അനുഭവങ്ങൾ സ്വന്തം; മോട്ടിവേറ്ററായി അസി. കലക്ടർ
text_fieldsചേളന്നൂർ: അമ്മക്ക് വിദ്യാഭ്യാസമില്ല, അച്ഛന് സോപ്പുപൊടിയും മറ്റു മസാല സാധനങ്ങളും വിൽക്കുന്ന കുഞ്ഞിക്കട. ട്യൂഷനൊന്നും പോവാതെ പഠിച്ചു. അമ്മക്ക് പഠിപ്പില്ലെങ്കിലും മക്കളെ പഠിപ്പിക്കണമെന്ന് നിർബന്ധമായിരുന്നു. കഷ്ടപ്പാടുകൾ കൂടപ്പിറപ്പാണെങ്കിലും നിശ്ചയദാർഢ്യവും കഠിനാധ്വാനവും ഫലംകണ്ടു -ജില്ല അസി. കലക്ടർ ആയുഷ് ഗോയൽ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ ഇക്കാലമത്രയും നേരിൽകേട്ട മോട്ടിവേഷന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്നായി വിദ്യാർഥികൾക്കത്.
എ.കെ.കെ.ആർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 'ദീപ്തം 2024'പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂഡൽഹിയിലെ വളരെ പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചത്. ജനനം വളർച്ചക്ക് തടസ്സമല്ല. കഠിനാധ്വാനം ചെയ്യാൻ തയാറായാൽ വിജയം കൈവരും. താൻ എം.ബി.എക്ക് പഠിച്ച ഐ.ഐ.എമ്മിന് അടുത്തുതന്നെ അസി. കലക്ടറായി ജോലി ലഭിച്ചതും സന്തോഷംതരുന്നെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർഥികൾ, വിരമിച്ച അധ്യാപകർ, വിവിധ മേഖലയിൽ നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികൾ എന്നിവരെയും ആദരിച്ചു. ഐ.എസ്.ആർ.ഒ മുൻ പ്രോജക്ട് ഡയറക്ടർ ഇ.കെ. കുട്ടി മുഖ്യാതിഥിയായി. വിജയോത്സവം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീറും വിവിധ ക്ലബുകളുടെ ഉദ്ഘാടനം വാർഡ് അംഗം എൻ. രമേശനും നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സി. പത്മനാഭൻ, പ്രധാനാധ്യാപിക ബി.എസ്. ഷീജ, ജി.ഒ. ബിന്ദു, എ. ബിജുനാഥ്, മുരളി, ബാബുരാജ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ. മനോജ് കുമാർ സ്വാഗതവും മുഹമ്മദ് സാദിഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.