പൊങ്ങിലോടിപ്പാറ-മുക്കത്തുതാഴം മരപ്പാലം; ദുരന്തത്തിലേക്കുള്ള പാത
text_fieldsചേളന്നൂര്‍: ബണ്ട് പാലം തകര്‍ന്നതിനെ തുടര്‍ന്ന് പൊങ്ങിലോടിപ്പാറ-മുക്കത്തുതാഴം പ്രദേശവാസികളുടെ യാത്ര ദുരിതത്തിൽ. പാലം തകർന്നതിനെത്തുടർന്ന് താല്‍ക്കാലികമായി നിര്‍മിച്ച മരപ്പാലത്തിലൂടെയാണ് പ്രദേശവാസികൾ യാത്രചെയ്യുന്നത്. ഇതുവഴി രാത്രിയാത്ര അപകടകരമാകുകയാണ്.
പുതിയ പാലം യാഥാർഥ്യമാകുന്നതോടെ ഉപ്പുവെള്ള പ്രതിരോധ ബണ്ടും യാഥാർഥ്യമാകുമെന്നാണ് അധികൃതർ വാഗ്ദാനം നൽകിയത്. ചേളന്നൂര്‍-തലക്കുളത്തൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബണ്ട് പാലമാണ് 2019 ജനുവരി മാസത്തില്‍ ടിപ്പര്‍ ലോറി കടന്നുപോകുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ പൊട്ടിവീണ് തകര്‍ന്നത്.
പുനര്‍ നിർമിക്കുന്നതിനായി സ്ഥലം എം.എല്‍.എയും മന്ത്രിയുമായ എ.കെ. ശശീന്ദ്രെൻറ ഇടപെടലിനെ തുടര്‍ന്ന് 70 ലക്ഷത്തിെൻറ അനുമതി ലഭിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. കക്കോടി, ചേളന്നൂര്‍ പ്രദേശങ്ങളെ തലക്കുളത്തൂര്‍, അത്തോളി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന യാത്രാമാര്ഗംകൂടിയാണിത്. ഒളോപ്പാറ, കാച്ചിറ ബണ്ട് കേന്ദ്രീകരിച്ചുള്ള പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാര പദ്ധതിയുടെയും പാവയില്‍ ഫെസ്റ്റിെൻറയും ഭാഗംകൂടിയാണ് ബണ്ട് പാലമുള്ള പ്രദേശം.
പുതിയ പാലം നിര്‍മിക്കുന്ന പ്രവൃത്തി ഉടന്‍ തുടങ്ങുമെന്ന് മൈനർ ഇറിഗേഷൻ വിഭാഗം അസിസ്റ്റൻറ് എൻജിനീയർ രസ്ന പറഞ്ഞു. 12 മീറ്ററോളം നീളത്തിലും അഞ്ചു മീറ്ററോളം വീതിയിലുമാണ് ബണ്ട് പാലം നിര്‍മിക്കുക. ഉപ്പുവെള്ളത്തെ പ്രതിരോധിക്കാന്‍ രണ്ടു വലിയതും രണ്ടു ചെറിയതുമായ ഷട്ടറുകളാണുണ്ടാവുക. കോവിഡ് പ്രതിസന്ധിയും മറ്റു സാങ്കേതിക കാരണങ്ങളുമാണ് പ്രവൃത്തി വൈകാൻ ഇടയാക്കിയതെന്നും ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നും രസ്ന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.