, ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ് മണി, ഐ.എന്‍ടി.യു.സി അഖിലേന്ത്യ നേതാവ് എം.പി പത്മനാഭന്, ഐ.എന്‍ടി.യു.സി ജില്ല പ്രസിഡന്റ് കെ. രാജീവ്, കെ.പി. ബാബു, ബാലകൃഷ്ണ കിടാവ്, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി വിദ്യാബാലകൃഷ്ണന്, എൻ.എസ്.യു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കെ.എം. അഭിജിത്ത്, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എം. രാജന്, മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ഗൗരി പുതിയോത്ത്, കോർപറേഷന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ദിനേശ് പെരുമണ്ണ, ഷെറില്‍ ബാബു, ഷാജിര്‍ അറാഫത്ത്, കൗണ്‍സിലര്‍മാരായ എസ്.കെ അബൂബക്കര്‍, ഡോ. അജിത തുടങ്ങിയവര്‍ പങ്കെടുത്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.എം. അബ്ദുറഹ്മാന് സ്വാഗതം പറഞ്ഞു. എംപിയുടെ ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.എ.ന്‍ടി.യു.സിയുടെ നേതൃത്വത്തില്‍ സമരപന്തലിലേക്ക് പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.