സാഫല്യമാവാതെ 'സാഫല്യം' ഭവനപദ്ധതി
text_fieldsചേളന്നൂർ: സാഫല്യം ഭവനപദ്ധതി കാടുമൂടുന്നു. കണ്ണങ്കര രാജീവ് ഗാന്ധി കോളനിക്കു സമീപം 66 കുടുംബങ്ങൾക്ക് താമസിക്കാനുള്ള സാഫല്യം ഫ്ലാറ്റുകളാണ് കാടുപിടിച്ച് നശിക്കുന്നത്. ഹൗസിങ് ബോർഡ് നിർമിച്ച ഫ്ലാറ്റ് സമുച്ചയം സാമൂഹികവിരുദ്ധരുടെ താവളമായി മാറിയതായി പരിസരവാസികൾ പറയു ന്നു. അപേക്ഷ നൽകിയ 66 പേരിൽ പകുതിയോളം പേർ ഇതിനകം അപേക്ഷ പിൻവലിച്ച ഗുണഭോക്ത്യ വിഹിതം തിരിച്ചുവാങ്ങി.
വീടും സ്ഥലവും ഇല്ലാത്തവർക്കും തെരുവോരങ്ങളിൽ കഴിയുന്നവർക്കുംവേണ്ടി ചെറിയ ഗുണഭോക്ത്യ വിഹിതം അപേക്ഷകരിൽനിന്ന് നേരിട്ടല്ലാതെ ചാരിറ്റി വഴിയാണ് നൽകിയത്. അടിസ്ഥാന സൗകര്യങ്ങളായ വെള്ളം, കക്കൂസ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കേണ്ടത് കരാർ പ്രകാരം പഞ്ചായത്താണ്. ഇക്കാര്യത്തിൽ അധികൃതർ അലംഭാവമാണ് കാട്ടിയതെന്ന് മുൻ വാർഡ് മെംബർ പി. സുരേഷ് കുമാർ പറയുന്നു. കുടിവെള്ളത്തിന് സ്ഥലത്ത് അഞ്ചു തവണ ഭൂഗർഭജല വിഭാഗം പരിശോധിച്ചതാണെന്നും ജലദൗർലഭ്യവും അടിസ്ഥാനപഠനവും നടത്താതെയുമാണത്രെ നിർമാണം നടത്തിയതത്രെ. പാവങ്ങളുടെ കിടപ്പാടമെന്ന സ്വപ്നം തകർക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കർഷകമോർച്ച മണ്ഡലം ട്രഷറർ രാമചന്ദ്രൻ പൂക്കാട്ടും പറയുന്നു.
അതേസമയം, പദ്ധതി നടപ്പാക്കുന്നത് ഭവന നിർമാണ ബോർഡാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല പറഞ്ഞു. കുടിവെള്ളത്തിന് ജില്ല പഞ്ചായത്ത് തുക അനുവദിച്ചെങ്കിലും തൊട്ടടുത്ത് കിണറിന് സ്ഥലം ലഭിക്കാത്തതാണ് പ്രതിസന്ധിയായത്. ഇക്കാര്യം ഭവനനിർമാണ ബോർഡിനെ അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ 66 ഗുണഭോക്താക്കളിൽ 40 പേർക്ക് ലൈഫ് പദ്ധതിയിൽ ഇതിനകം വീട് ലഭ്യമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.