നടപടിക്ക് മടിച്ച് അധികൃതർ; ചേളന്നൂരിൽ തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തുന്നു
text_fieldsചേളന്നൂർ: കണ്ടൽക്കാടുകൾ വെട്ടി തണ്ണീർത്തടം നികത്തുമ്പോൾ റവന്യൂ അധികൃതർക്ക് മൗനം. ചെലപ്രം കല്ലുപുറത്ത് താഴത്ത് അതിലോല പ്രദേശത്താണ് മത്സ്യസമ്പത്തുകൾക്കും കണ്ടൽക്കാടിനും ഭീഷണിയായി മണ്ണ് നികത്തുന്നത്. വില്ലേജ് അധികൃതരുടെ പൂർണ സഹകരണത്തോടെയാണ് മണ്ണ് നികത്തുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
മണ്ണ് നികത്തുമ്പോൾ അന്നത്തെ വില്ലേജ് ഓഫിസർക്ക് പരാതി നൽകിയിരുന്നതാണ്. സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ടെന്നാണ് അന്ന് വില്ലേജ് ഓഫിസർ അറിയിച്ചതത്രെ. അതിനുശേഷവും നിരവധി ലോഡ് മണ്ണ് ഇറക്കിയിട്ടുണ്ട്. ചെലപ്രം ജുമുഅത്ത് പള്ളിക്ക് മുൻവശത്തെ തണ്ണീർത്തടം നികത്തിയതിനെതിരെ നടപടിയൊന്നുമില്ലെന്ന ധൈര്യത്തിൽ സ്വകാര്യ വ്യക്തി ചെലപ്രം പാലത്തിനു സമീപത്തെ കണ്ടൽ നശിപ്പിച്ച് മണ്ണ് നികത്തുകയാണ്.
നികത്തലിനുപിന്നിൽ മണ്ണ് ലോബിയാണ് രംഗത്ത്. ചട്ടങ്ങൾക്ക് വിരുദ്ധമായി ഇൗ ഭാഗം തരംമാറ്റലിന് അപേക്ഷ നൽകിയതായാണ് വിവരം. വില്ലേജ് അധികൃതരുടെ ഒത്താശയോടെയാണ് തരംമാറ്റലെന്നാണ് ആക്ഷേപം. തരംമാറ്റിയാലും പരാതിയുണ്ടെങ്കിൽ പുനഃപരിശോധിച്ച് നടപടി എടുക്കാൻ കഴിയുമെന്നാണ് ഡെപ്യൂട്ടി കലക്ടർ അറിയിച്ചത്. പ്രദേശത്തെ പ്രമുഖ രാഷ്ട്രീയപാർട്ടികളും സംഘടനകളും പാരിസ്ഥിതികാഘാതമുണ്ടാക്കുന്ന മണ്ണു നികത്തലിനെതിരെ മൗനം പാലിക്കുന്നതും ചർച്ചാവിഷയമായിട്ടുണ്ട്. മണ്ണ് നികത്തൽ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും മുമ്പ് അനുവാദം നൽകിയതാണോ എന്നും തരം മാറ്റിയതാണോ എന്നും അന്വേഷിച്ച് നടപടികൾ സ്വീകരിക്കുമെന്നും ചേളന്നൂർ വില്ലേജ് ഓഫിസർ മുനീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.