വാക്സിൻ ലഭിക്കാതെ ആദിവാസി കോളനികൾ
text_fieldsചേളന്നൂർ: സാങ്കേതിക വിദ്യയിൽ പരിജ്ഞാനമില്ലാത്തതിനാൽ ആദിവാസി കോളനിയിലെ കുടുംബാംഗങ്ങൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ലഭിച്ചില്ലെന്ന പരാതിയുമായി ഊരുമൂപ്പൻ. ചേളന്നൂർ പഞ്ചായത്തിലെ രണ്ടു കോളനികളായ കോയാലിപറമ്പത്ത്, തെക്കെയിൽ മീത്തൽ ആദിവാസി കോളനികളിലാണ് 70 വയസ്സ് കഴിഞ്ഞവർക്കുപോലും വാക്സിൻ ലഭിച്ചില്ലെന്ന പരാതിയുമായി ഊരുമുപ്പൻ കെ.പി. കോരൻ രംഗെത്തത്തിയത്. കോളനികളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ആദിവാസികൾക്ക് വാക്സിൻ ലഭ്യമാക്കണമെന്ന സർക്കാർ നിർദേശം ലംഘിക്കുകയാണെന്ന ആക്ഷേപമാണ് ഊരുമൂപ്പൻ ഉയർത്തുന്നത്. കോയാലിപറമ്പത്ത് കോളനിയിൽ 21 കുടുംബങ്ങളും, തെക്കെയിൽ മീത്തൽ കോളനിയിൽ 19 കുടുംബങ്ങളുമാണുള്ളത്. പലതവണ ചേളന്നൂർ ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെട്ടതിനുശേഷം ആശാവർക്കർ കോളനിയിൽ വന്ന് വാക്സിൻ ചെയ്യേണ്ട 60 കഴിഞ്ഞവരുടെ പട്ടിക തയാറാക്കി പോയിട്ട് മാസങ്ങളായിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലത്രെ.
മാസത്തിലൊരിക്കൽ കോളനികളിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പ് നിലച്ചിട്ട് വർഷം കഴിഞ്ഞെന്നും കോരൻ പറയുന്നു. ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നിന് കോളനിയിൽ നിന്ന് വാഹനം വിളിച്ച് ചെന്നാൽ മണിക്കൂറുകളോളം ആരോഗ്യകേന്ദ്രത്തിൽ കാത്തുനിൽക്കേണ്ട അവസ്ഥയായതിനാൽ പലരും മരുന്നിന് പോകാൻ മടിക്കുകയാണ്. കോളനിവാസികളോട് നിഷേധാത്മ സമീപനമാണ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ചിലർ വെച്ചുപുലർത്തുന്നതത്രെ. വാക്സിൻ എടുക്കേണ്ടവരുടെ പട്ടിക ജില്ല ട്രൈബൽ ഓഫിസർ മുഖാന്തരം ജില്ല മെഡിക്കൽ ഓഫിസിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും എസ്.ടി പ്രമോട്ടർ സി.എം. ഷീബ പറയുന്നു.
കുന്നിൻ പ്രദേശത്ത് താമസിക്കുന്ന കോളനിവാസികൾക്ക് വൈദ്യപരിശോധനയും ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്ന് ഉൾപ്പെടെയുള്ളവയും എത്തിക്കണമെന്ന ആവശ്യം ശക്തമായി. ചേളന്നൂർ ആദിവാസി കോളനികളിൽ വാക്സിനേഷൻ എടുക്കാൻ അടിയന്തര നടപടി എടുക്കണമെന്നും ഹെൽത്ത് - പഞ്ചായത്ത് അധികൃതർ നിഷ്ക്രിയത്വം വെടിയണമെന്നും കരിമ്പാല സമുദായ ക്ഷേമസമിതി ജില്ല െസക്രട്ടറി കെ.പി. ജിനീഷ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.