ഹിന്ദി പ്രിയമാക്കാനൊരുങ്ങി ചേളന്നൂർ പഞ്ചായത്ത്
text_fieldsചേളന്നൂർ: അൽപം ഒഴിവുകിട്ടിയാൽ ഹിന്ദി ഭാഷ പഠിക്കുന്നതിന്റെയും സംസാരിക്കുന്നതിന്റെയും തിരക്കിലാണ് ചേളന്നൂരിലെ ജനങ്ങൾ. കുടുംബശ്രീ യോഗം മുതൽ പഞ്ചായത്ത് ബോർഡ് മീറ്റിങ്ങിൽ വരെ ഹിന്ദിപഠനം മുഖ്യ അജണ്ടയാണ്. കഴിഞ്ഞ വർഷമാണ് സമ്പൂർണ ഹിന്ദിസാക്ഷരത പദ്ധതിക്ക് പഞ്ചായത്തിൽ തുടക്കമിട്ടത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ ചെയർമാനും വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, ശശികുമാർ ചേളന്നൂർ, പി. പ്രദീപ് കുമാർ, എ. വേലായുധൻ എന്നിവർ നേതൃത്വം നൽകുന്ന സംഘാടകസമിതിയും അക്കാദമിക, മോണിറ്ററിങ്, പബ്ലിക് റിലേഷൻസ് എന്നീ സബ് കമ്മിറ്റികളും രൂപവത്കരിച്ചു.
സാക്ഷരത പ്രവർത്തകർ, വിമുക്തഭടന്മാർ, അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ, സന്നദ്ധ പ്രവർത്തകർ, പ്രവാസികൾ എന്നിവരുടെ യോഗങ്ങൾ വിളിച്ചുചേർത്ത് നിർദേശങ്ങൾ തേടി. ഹിന്ദി എഴുതാനും വായിക്കാനും സംസാരിക്കാനും അറിയുന്നവരെ കുറിച്ചുള്ള സർവേ കുടുംബശ്രീ വീടുതോറും നടത്തി.
നാട്ടിന്‍പുറത്ത് ഇതരസംസ്ഥാന തൊഴിലാളികൾ സജീവമായകാലത്ത് ഹിന്ദി സംസാരിക്കാനുള്ള ആഗ്രഹമായിരുന്നു ഭൂരിഭാഗം ആളുകളും പങ്കുവെച്ചത്. ഹിന്ദി സാക്ഷരതക്കൊപ്പം സ്പോക്കൺ ഹിന്ദിയും നടപ്പാക്കാൻ പഞ്ചായത്ത് തീരുമാനിച്ചു. വാർഡ് തോറും സംഘാടകസമിതി രൂപവത്കരിച്ച് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി.
പഞ്ചായത്തിലെ 21 വാർഡുകളിൽനിന്ന് തിരഞ്ഞെടുത്ത ഇന്‍സ്ട്രക്ടര്‍മാർക്ക് അക്കാദമിക കമ്മിറ്റി പരിശീലനം നല്‍കി. ശിൽപശാലയിൽ ഹിന്ദി അധ്യാപകർ തയാറാക്കിയ മൊഡ്യൂള്‍ ഉപയോഗിച്ചാണ് പഠിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍നിന്ന് കഴിഞ്ഞ തവണ 25,000 രൂപയും ഇത്തവണ 50,000 രൂപയും പദ്ധതിക്കായി നീക്കിവെച്ചു.
ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. എം.എസ്. മുരളീധരന്‍, സെനറ്റ് അംഗം ഗോപി ചെറുവണ്ണൂർ, ജില്ല പ്രസിഡന്റ് എം.പി. പത്മനാഭൻ, പി.കെ. ശ്രീധരൻ എന്നിവർ ഭാഷാപഠനത്തിന് പിന്തുണ നൽകുകയും ചെയ്തതോടെ കാര്യങ്ങൾ എളുപ്പമാകുകയാണ്.
അടുത്ത റിപ്പബ്ലിക് ദിനത്തിൽ സമ്പൂർണ ഹിന്ദി സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിക്കലാണ് ലക്ഷ്യം. അതിനായി എല്ലാ വാർഡിലും പഠനോപകരണങ്ങൾ വിതരണവും നടത്തി. സമ്പൂർണ ഹിന്ദിസാക്ഷരത നേടുന്ന ഇന്ത്യയിലെ തന്നെ ആദ്യ ഹിന്ദിയിതര സംസ്ഥാനങ്ങളിലെ ആദ്യപഞ്ചായത്തായി മാറാനുള്ള ആവേശത്തിലാണ് ചേളന്നൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.